2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

സന്നിധാനത്ത് സംഘ്പരിവാറിനെ സഹായിച്ചത് ഐ.ജി

തിരുവനന്തപുരം: ചിത്തിര ആട്ടത്തിരുന്നാളിനു സന്നിധാനം അടക്കിവാഴാന്‍ സംഘ്പരിവാറുകാരെ സഹായിച്ചതു സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐ.ജിയുടെ വീഴ്ചയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസുകാരാണ് സന്നിധാനത്ത് സുരക്ഷയൊരുക്കിയത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഡി.ജി.പിയോടു വിശദീകരണം തേടിയിട്ടുണ്ട്.
ആര്‍.എസ്.എസ് , ബി.ജെ.പി നേതാക്കളായ വത്സന്‍ തില്ലങ്കേരി, കെ.സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സന്നിധാനത്ത് എത്തുമെന്നും കലാപ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നാല് എസ്.പിമാരുടെ നേതൃത്വത്തില്‍ 50 വയസു കഴിഞ്ഞ 15 വനിതാ പൊലിസും കമാന്‍ഡോ സംഘവും ഉള്‍പ്പെടെ 1,500ല്‍ അധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സന്നിധാനത്ത് നിയോഗിച്ചത്. ഐ.ജി അജിത്കുമാറിനായിരുന്നു സന്നിധാനത്തിന്റെ ചുമതല. ഭക്തരെ ദര്‍ശനം കഴിഞ്ഞാല്‍ അവിടെ തങ്ങാന്‍ അവസരമൊരുക്കരുതെന്നും മുറികള്‍ അനുവദിക്കരുതെന്നും കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്തെ മുറികള്‍ പൂട്ടുകയും താക്കോല്‍ പൊലിസ് ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഐ.ജിയുടെ അനുമതിയോടെ ആര്‍.എസ്.എസ് നേതാക്കള്‍ക്ക് സന്നിധാനത്ത് തങ്ങാന്‍ സൗകര്യമൊരുക്കിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചിനു രാത്രിയില്‍ നടപ്പന്തലില്‍ കൂട്ടമായി എത്തിയവര്‍ക്കു തങ്ങാനും പൊലിസ് അവസരമൊരുക്കി.
മല കയറിയവര്‍ തിരിച്ചിറങ്ങാത്തതിനെ തുടര്‍ന്ന് പമ്പയില്‍നിന്നു ഐ.ജിയെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി നല്‍കിയില്ല. ലളിതയെന്ന ഭക്തയെ തടഞ്ഞപ്പോഴും മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നതിനു മുമ്പും പതിനെട്ടാം പടിയിലും സന്നിധാനത്തും ചുമതലയുണ്ടായിരുന്ന വനിതാ പൊലിസ് ഉള്‍പ്പെടെയുള്ളവരെ ഐ.ജി പിന്‍വലിച്ചു. നൂറുകണക്കിനു പ്രതിഷേധക്കാര്‍ സന്നിധാനം പൊലിസ് സ്റ്റേഷന്‍ കവാടവും പതിനെട്ടാം പടിയും ഉപരോധിച്ചപ്പോഴും നിയന്ത്രണ ചുമതല എസ്.പിമാര്‍ക്ക് നല്‍കി ഐ.ജി മുറിക്കുള്ളില്‍തന്നെ തങ്ങുകയായിരുന്നു.
മുറിയുടെ പിന്നിലെ വരാന്തയില്‍ ഇറങ്ങിനിന്നു സംഭവങ്ങള്‍ വീക്ഷിച്ചിട്ടും പുറത്തിറങ്ങാതിരുന്നത് സന്നിധാനത്ത് അപ്പോള്‍ ഉണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും അതൃപ്തിക്ക് കാരണമായി. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി ഡി.ജി.പിയോട് വിശദീകരണം തേടിയത്. ഐ.ജിയോട് ഡി.ജി.പി വിശദീകരണം തേടിയിട്ടുണ്ട്.
പ്രതിഷേധക്കാര്‍ പതിനെട്ടാം പടി കൈയേറിയതും പൊലിസിന്റെ മെഗാഫോണ്‍ ഉപയോഗിച്ച് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെ കൊണ്ടു സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിച്ചതും കുറ്റകരമായ വീഴ്ചയായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്.
പൊലിസിനുണ്ടായ ഗുരുതര വീഴ്ച അതേപടി ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ഐ.ജിയോട് ഡി.ജി.പി ആവശ്യപ്പെട്ടിരിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.