2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

സമ്പൂര്‍ണമായി വൈദ്യുതീകരിച്ച പുതുക്കാട് മണ്ഡലത്തില്‍; ഇരുട്ടില്‍ തപ്പിതടഞ്ഞ് ഒരു അങ്കണവാടി

പുതുക്കാട്: പറപ്പൂക്കര പഞ്ചായത്തിലെ തൊട്ടിപ്പാളിലുള്ള നൂറ്റിനാലാം നമ്പര്‍ അങ്കണവാടിയാണ് വൈദ്യുതിയില്ലാതെ ഇരുട്ടില്‍ പ്രവര്‍ത്തിക്കുന്നത്.
പതിനാലു വര്‍ഷം മുന്‍പ് പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ചാണു കെട്ടിടം നിര്‍മിച്ചത്. കെട്ടിടത്തില്‍ വൈദ്യുതീകരണത്തിനായുള്ള നടപടികള്‍ എടുക്കാത്ത പഞ്ചായത്ത് അധികൃതരുടെ അവഗണനയാണ് അങ്കണവാടി ഇരുട്ടിലാകാനുള്ള കാരണമെന്നാണ് ആരോപണം.
പ്രദേശത്തെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികളാണ് ഇവിടെയെത്തുന്നത്. പത്തിലേറെ കുട്ടികളുള്ള അങ്കണവാടിയില്‍ ഒരു എമര്‍ജന്‍സി വിളക്കിന്റെ വെളിച്ചത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. വേനല്‍ ചൂടില്‍ ഉരുകിയും മഴക്കാലത്ത് കൂരിരുട്ടിലുമാണ് കുട്ടികള്‍ കഴിയുന്നത്. രക്ഷിതാക്കളുടെ നിരന്തരമായ പരാതികേട്ട് അങ്കണവാടി ജീവനക്കാര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് മുന്‍പില്‍ എത്തുമ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞു ഒഴിവാക്കിവിടുകയാണ് പതിവ്. സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി അങ്കണവാടി ടീച്ചര്‍ തന്നെയാണ് കെട്ടിടത്തിന്റെ വയറിങ് പൂര്‍ത്തിയാക്കിയത്. എട്ട് വര്‍ഷം മുന്‍പ് വയറിങ് നടത്തിയെങ്കിലും തുടര്‍ നടപടികളെടുക്കാന്‍ അധികൃതര്‍ തയാറായില്ല. വൈദ്യുതീകരണം നടത്താത്ത മണ്ഡലത്തിലെ ഏക അങ്കണവാടിയാണ് തൊട്ടിപ്പാളിലേത്. മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകൃതമായി പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തൊട്ടിപ്പാള്‍ അങ്കണവാടിയെ മാത്രം ഇരുട്ടില്‍ നിന്ന് രക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്‍കൈയടുക്കുന്നില്ലെന്നാണ് ആക്ഷേപം. സാധാരണക്കാരായവരുടെ മക്കള്‍ക്ക് ആശ്രയമായ തൊട്ടിപ്പാളിലെ അങ്കണവാടി കെട്ടിടം വൈദ്യുതീകരിക്കാന്‍ നടപടിയെടുക്കാത്ത പഞ്ചായത്തിനെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എത്രയും വേഗം കെട്ടിടത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കിയില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാര്‍ അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.