2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സമസ്തയുടെ യതീംഖാനകള്‍ക്ക് ബാലനീതി നിയമം ബാധകമാക്കരുതെന്ന് സുപ്രിംകോടതി

സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം

 

യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: സമസ്തക്ക് കീഴിലെ യതീംഖാനകള്‍ക്ക് ബാലനീതി നിയമപ്രകാരമുള്ള നിര്‍ദേശങ്ങള്‍ ബാധകമാക്കരുതെന്ന് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ബാലനീതി നിയമത്തിന് കീഴില്‍ യതീംഖാനകള്‍ വരില്ലെന്ന സമസ്തയുടെ വാദം സംബന്ധിച്ച് വിശദമായി പരിശോധിക്കാമെന്നും കോടതി അറിയിച്ചു. യതീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴിലുള്ള യതീംഖാനകള്‍ സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് മുന്‍പാകെയുള്ളത്.
ബാലനീതി നിയമപ്രകാരം ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കേണ്ട സൗകര്യങ്ങള്‍ തങ്ങളുടെ യതീംഖാനകളിലുണ്ടെന്ന് സമസ്തക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസൈഫ അഹമ്മദി, പി.എസ് സുല്‍ഫിക്കര്‍ അലി, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ കോടതിയില്‍ വാദിച്ചു. പാര്‍ലമെന്റ് പാസാക്കിയ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് നിയമപ്രകാരമാണ് യതീംഖാനകള്‍ പ്രവര്‍ത്തിക്കുന്നത്. വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ ബോര്‍ഡിന് അധികാരമുണ്ട്. യതീഖാനകളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്. ഇക്കാര്യം സര്‍ക്കാരിന് പരിശോധിക്കാമെന്നും അഭിഭാഷകര്‍ പറഞ്ഞു. തുടര്‍ന്ന് സമസ്തക്ക് കീഴിലെ ഇരുനൂറിലേറെയുള്ള യതീംഖാനകളിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങള്‍, സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച 1500ലേറെ പേജ് വരുന്ന റിപ്പോര്‍ട്ട് ഹരജിക്കാര്‍ സമര്‍പ്പിച്ചു. ഇത് അംഗീകരിച്ച കോടതി യതീംഖാനകളിലെ സാഹചര്യങ്ങള്‍ സര്‍ക്കാരിനും അമിക്കസ് ക്യൂറിക്കും പരിശോധിക്കാമെന്ന് വാക്കാല്‍ നിര്‍ദേശിച്ചു.
യതീംഖാനകള്‍ക്ക് യാതൊരു ഇളവും നല്‍കരുതെന്നും ബാലനീതി നിയമപ്രകാരവും ശിശുസംരക്ഷണനിയമപ്രകാരവും രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് വാദിച്ചു. ഇളവുനല്‍കിയാല്‍ ഭാവിയില്‍ പല സ്ഥാപനങ്ങളും ഒഴിവുകഴിവുകള്‍ ആവശ്യപ്പെട്ട് മുന്നോട്ടുവരാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. ഇതിനുപിന്നാലെയാണ് കേസില്‍ അന്തിമവിധി വരുന്നതുവരെ യതീംഖാനകള്‍ക്ക് ബാലനീതി നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ ബാധകമാക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയത്. ഇതോടെ കോടതിയുടെ നിര്‍ദേശം സ്‌റ്റേ ചെയ്യണമെന്ന് അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചെങ്കിലും വിഷയത്തില്‍ വിശദമായി വാദംകേള്‍ക്കുന്നതുവരെയാണ് നിര്‍ദേശമെന്ന് വ്യക്തമാക്കി ആവശ്യം കോടതി നിരസിച്ചു.
യതീംഖാനകള്‍ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതോടെ ആത്മീയ, ന്യൂനപക്ഷ സ്വഭാവം നഷ്ടപ്പെടുമെന്ന് ഹരജിക്കാരന്‍ വാദിച്ചു. യതീംഖാനകളിലെ അന്തേവാസികള്‍ ശിശുസംരക്ഷണസമിതിക്കു കീഴിലുള്ള മറ്റുസ്ഥാപനങ്ങളിലേക്കു മാറ്റപ്പെടാനും സാധ്യതയുണ്ട്. അതുവഴി കുറ്റവാസനയുള്ള കുട്ടികളോടൊപ്പം യതീംഖാനാ അന്തേവാസികളും കഴിയേണ്ടിവരും. ബഹുഭൂരിഭാഗം യതീംഖാനകളും വഖ്ഫ് സ്വത്താണെന്നും സമസ്ത വാദിച്ചു.
കേസ് നേരത്തെ പരിഗണിക്കുന്നതിനിടെ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത യതീംഖാനകളുടെ വിവരങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം സര്‍ക്കാര്‍ ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നു വിമര്‍ശിച്ച കോടതി, വിശദമായ റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.