2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സമസ്താലയത്തിന് ഭൂമിദാനം: പച്ചക്കള്ളം പ്രചരിപ്പിക്കുന്നവരറിയാന്‍

‘സമ്പൂര്‍ണതയുടെ രണ്ടു ജീവിതങ്ങള്‍’ എന്ന തലവാചകത്തില്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി എന്നയാള്‍ ഫെബ്രുവരി ഒന്നിന് ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ പച്ചക്കള്ളമാണെന്നു പറയാതിരിക്കാന്‍ വയ്യ. അദ്ദേഹത്തിന്റെ ലേഖനത്തിലെ പരാമര്‍ശം ഇപ്രകാരമായിരുന്നു:

”ഉപ്പായ്ക്കു സംഘടനയോടുള്ള കടപ്പാടു ബോധ്യപ്പെടാന്‍ ചേളാരിയില്‍ ഞങ്ങളുടെ തറവാട്ടുവീടിന്റെ മുറ്റത്ത് ഏകദേശം 18 സെന്റ് സ്ഥലത്തു സ്ഥിതി ചെയ്യുന്ന ‘പഴയ സമസ്താലയം’ തെളിവാണ്. സമസ്തയുടെ പുനഃസംഘാടനത്തിന് എത്രയോ മുമ്പ് കോഴിക്കോട്ടു ചേര്‍ന്ന യോഗത്തില്‍ സമസ്തയ്‌ക്കൊരു സ്ഥാപനം വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരുന്നു. അതാണ് ഈയൊരു സ്ഥാപനത്തിന്റെ നിര്‍മിതിയിലേക്കു നയിച്ചത്. ആ സ്ഥാപനം തന്റെ നാട്ടില്‍ത്തന്നെയാകണമെന്ന താല്‍പര്യം ഉപ്പക്കുണ്ടായി. സ്വന്തംസ്ഥലം ദാനംനല്‍കാന്‍ അദ്ദേഹം തയാറാകുകയായിരുന്നു.”
സയ്യിദ് ഫള്‌ല് ജമലുല്ലൈലി എന്നവരുടെ മഹത്വം അവതരിപ്പിക്കാന്‍ മകന്‍ എഴുതിവിട്ടതു പച്ചക്കള്ളമാണ്. ഇതു കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയെപ്പോലും ലജ്ജിപ്പിക്കുന്നതായിപ്പോയി. സമസ്തയ്ക്കു വേണ്ടി ദാനംചെയ്‌തെന്നു പറയുന്ന ആ സ്ഥലം ഏതാണാവോ. അതിന്റെ ഒരു തുണ്ടു രേഖ കാണിക്കാനാവുമോ. എഴുതിപ്പിടിപ്പിച്ച പത്രം നാലക്കത്തില്‍ താഴെ മാത്രം കോപ്പിയായതുകൊണ്ടു മാലോകര്‍ അറിയില്ലെങ്കിലും ഇതെല്ലാം കാണുന്ന ഒരുത്തനുണ്ടെന്ന ബോധ്യമെങ്കിലും ഈ ശറഫുദ്ദീന്‍ ജമലുല്ലൈലിക്ക് ഉണ്ടാവേണ്ടതായിരുന്നു. അന്യനാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാമെന്നു കരുതാമെങ്കിലും എല്ലാമറിയുന്ന നാട്ടുകാരില്‍ ചിലര്‍ ഇന്നും ഇവിടെ ഹയാത്തോടെ ജീവിച്ചിരിപ്പുണ്ടെന്ന കാര്യമെങ്കിലും ഈ മകന്‍ ഓര്‍ക്കേണ്ടതായിരുന്നു.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് ആസ്ഥാനം പണിയാന്‍ സ്ഥലം ലഭ്യമാക്കണമെന്ന ആലോചന നടന്ന വിദ്യാഭ്യാസ ബോര്‍ഡ് യോഗത്തില്‍ അന്നത്തെ ഉമറാക്കളില്‍ പ്രധാനിയും ദീനിസ്‌നേഹിയുമായിരുന്ന മാന്നാര്‍ പി.എ അബ്ദുല്‍ഖാദിര്‍ കുഞ്ഞുഹാജിയുടെ പ്രഖ്യാപനം ഇതായിരുന്നു: ”എനിക്കു ചേളാരിയില്‍ സ്ഥലമുണ്ട്. അതു സമസ്തയ്ക്കുവേണ്ടി സൗജന്യമായി ഞാന്‍ വിട്ടുതരാം. അവിടെ ആസ്ഥാനം പണിയണം.” അങ്ങനെ അബ്ദുല്‍ഖാദിര്‍ കുഞ്ഞുഹാജി നല്‍കിയ സ്ഥലമാണ് തന്റെ ‘ഉപ്പ ദാനമായി നല്‍കിയതാണെ’ന്നു ലേഖകന്‍ തട്ടിവിട്ടത്.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആധാരം പരിശോധിച്ചാലും ചേളാരിയിലെ ചരിത്രമറിയുന്നവരോട് അന്വേഷിച്ചാലും ഇതിലെ വസ്തുത വ്യക്തമാകും. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യുട്ടിവ് അംഗം കൂടിയായ മാന്നാര്‍ പി.എ അബ്ദുല്‍ഖാദിര്‍ കുഞ്ഞുഹാജി നേരിട്ട് വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായിരുന്ന അയനിക്കാട് ഇബ്്‌റാഹിം മുസ്്‌ലിയാര്‍ക്ക് എഴുതിക്കൊടുത്തതാണ് പ്രസ്തുത ആധാരം. അതില്‍ ഇങ്ങനെ വായിക്കാം: ‘1970 നവംബര്‍ 13ന് പരപ്പനങ്ങാടി സബ് രജിസ്ട്രാര്‍ ഓഫിസില്‍ ചെങ്ങന്നൂര്‍ താലൂക്ക് കുരടിശ്ശേരി മുറിയില്‍ മുല്ലശ്ശേരി ബംഗ്ലാവില്‍ താമസിക്കും കിഴക്കെ പാലക്കീഴില്‍ അസ്സനാരുകുഞ്ഞു എന്നവരുടെ മകന്‍ ഇപ്പോള്‍ തിരൂര്‍ താലൂക്ക് തേഞ്ഞിപ്പലം അംശം ദേശത്ത് ‘കാദിരിയ്യ മന്‍സി’ലില്‍ താസമിക്കും 43 വയസ്സ് വ്യവസായി ഹാജി പി.എ.അബ്ദുല്‍ഖാദിര്‍ കുഞ്ഞുഹാജി കോഴിക്കോട് താലൂക്ക് നഗരംശം ദേശത്ത് കോഴിക്കോട് ടൗണില്‍ ഹെഡ് ഓഫിസായി പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കീഴ്ഘടകവും ഇപ്പോള്‍ പരപ്പനങ്ങാടി ഓഫിസായി പ്രവര്‍ത്തിക്കുന്നതുമായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഇപ്പോഴത്തെ പ്രസിഡന്റായ കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് മേലടി അംശം കണ്ണംകുളം ദേശത്ത് തൈവളപ്പില്‍ താമസിക്കും കലന്തന്‍കുട്ടി മുസ്‌ലിയാര്‍ എന്നവരുടെ മകന്‍ ഖാസി 65 വയസ് പുത്തന്‍പുരയില്‍ കുറ്റിയില്‍ ഇബ്്‌റാഹീം മുസ്‌ലിയാര്‍ എന്നവരെ പേര്‍ക്ക് പ്രസിഡന്റ് നിലക്ക് മാത്രം എഴുതിക്കൊടുക്കുന്ന വഖ്ഫാധാരം…..’

