2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

സഭാസ്തംഭനം: നരേന്ദ്ര മോദി നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

  • ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി: ശൈത്യകാല സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കേ സഭയില്‍ പ്രതിപക്ഷത്തെ നേരിടാനുള്ള തന്ത്രങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമവിദഗ്ദരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് മോദി ബി.ജെ.പിയിലെ നിയമവിദഗ്ദരുമായി കൂടിക്കാഴ്ച നടത്തിയത്.

1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിപ്പിക്കുന്നതിനെത്തുടര്‍ന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനുമുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ചര്‍ച്ച. കൂടാതെ മോദിക്കെതിരേ അഴിമതി ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്തു വന്നതിനെയും തടയിടാനാണ് ബി.ജെ.പിയുടെ നീക്കം.

നോട്ട് നിരോധനത്തെക്കുറിച്ച് തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി സഭയില്‍ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ മോദി ഇതുവരെ ഇക്കാര്യത്തില്‍ സഭയ്ക്കകത്ത് പ്രതികരിച്ചിരുന്നില്ല.

കൂടാതെ ഈ വിഷയത്തില്‍ 15 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ന് പാര്‍ലമെന്റില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തെത്തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് അടിയന്തരമായി പരിഹരിക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ മുഖ്യ ആവശ്യം.

അതേ സമയം അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ശൈത്യകാല സമ്മേളനത്തിന്റെ അവസാന ദിവസമാണ് ഇന്ന്. ഇത്തവണ സഭ കൂടിയ എല്ലാ ദിവസവും സഭ സ്തംഭിച്ച് ചര്‍ച്ചകളൊന്നും നടന്നിരുന്നില്ല. നോട്ട് അസാധുവാക്കല്‍ വിഷയത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി സഭയില്‍ രംഗത്തിറങ്ങിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.