2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

സധൈര്യം വോട്ട് ചെയ്യാം; വി.വി പാറ്റില്‍ തട്ടിപ്പില്ല

നേതാക്കളെ
ബോധവല്‍ക്കരിച്ച്
തെരഞ്ഞെടുപ്പ് കമ്മിഷന്‍

 

 

തിരുവനന്തപുരം: വോട്ടിങ് മെഷീനില്‍ വോട്ട് ചെയ്യാനും വി.വി പാറ്റ് രസീത് കണ്ട് വോട്ടുറപ്പിക്കാനും അവസരമൊരുക്കി രാഷ്ട്രീയകക്ഷി നേതാക്കള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു.
ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്റെ സാങ്കേതികതയും സുരക്ഷാ നടപടികളും വിശദീകരിച്ചതിനൊപ്പമാണ് മെഷീനില്‍ ഡമ്മി വോട്ടിങ്ങും വോട്ടെണ്ണലും നടത്തി പ്രവര്‍ത്തനം ബോധ്യപ്പെടുത്തിയത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണയുടെ നേതൃത്വത്തിലാണ് നിയമസഭാ കോംപ്ലക്‌സില്‍ ബോധവല്‍കരണത്തിനും സംശയദൂരീകരണത്തിനും അവസരമൊരുക്കിയത്.
ചടങ്ങില്‍ മുന്‍ അഡീ. ചീഫ് സെക്രട്ടറി ഡി. ബാബുപോള്‍ മുഖ്യപ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പ് നടപടികളും വോട്ടിങ് മെഷീനും വി.വി പാറ്റും സംബന്ധിച്ച നടപടികള്‍ സുരക്ഷിതമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ പറഞ്ഞു. മെഷീന്‍ സംബന്ധിച്ച അനാവശ്യ പരിഭ്രാന്തിയോ ആശങ്കയോ ഉയര്‍ത്തരുത്.
മെഷീനില്‍ തിരിമറി നടത്തുക സാധ്യമല്ല. അതേസമയം, സാങ്കേതിക പ്രശ്‌നമുണ്ടായാല്‍ പകരം മെഷീന്‍ ഉപയോഗിക്കാനോ, ആ ബൂത്തിലെ പോളിങ് നിര്‍ത്തിവയ്ക്കാനോ കഴിയും. ഇതിനായി എപ്പോഴും 25 ശതമാനത്തോളം മെഷീനുകള്‍ സ്റ്റാന്‍ഡ് ബൈയായി സൂക്ഷിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വോട്ടിംഗ് മെഷീനുകള്‍ ഒരു നെറ്റ്‌വര്‍ക്കുമായും ബന്ധപ്പെടുത്തിയല്ല ഉപയോഗിക്കുന്നത്.
അതിനാല്‍ ഹാക്കിങ്ങിനോ മറ്റ് കടന്നുകയറ്റങ്ങള്‍ക്കോ സാധ്യമല്ല. ഒരുതവണ പ്രോഗ്രാം ചെയ്താല്‍ പിന്നെ അത് മാറ്റാനാകില്ല. അങ്ങനെ ശ്രമമുണ്ടായാല്‍ പിന്നെ മെഷീന്‍ പ്രവര്‍ത്തിക്കില്ല. മാത്രമല്ല പൊതുമേഖലാ സ്ഥാപനങ്ങളായ ഇ.സി.ഐ.എല്‍, ബി.ഇ.എല്‍ എന്നിവരാണ് ഇവ നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബോധവല്‍കരണ പരിപാടിയില്‍ വിവിധ രാഷ്ട്രീയകക്ഷിനേതാക്കളായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, തമ്പാനൂര്‍ രവി, നെയ്യാറ്റിന്‍കര സനല്‍, ജോര്‍ജ് മെഴ്‌സിയര്‍, ജെ.ആര്‍. പത്മകുമാര്‍, പി.കെ. രാജു, എം. രാധാകൃഷ്ണന്‍നായര്‍, കെ.എസ്. ഹംസ, ഇ. ജനാര്‍ദ്ദനന്‍, വേണുഗോപാലന്‍ നായര്‍, ജോഷി കെ. പോള്‍, കവടിയാര്‍ ധര്‍മന്‍ സംബന്ധിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.