2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

സമൂഹമാധ്യമങ്ങളിലെ സദാചാര പൊലിസ്

വാട്‌സ് ആപ്പുകളിലും മറ്റു സാമൂഹമാധ്യമങ്ങളിലും സദാചാര പൊലിസാകുന്നവര്‍ കൂടിവരുന്നു. പലപ്പോഴും വാട്‌സ് ആപ്പുകളിലെ സ്ഥിരം കാഴ്ചയാണ് ഒരു വ്യക്തിയുടെ ചിത്രവും അതിനോടനുബന്ധിച്ചുള്ള കുറിപ്പുകളും സന്ദേശങ്ങളും.
‘ഇത് അന്യമതസ്ഥന്റെ കൂടെ ഒളിച്ചോടിയ പെണ്‍കുട്ടി, ഇവര്‍ പിഞ്ചുകുട്ടിയെ പീഡിപ്പിച്ചവര്‍, ഈ വണ്ടി മോഷണം പോയിട്ടുണ്ട്, ഇവന്‍ കല്യാണ വീരന്‍ എന്നിങ്ങനെ പോകുന്നു അടിക്കുറിപ്പുകള്‍.
പലപ്പോഴും ഇങ്ങനെയുള്ള വാര്‍ത്തകള്‍ക്ക് യാതൊരു ആധികാരികതയും ഉണ്ടാവില്ല. പലരും ഇത്തരം വാര്‍ത്തകള്‍ കാണുന്ന മുറയ്ക്ക് സകല ഗ്രൂപ്പുകളിലേക്കും എന്തോ വലിയ നന്മ ചെയ്യുകയാണെന്ന രീതിയില്‍ കണ്ണുമടച്ചങ്ങ് ഫോര്‍വേഡ് ചെയ്യുകയും ചെയ്യും.
ഇത് പറയാന്‍ കാരണം, കഴിഞ്ഞദിവസം പത്രത്തില്‍ ഒരു വാര്‍ത്ത കാണാനിടയായി. കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കളെ ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് മോഷ്ടാക്കളാണെന്ന് തെറ്റിദ്ധരിച്ച് മര്‍ദിച്ചത്രേ! കാരണം, ഇതുപോലുള്ള വാട്‌സ് ആപ്പ് സന്ദേശം തന്നെ.
സത്യത്തില്‍ അവര്‍ നിരപരാധികളായിരുന്നു. കൂട്ടുകാര്‍ ആരോ ‘പണി’ കൊടുത്തതാണത്രേ.! ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാക്കിന്റെ ബീഫിന്റെ പേരിലുള്ള കൊലപാതകം നടക്കുന്നത് ഇത്തരത്തില്‍ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ച വാര്‍ത്തകളാണെന്ന് നാം ഓര്‍ക്കണം.
നാം ഒരുപക്ഷേ വളരെ നിരുപദ്രവകരമെന്ന് കരുതി ചെയ്യുന്ന ഇത്തരം ഫോര്‍വേഡ് മെസേജുകള്‍, ആ വാര്‍ത്ത അസത്യമാണെങ്കില്‍ അത് ആ വ്യക്തിക്കും കുടുംബത്തിനുമുണ്ടാക്കുന്ന വിഷമം വളരെ വലുതായിരിക്കും.
മരണമോ മറ്റോ സംഭവിച്ചാല്‍ പോലും ഒരുപക്ഷേ അതിന് ഉത്തരവാദി അറിയാതെ തന്നെ നമ്മളായിത്തീരും. അതുകൊണ്ട് ഇത്തരത്തിലുളള വാര്‍ത്തകള്‍ കാണുമ്പോ
ള്‍ കണ്ണും പൂട്ടി പ്രചരിപ്പിക്കു
ന്ന സ്വഭാവം നാം മാറ്റിയേ തീരൂ.

മുഹമ്മദ് ഷരീഫ്,
പടിഞ്ഞാറത്തറ

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News