2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

സഭയറിയാതെ ദേവസ്വം വകുപ്പിലേക്ക് ധനാഭ്യര്‍ഥന

വി. അബ്ദുല്‍ മജീദ്

ഏതെല്ലാം വകുപ്പുകളിലേക്കാണ് ധനാഭ്യര്‍ഥന നടക്കുന്നതെന്ന് കാര്യവിവരപ്പട്ടികയില്‍ മുന്‍കൂട്ടി വ്യക്തമാക്കുക എന്നതാണ് പതിവു രീതി. ഇന്നലെ ആ രീതി തെറ്റി. കാര്യവിവരപ്പെട്ടികയില്‍ ധനാഭ്യര്‍ഥനാ ലിസ്റ്റില്‍ അഞ്ച് ഇനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ ദേവസ്വം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മിക്ക അംഗങ്ങളും ദേവസ്വത്തിന്റെ കാര്യം അറിഞ്ഞില്ലെങ്കിലും ചര്‍ച്ചയ്ക്ക് പേരു നല്‍കിയ അംഗങ്ങളില്‍ പലരും അത് എങ്ങനെയോ അറിഞ്ഞിരുന്നു. അവരത് ചര്‍ച്ചയില്‍ പരാമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ മറുപടി പറയാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എഴുന്നേറ്റപ്പോഴാണ് മറ്റംഗങ്ങള്‍ വിവരമറിയുന്നത്. ഇതു കുറച്ചുനേരം തര്‍ക്കത്തിനിടയാക്കി. പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു ബഹളമുണ്ടാക്കി. റവന്യൂവിനോടു ചേര്‍ന്നാണ് ദേവസ്വം വരുന്നതെന്നും അതു ചേര്‍ക്കാന്‍ വിട്ടുപോയതായിരിക്കുമെന്നും മന്ത്രി വിശദീകരിച്ചെങ്കിലും അതു ശരിയല്ലെന്നായി പ്രതിപക്ഷം. കാര്യവിവരപ്പട്ടികയില്‍ ചേര്‍ത്തില്ലെങ്കില്‍ നിയമപരമായി തന്നെ അതു തെറ്റാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാദം. ഒടുവില്‍ പ്രതിപക്ഷം ശാന്തമായതോടെ മന്ത്രി മറുപടി തുടര്‍ന്നെങ്കിലും ദേവസ്വം ബോര്‍ഡുകളെക്കുറിച്ചുള്ള ഭിന്നാഭിപ്രായങ്ങളുയര്‍ന്ന് അതു തര്‍ക്കമായി മാറി.
ക്ഷേത്രഭരണം നടത്തുന്ന കമ്മിറ്റികളില്‍ ഉപദേശകസമിതി എന്ന പേരില്‍ ആര്‍.എസ്.എസുകാര്‍ കടന്നുകൂടുന്നുണ്ടെന്നും അവരുടെ മുന്‍കൈയില്‍ നടക്കുന്ന ആയുധപരിശീലനത്തെ കമ്മിറ്റികളിലെ കോണ്‍ഗ്രസുകാര്‍ സഹായിക്കുന്നു എന്നുമുള്ള മന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. അവര്‍ ബഹളംവച്ച് സഭയുടെ നടുത്തളത്തിലേക്കു നീങ്ങി. കോണ്‍ഗ്രസിന്റെ പേരില്‍ മന്ത്രി അനാവശ്യമായി വര്‍ഗീയാരോപണം ഉന്നയിക്കുകയാണെന്നും മലപ്പുറത്തെ വോട്ടര്‍മാരെ വര്‍ഗീയത പറഞ്ഞ് അധിക്ഷേപിച്ചത് ഇതേ മന്ത്രിയാണെന്നും ചെന്നിത്തല. കോണ്‍ഗ്രസുകാരനായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പലപ്പോഴും വര്‍ഗീയവാദിയെപ്പോലെയാണ് സംസാരിക്കുന്നതെന്ന മന്ത്രിയുടെ പരമാര്‍ശവും പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി.
എന്നാല്‍ മന്ത്രിയെ പി.സി ജോര്‍ജ് ശരിവച്ചു. മുഖ്യമന്ത്രി വിളിച്ച ഒരു യോഗത്തില്‍ ഈ വ്യക്തി വര്‍ഗീയമായി സംസാരിക്കുന്നതു താന്‍ കേട്ടിണ്ടുട്ടെന്നും താങ്കള്‍ക്ക് എന്തുപറ്റിയെന്ന് താന്‍ ചോദിച്ചന്നും ജോര്‍ജ്.
ധനാഭ്യര്‍ഥന ചര്‍ച്ച പലപ്പോഴും കെ.എം മാണിയിലേക്കും മന്ത്രി എം.എം മണിയിലേക്കും നീങ്ങി. മുഖ്യമന്ത്രി പിണറായി വിജയന് എന്തൊക്കെ കുഴപ്പമുണ്ടെങ്കിലും അഴിമതിക്കാരനാണെന്ന് താന്‍ പറയില്ലെന്ന് കെ. മുരളീധരന്‍. എന്നാല്‍ ഇപ്പോള്‍ പിണറായിക്കു ചുറ്റും നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ കറങ്ങുന്നുണ്ട്. ചിലരെ ചുമന്നാല്‍ ചുമന്നവര്‍ എന്തൊക്കെയോ ആകുമെന്ന ചൊല്ല് ഓര്‍ക്കണമെന്ന് പിണറായിക്ക് മുരളീധരന്റെ ഉപദേശം. മാണി സഭയില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കോലാഹലമുണ്ടാക്കി തടയാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ ആനയും അമ്പാരിയുമായി അദേഹത്തെ സ്വീകരിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
മൂന്നാറിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ പോകാന്‍ ഉദ്യോഗസ്ഥരോടു റവന്യൂ മന്ത്രി പറയുമ്പോള്‍ അവര്‍ വന്നതുപോലെ തിരിച്ചുപോകില്ലെന്നാണ് നാടന്‍ ഭാഷ പറയുന്ന മന്ത്രി പറയുന്നതെന്ന് പി. ഉബൈദുല്ല. മണിയെ സര്‍ക്കാര്‍ വക്താവാക്കിയാല്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നാടന്‍ ഭാഷയില്‍ ജനങ്ങളിലെത്തിക്കുമെന്ന് എം. ഉമ്മര്‍ പറഞ്ഞതില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപെട്ടത് അല്‍പസമയം ബഹളത്തിനിടയാക്കി. വിദ്യാഭ്യാസമില്ല എന്നതിന്റെ പേരില്‍ മണിയെ അപമാനിക്കരുതെന്നും അദ്ദേഹം തോട്ടം തൊഴിലാളിയായി ജീവിച്ചയാളാണെന്നും കടകംപള്ളി. എം.വി രാഘവനും സീതിഹാജിയുമൊക്കെ ഉണ്ടായിരുന്ന സഭയാണിതെന്നും അവരൊക്കെ പറഞ്ഞ പല കാര്യങ്ങളും ഇതുപോലെ വിവാദമായിട്ടില്ലെന്നും മന്ത്രി എ.കെ ബാലന്‍. റവന്യൂ മന്ത്രി ഇടുക്കി ജില്ലയില്‍ കയറണമെങ്കില്‍ മണിയുടെ അനുമതി വേണമെന്ന് മുഖ്യമന്ത്രി പറയുന്നത് മാന്യതയ്ക്കു നേരെയുള്ള കടന്നുകയറ്റമാണെന്ന് തിരുവഞ്ചൂര്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.