2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

സമനില തെറ്റാതെ ചതുര്‍ദിനം

 

കൃഷ്ണഗിരി(വയനാട്): ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് ചതുര്‍ദിന മത്സരം സമനിലയില്‍ പിരിഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ 200 റണ്‍സിന്റെ ലീഡ് നേടി വിജയം കൊതിച്ച ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സിനെ ബാറ്റിങിനയച്ചെങ്കിലും ഒരു ദിവസം മുഴുവന്‍ ക്രീസില്‍ നിലയുറപ്പിച്ച് ലയണ്‍സ് സമനില പിടിച്ചെടുക്കുകയായിരുന്നു.
ഇന്ത്യ എ ബൗളര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ലയണ്‍സിന്റെ അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്താന്‍ സാധിച്ചത്. അവസാന ദിനത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെന്ന നിലയില്‍ നില്‍ക്കെ ഇരു ക്യാപ്റ്റന്‍മാരും സമനില സമ്മതിച്ച് കളി അവസാനിപ്പിക്കുകയായിരുന്നു. നാലാംദിനത്തില്‍ ഒലി പോപ്പും സാം ഹെയ്‌നുമാണ് ലയണ്‍സിനെ രക്ഷിച്ചത്. ഇരുവരും അര്‍ധശതകം കണ്ടെത്തി ക്രീസില്‍ പിടിച്ചു നിന്നതാണ് ഇന്ത്യ എയുടെ വിജയത്തിന് തടസമായത്.

നാലാംദിനത്തില്‍ ലയണ്‍സിന്റെ ആദ്യ വിക്കറ്റ് വീണത് ടീംടോട്ടല്‍ 63ലാണ്. 30 റണ്‍സെടുത്ത ബെന്‍ ഡുക്കറ്റിനെ ആവേശ് ഖാന്റെ പന്തില്‍ കെ.എല്‍ രാഹുല്‍ പിടികൂടി. 81ല്‍ രണ്ടാം വിക്കറ്റും വീണതോടെ ഇന്ത്യന്‍ ക്യാംപില്‍ പ്രതീക്ഷകള്‍ മുളച്ചു. 29 റണ്‍സെടുത്ത മാക്‌സ് ഹോള്‍ഡന്‍ ജലജ് സക്‌സേനയുടെ പന്തില്‍ സില്ലി പോയിന്റില്‍ ഈശ്വരന്റെ കൈകളിലവസാനിച്ചു. എന്നാല്‍ തുടര്‍ന്നെത്തിയ സാം ഹെയ്‌നും ഒലി പോപ്പും 40 ഓവറുകള്‍ ക്രീസില്‍ നിന്ന് ഇന്ത്യയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. 63 റണ്‍സെടുത്ത ഒലി പോപ്പ് പുറത്താവുമ്പോള്‍ ലയണ്‍സ് 186 റണ്‍സെന്ന നിലയിലായിരുന്നു. 198ല്‍ ക്യാപ്റ്റന്‍ സാം ബില്ലിങ്‌സും വീണു. തൊട്ടുപിന്നാലെ അതേ സ്‌കോറില്‍ 57 റണ്‍െസെടുത്ത സാം ഹെയ്ന്‍ വീണെങ്കിലും നാലാംദിവസത്തെ സമയം ഏതാണ്ട് അവസാനിച്ചിരുന്നു. 15 ഓവറുകള്‍ കൂടി ബാക്കി നില്‍ക്കെയാണ് ഇരു ക്യാപ്റ്റന്‍മാരും സമനില സമ്മതിച്ച് കളി അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ മഴയുമെത്തി. ഇരട്ട സെഞ്ചുറി നേടിയ പ്രിയങ്ക് പഞ്ചാലാണ് കളിയിലെ താരം. അടുത്ത മത്സരം 13 മുതല്‍ മൈസൂരുവിലാണ് നടക്കുക.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News