
വര്‍ഗീയവാദികളാല്‍ മൃഗീയമായി കൊലചെയ്യപ്പെട്ടിട്ടും കലാപത്തീയില്നിന്നു സ്വന്തം നാടിനെ രക്ഷിച്ച അസന്‍സോളിന്റെ ഇമാം ഇംദാദുല്ല സംയമനമാണു മതമെന്നു പഠിപ്പിച്ചു. ഇമാമിന്റെ മകനോടു ഭീകരര്‍ ചെയ്ത ക്രൂരത ആരെയും കണ്ണീരിലാഴ്ത്തുന്നതാണ്. ‘നഖങ്ങള്‍ പിഴുതെടുത്തിരുന്നു. കടുത്ത മര്‍ദനമേറ്റു ശരീരം വിവര്‍ണവും വികൃതവുമായിരുന്നു. മരണസമയത്ത് അവന് അനുഭവിച്ച വേദന അസഹനീയമായിരിക്കണം.’ എന്നു വിഷമത്തോടെ പറഞ്ഞ പിതാവ് തിരിച്ചടിക്കാന്‍ സ്വസമുദായത്തോട് ആജ്ഞാപിച്ചില്ല. ഇമാമെന്നു പറഞ്ഞാല്‍ നാടിനെ നയിക്കുന്നവനാണ്. കലാപത്തീയിലേയ്ക്കു ചാടാനിരുന്ന സമൂഹത്തെ സംയമനത്തില്‍ അടക്കിനിര്‍ത്തി ഇമാം ഇംദാദുല്ല റാഷിദി നിര്‍വഹിച്ചത് ആ ദൗത്യമാണ്. പ്രക്ഷുബ്ധ വേളയില്‍ സംയമനം പാലിച്ച പ്രവാചകന്റെ മാതൃക, ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ അണികളോടു സമാധാനം കൈക്കൊള്ളാന്‍ പറഞ്ഞ ശിഹാബ് തങ്ങളുടെ മാതൃക. ”മകന് നഷ്ടപ്പെട്ടു. എങ്കിലും, മറ്റൊരു കുടുംബത്തിനു കൂടി പ്രിയപ്പെട്ടവരെ നഷ്ടപ്പെടരുത്. ഇനിയും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഞാന്‍ ഈ പള്ളിയും നഗരവും വിട്ടുപോകും” ആഴത്തിലുള്ള മത ജ്ഞാനത്തില്‍ നിന്നും രൂഢമൂലമായ വിശ്വാസത്തില്‍ നിന്നും ഉടലെടുത്ത ശക്തമായ ബോധ്യത്തില്‍ നിന്നായിരുന്നു ഇമാമിന്റെ ആഹ്വാനം പുറപ്പെട്ടത്.