2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

സമരം സാംസ്‌കാരിക കേരളം ഏറ്റെടുത്തു

 

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നടന്നുവരുന്ന സമരത്തിന് സാംസ്‌കാരിക കേരളത്തിന്റെ പിന്തുണ. അഞ്ചാംദിവസമായ ഇന്നലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുള്‍പ്പെടെ നിരവധിപേരാണ് സമരപ്പന്തലിലെത്തിയത്. സര്‍ക്കാരിനും പൊലിസിനും സഭയ്ക്കുമെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഇന്നലെ ഉയര്‍ന്നത്. സഭയുടെയും സര്‍ക്കാരിന്റെയും കണ്ണുതുറപ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും പ്രഖ്യാപനമുണ്ടായി. വ്യക്തമായ തെളിവുകളോടെ പരാതിനല്‍കി 76 ദിവസം പിന്നിട്ടിട്ടും ബിഷപ്പിനെ അറസ്റ്റ്‌ചെയ്യാന്‍ വൈകുന്ന ഡി.ജി.പി കേരളത്തിന്റെ ഡി.ജി.പി തന്നെയാണോയെന്ന ചോദ്യവും ഉയര്‍ന്നു. രാവിലെ രണ്ട് കന്യാസ്ത്രീകള്‍ മാത്രമായിരുന്നു സമരവേദിയിലുണ്ടായിരുന്നതെങ്കിലും ഉച്ചയോടെ മൂന്നു കന്യാസ്ത്രീകള്‍കൂടി എത്തി. പരാതിക്കാരിയുടെ രണ്ട് സഹോദരിമാരും ഇന്നലെയും സമരത്തില്‍ പങ്കെടുത്തു. 

ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന നിലപാടില്‍ കന്യാസ്ത്രീകള്‍ ഉറച്ചുനില്‍ക്കുകയാണ്. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിക്കുവേണ്ടി റിമ കല്ലിങ്കല്‍ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യപ്രമേയം വായിച്ചു. സംസ്ഥാനസര്‍ക്കാരും വനിതാ കമ്മിഷനും നീതിയോടൊപ്പം നില്‍ക്കണമെന്ന് വുമണ്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി) ആവശ്യപ്പെട്ടു. മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ്, ആര്‍.എം.പി നേതാവ് കെ.കെ രമ, എ.ഐ.സി.സി അംഗം ദീപ്തി മേരി വര്‍ഗീസ്, മുന്‍ പി.എസ്.സി ചെയര്‍മാന്‍ കെ.എസ് രാധാകൃഷ്ണന്‍, ബി.ജെ.പി നേതാക്കളായ എ.എന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, വി.എസ് സര്‍ക്കാരിന്റെ മുന്‍ ഐ.ടി ഉപദേഷ്ടാവ് ജോസഫ് സി.മാത്യു, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, സുനില്‍ പി.ഇളയിടം, ശാരദക്കുട്ടി ടീച്ചര്‍, കല്‍പ്പറ്റ നാരായണന്‍, എം.വി ബെന്നി, ആഷിഖ് അബു, ബിജിപാല്‍, ശഹബാസ് അമന്‍ തുടങ്ങിയവരും പിന്തുണയുമായെത്തി.
നിയമം നടപ്പാക്കുന്നതിന് തടസം നില്‍ക്കുന്നവരെ മാറ്റിനിര്‍ത്തണമെന്ന് സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു. കത്തോലിക്കാ സഭക്കെതിരായ സമരമായി ഇതിനെ മാറ്റാനാണ് ബിഷപ്പിന്റെ ശ്രമം. ഇത് തിരുത്തേണ്ടത് കത്തോലിക്കാ സഭ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ഭരിക്കുന്നത് വേട്ടക്കാരുടെ കൂട്ടുകാരെന്ന് സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആര്‍.എം.പി നേതാവ് കെ.കെ രമ പറഞ്ഞു.
ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ മിഷന്‍, കെ.എസ്.യു, വിങ്‌സ് കേരള തുടങ്ങിയ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചെത്തി. സേവ് അവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി നിരവധി ക്രൈസ്തവ വിശ്വാസികളും എത്തുന്നുണ്ട്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.