ഹാജി പി.എ. അബ്ദുല്‍ഖാദിര്‍ കുഞ്ഞു രണ്ടു സാക്ഷികള്‍ മുഖേന ഒപ്പുവച്ചു നല്‍കിയ ആധാരത്തിലെ വാചകങ്ങളാണു മേല്‍ ഉദ്ധരിച്ചത്. വസ്തു പട്ടികയും ആധാരത്തില്‍ കൃത്യമായി ചേര്‍ത്തിട്ടുണ്ട്. ഈ രേഖയില്‍ എവിടെയും മേല്‍ പറഞ്ഞവ്യക്തികള്‍ക്ക് ഒരു അവകാശമോ അധികാരമോ ഇല്ലെന്ന് വ്യക്തമാകും. അവകാശത്തര്‍ക്കങ്ങളുടെ പഴം പുരാണങ്ങളിലേക്കും ചേളാരിയിലെ വസ്തു വഹകളുടെ ഉടമസ്താവകാശങ്ങളിലേക്കും തുറന്ന ചര്‍ച്ച നടത്തുന്നത് എത്രത്തോളം ആരോഗ്യകരമായിരിക്കുമെന്നത് പ്രസ്തുത ലേഖകന് തന്നെ അറിയാവുന്നതാണല്ലോ?
കളവു മാത്രം പറയാനും എഴുതാനും പരിശീലിപ്പിച്ച ഒരു നേതാവിന്റെ അനുയായിയാണെന്ന് പ്രഖ്യാപിക്കാന്‍ ശ്രമിക്കുമ്പോഴും സ്വന്തം ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയ ചര്‍ച്ചയ്ക്ക് അത് വകവയ്ക്കുമെന്ന് ഓര്‍ക്കുന്നത് നന്ന്.

എ. ഉണ്ണീന്‍ ഹാജി, ചേളാരി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.