2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

സമനില തെറ്റിയില്ല; സാധ്യത മങ്ങി

#ജലീല്‍ അരൂക്കുറ്റി

കൊച്ചി: ആളും ആരവും നിലച്ച ഗാലറിക്ക് മുന്നില്‍ കരുത്തരായ ജംഷഡ്പൂര്‍ എഫ്.സിക്കെതിരേയും കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ ആറാം തവണയും സമനിലകുരുക്കില്‍ വീണ ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനല്‍ സാധ്യതകള്‍ മങ്ങി.
ഗോള്‍ അടിക്കാന്‍ ലഭിച്ച അവസരങ്ങള്‍ ലക്ഷ്യത്തില്‍ എത്തിക്കാന്‍ കഴിയാതെ വന്നത് ജംഷഡ്പൂരിനെതിരേയും തിരിച്ചടിയായി. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം 66 ാം മിനുട്ടില്‍ കാര്‍ലോസ് കാല്‍വോയുടെ പെനാല്‍ട്ടി ഗോളിലൂടെ മുന്നിലെത്തിയ ജംഷഡ്പൂരിനെ പത്ത് മിനുട്ടിനുള്ളില്‍ സമനില പിടിക്കാന്‍ കഴിഞ്ഞതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസം.
77 ാം മിനുട്ടില്‍ ദുംഗലിന്റെ ഗോളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചത്. 10 കളികളില്‍ നിന്ന് ഒന്‍പത് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 11 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. പതിവ് പോലെ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തോടെയാണ് പോരാട്ടം തുടങ്ങിയത്. ഏഴാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണാവസരം. സഹല്‍ അബ്ദുള്‍ സമദ് ബോക്‌സിലേക്ക് നല്‍കിയ പാസ് ബോക്‌സിനുള്ളില്‍ സ്‌റ്റൊയാനോവിച്ചിന്റെ കാലില്‍ കിട്ടുമ്പോള്‍ ഗോളി മാത്രമായിരുന്നു മുന്നില്‍.
പക്ഷെ പന്ത് ലക്ഷ്യം കാണാതെ പുറത്തേക്ക്. 12 ാം മിനുട്ടില്‍ ബോക്‌സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീകിക്കും മുതലാക്കാന്‍ കഴിഞ്ഞില്ല. 21ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ ശ്രമത്തിന് മുന്നില്‍ വിലങ്ങുതടിയായി ക്രോസ് ബാര്‍ നിന്നു. സഹലിന്റെ ശ്രമം ഗോളായി മാറിയില്ല. 34 ാം മിനുട്ടില്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച സുവര്‍ണാവസരവും മുതലാക്കാനായില്ല. മെമോയുടെ ഗോള്‍ ലൈന്‍ രക്ഷപ്പെടുത്തലാണ് തിരിച്ചടിയായത്. നിരന്തരമായ മുന്നേറ്റങ്ങള്‍ ജംഷഡ്പൂരിനൊപ്പം ബ്ലാസ്റ്റേഴ്‌സിനെയും മുന്നോട്ട് നയിച്ചെങ്കിലും ഗോളാക്കി മാറ്റുന്നതിന് കഴിയാതെ പോയി.
കളിയുടെ ഗതിക്കെതിരായി 66 ാം മിനുട്ടില്‍ ജംഷഡ്പൂര്‍ പെനാല്‍ട്ടിയിലൂടെ മുന്നിലെത്തി. മൈതാനമധ്യത്തു നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ടിം കാഹിലിനെ മുന്നോട്ടു കയറിവന്ന ഗോള്‍കീപ്പര്‍ ധീരജ് സിങ് വീഴ്ത്തിയതിനായിരുന്നു പെനാല്‍ട്ടി. കിക്കെടുത്ത കാര്‍ലോസ് കാല്‍വോയ്ക്ക് ലക്ഷ്യം പിഴച്ചില്ല. പന്ത് വലയില്‍. സ്‌കോര്‍: 0-1. പിന്നീട് തിരിച്ചടിക്കാനുള്ള ആവേശത്തിനൊടുവില്‍ 76 ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. സുന്ദരമായ മുന്നേറ്റത്തിനൊടുവില്‍ സ്‌റ്റൊയാനോവിച്ചിന്റെ പാസില്‍ ദുംഗലാണ് സമനില ഗോള്‍ നേടിയത്.

മഞ്ഞളിച്ച ഗാലറി

കിരണ്‍ പുരുഷോത്തമന്‍
കൊച്ചി: പന്ത്രണ്ടാമനായി ആവേശം വിതറിയ മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സിനെ കൈയ്യൊഴിഞ്ഞു. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് കളിക്കിറങ്ങിയപ്പോഴൊക്കെ ആവേശം പകര്‍ന്നിരുന്നത് അയ്യായിരത്തിലധികം വരുന്ന മഞ്ഞപ്പട ആരാധകരായിരുന്നു. തങ്ങളുടെ ടീമിനെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചിരുന്ന ഈ ആരാധകരെ മരുന്നിനു പോലും ഇന്നലെ കാണാനുണ്ടായില്ല.
പോരാട്ടങ്ങള്‍ ആഘോഷമാക്കിയ ആരാധകരുടെ ഈ ബഹിഷ്‌കരണം മാനേജ്‌മെന്റിനെ ഞെട്ടിച്ചിരിക്കുകയാണ്്. സ്റ്റേഡിയത്തിലെത്തിയ ചിലരാകട്ടെ കറുത്ത തുണികൊണ്ട് മുഖംമറച്ചിരുന്നു.
അരലക്ഷത്തിനടുത്ത് കാണികള്‍ എത്തിയിരുന്ന ഗാലറിയിലേക്ക് ഇന്നലെ വന്നത് 5000 താഴെ ആളുകള്‍ മാത്രം. ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ലോതര്‍ മത്തേവൂസും ഇന്നലെ മത്സരം കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.