2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സന്നിധാനത്ത് ഭക്തര്‍ 300 സംഘ്പരിവാറുകാര്‍ 7000

തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ സന്നിധാനം വളഞ്ഞത് 7,000 സംഘ്പരിവാറുകാര്‍. ഇതില്‍ 5,000 പേരും ആര്‍.എസ്.എസ് ഭടന്മാര്‍. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കരിയുടെ നേതൃത്വത്തിലായിരുന്നു ഇവര്‍ മല കയറിയത്.
വനിതകള്‍ എത്തിയാല്‍ തടയാന്‍ തലേദിവസം തന്നെ ഇവര്‍ തീരുമാനമെടുത്ത് നടപന്തലില്‍ ഒത്തു കൂടിയിരുന്നു. 7,300 പേരാണ് ആകെ ശബരിമലയിലെത്തിയതെന്നാണു പൊലിസ് പറയുന്നത്. ഇതില്‍ 300 പേര്‍ മാത്രമായിരുന്നു വിശ്വാസികളായി എത്തിയത്.
പോയ വര്‍ഷങ്ങളില്‍ ചിത്തിര ആട്ട പൂജയ്ക്കായി നട തുറക്കുമ്പോള്‍ സന്ദര്‍ശനത്തിനെത്തിയിരുന്നത് ശരാശരി 500-700 പേരായിരുന്നു.
കണ്ണൂര്‍, കാസര്‍കോട്,തൃശൂര്‍, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിലെ ശാഖകളില്‍നിന്നാണ് ആര്‍.എസ്.എസുകാര്‍ മല കയറിയത്.
തമിഴ്‌നാട്, കര്‍ണാടക എന്നിവിങ്ങളില്‍ നിന്നും ആര്‍.എസ്.എസുകാര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം പമ്പയിലും നിലയ്ക്കലിലുമായി നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത പലരും ഇക്കുറി ചിത്തിര ആട്ട പൂജകളുടെ സമയത്തും സന്നിധാനത്ത് എത്തിയതായി പൊലിസ് സംശയിക്കുന്നു. ഇവരില്‍ പലരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും കൃത്യമായ ആസൂത്രണത്തോടെയാണ് സംഘ്പരിവാര്‍ ശക്തികള്‍ ശബരിമലയില്‍ തമ്പടിച്ച് കാര്യങ്ങള്‍ നീക്കിയത്. കണ്ണൂരിലെ ആര്‍.എസ്.എസ് നേതാവ് പൊലിസ് മൈക്കില്‍ നടത്തിയ അനൗണ്‍സ്‌മെന്റിനുസരിച്ച് അനുയായികള്‍ നീങ്ങിയത് ഇതിനു തെളിവാണ്. ഇത്രയേറെ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളുമുണ്ടായിട്ടും ഇവരെല്ലാം എങ്ങനെ അവിടെയെത്തി എന്നതാണ് പൊലിസിനെ കുഴക്കുന്ന പ്രശ്‌നം.
തുലാമാസ പൂജാവേളയിലെ സ്ഥിതി ആവര്‍ത്തിക്കാതിരിക്കാന്‍ പഴുതടച്ച സുരക്ഷാക്രമീകരണങ്ങളും കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടും സംഘ്പരിവാറുകാര്‍ സന്നിധാനം കൈയടക്കി. പൊലിസ് തന്ത്രങ്ങള്‍ എത്രയൊക്കെ മെനഞ്ഞാലും സംഘ്പരിവാര്‍ പറയുന്നിടത്തു നിന്നാണ് കാര്യങ്ങള്‍ കറങ്ങുന്നതെന്നാണ് ചിത്തിര ആട്ട പൂജകള്‍ക്കായി നട തുറന്നപ്പോള്‍ സന്നിധാനം കണ്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.