2018 June 23 Saturday
സ്‌നേഹിക്കുവാന്‍ ത്യജിക്കുക തന്നെ വേണം. ഇത് ലോകത്തിന്റെ മൗലിക സത്യമാണ്
രവീന്ദ്രനാഥ് ടാഗോര്‍

സദ്ദാമില്ലാത്ത ഇറാഖിന് 10 വര്‍ഷം; ചരിത്രഭൂമികളിപ്പോള്‍ ഐ.എസിന്റെ വിളനിലം

കെ. ജംഷാദ്

ഇറാഖില്‍ പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയിട്ട് ഇന്നേക്ക് 10 വര്‍ഷം. സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഭൂമികയായ ഇറാഖ് സദ്ദാമിനു ശേഷം ഐ.എസിന്റെ വിളനിലവും തലസ്ഥാനനഗരിയുമായി. രണ്ടു പതിറ്റാണ്ടിലേറെയാണ് സദ്ദാം ഇറാഖ് ഭരിച്ചത്. പരസ്പരം പോരടിച്ച ഇരു വിഭാഗങ്ങളെയും സന്തുലിതമായി നയിക്കാനുള്ള കഴിവ് സദ്ദാമിനുണ്ടായിരുന്നുവെന്നാണ് അന്ന് സദ്ദാം വേട്ടയില്‍ പങ്കെടുത്ത യു.എസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്. 

2006 ഡിസംബര്‍ 30നാണ് ബഗ്ദാദിലെ ഖദീമിയ ജില്ലയിലെ മിലിട്ടറി ഇന്റലിജന്‍സ് ആസ്ഥാനത്ത് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയത്. ശത്രുക്കളായ ഇറാനും അമേരിക്കയുമാണ് തന്നെ തടവിലാക്കിയതെന്ന് സദ്ദാം ആരോപിച്ചിരുന്നു. തൂക്കുകയറിലും അസാമാന്യ ധൈര്യം പ്രകടിപ്പിച്ച അദ്ദേഹം ഖുര്‍ആന്‍ വചനങ്ങള്‍ ഉരുവിട്ടാണ് മരണത്തിന് കീഴടങ്ങിയതെന്ന് ദൃസാക്ഷികളായ യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിക്കുമ്പോള്‍ 69 വയസ്സായിരുന്നു ഇറാഖ് കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിക്ക്.
ഖുര്‍ആന്‍ ഉരവിട്ടുകൊണ്ടിരിക്കുന്ന സദ്ദാമില്‍ ഭയത്തിന്റെ ഒരു ലക്ഷണവും കണ്ടില്ലെന്ന് ഇറാഖ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൗഫാഖ് അല്‍ റുബെയ് പറഞ്ഞു. മൗഫാഖിനായിരുന്നു വധശിക്ഷ നടപ്പാക്കുന്നതിന്റെ ചുമതല. അദ്ദേഹം കുറ്റം ചെയ്തുവെന്ന് അപ്പോള്‍ തോന്നിയില്ല. ദൈവത്തോട് തെറ്റ് ഏറ്റുപറഞ്ഞ് മാപ്പുചോദിക്കുകയോ ദയവേണമെന്ന് ആവശ്യപ്പെടുകയോ ചെയ്തില്ല.

ശിക്ഷ നടപ്പാക്കുന്നതിനോട് ഒരു വിധിത്തിലും അദ്ദേഹം എതിര്‍ത്തതുമില്ല. ഇതായിരുന്നു 2013 ല്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് റുബെയ് പറഞ്ഞത്. റുബെയാണ് തൂക്കുകയറുമായി ബന്ധിപ്പിച്ച ലിവര്‍ വലിച്ചത്. എന്നാല്‍ അത് പ്രവര്‍ത്തിച്ചില്ല. പേരു വെളിപ്പെടുത്താത്തയാളാണ് രണ്ടാമത് ലിവര്‍ വലിച്ച് ശിക്ഷ നടപ്പാക്കിയത്. ഖുര്‍ആന്‍ പാരായണം പൂര്‍ത്തിയാക്കുന്നതു മുമ്പെ അദ്ദേഹം മരണത്തിന് കീഴടങ്ങിയിരുന്നുവെന്നും റുബെയ് ഓര്‍ക്കുന്നു.
രണ്ടര മിനുട്ട് ദൈര്‍ഘ്യമുള്ള വിഡിയോ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു.

1982ല്‍ 148 ശീഈകള്‍ ദുജൈലില്‍ കൊല്ലപ്പെട്ട കേസിലാണ് സദ്ദാമിനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. യുദ്ധക്കുറ്റക്കേസിലാണ് ശിക്ഷ നടപ്പാക്കിയത്. സദ്ദാമിനെതിരെ നടന്ന വധശ്രമത്തെ തുടര്‍ന്നാണ് ദുജൈലില്‍ കൂട്ടക്കൊല നടത്തിയതെന്നാണ് കേസ്. അന്താരാഷ്ട്ര സമൂഹത്തെ വകവയ്ക്കാതെയായിരുന്നു സദ്ദാമിന്റെ ഭരണം. സദ്ദാം ക്രൂരനായ ഏകാധിപതിയായിരുന്നുവെന്നാണ് അന്നത്തെ യു.എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് പറഞ്ഞത്.

യു.എസ് പിന്തുണയോടെ തയാറാക്കിയ ഇറാഖ് ട്രൈബ്യൂണലാണ് സദ്ദാമിന് വധശിക്ഷ വിധിച്ചത്. 2005 ഒക്ടോബര്‍ മുതല്‍ 2006 ജൂലൈ വരെ നടന്ന വിചാരണയെ തമാശയാണെന്നാണ് സദ്ദാം വിശേഷിപ്പിച്ചത്. സദ്ദാമിന്റെ വധശിക്ഷയ്ക്ക് ശേഷം ശീഈകള്‍ തെരുവുകളിലിറങ്ങി ആഹ്ലാദം പ്രകടിപ്പിച്ചു. വധശിക്ഷ നടപ്പാക്കിയതിനു പിറ്റേന്ന് സദ്ദാമിന്റെ ജന്മസ്ഥലമായ തിക്രിത്തിന് സമീപമുള്ള ഔജ ഗ്രാമത്തിലാണ് മൃതദേഹം ഖബറടക്കിയത്. ബഗ്ദാദില്‍ നിന്ന് 160 കി.മി അകലെയാണിത്.

2003 ഡിസംബര്‍ 13 ലെ അമാവാസിയിലാണ് അമേരിക്ക 25 ദശലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ച സദ്ദാമിനെ യു.എസ് സൈന്യം തിക്രിത്തില്‍ നിന്ന് പിടികൂടിയത്. അട്ടിമറിയിലൂടെ അദ്ദേഹത്തെ പുറത്താക്കിയതിനു ശേഷമായിരുന്നു ഇത്. തന്റെ കുടുംബത്തിലെ അംഗരക്ഷകരുടെ സംരക്ഷണത്തില്‍ എട്ടുമാസത്തോളം സദ്ദാം തിക്രിത്തിലെ ഗ്രാമത്തില്‍ കഴിഞ്ഞു. സംഘാംഗങ്ങളിലൊരാളാണ് യു.എസ് സൈന്യത്തിന് ഒറ്റിക്കൊടുത്തത്.

‘എലിമാളം’ എന്നാണ് സദ്ദാമിന്റെ ഒളിത്താവളത്തെ യു.എസ് സൈന്യം വിശേഷിപ്പിച്ചിരുന്നത്. എക്‌സോസ്റ്റ്ഫാനും വായുസഞ്ചാരത്തിനുള്ള സംവിധാനങ്ങളും ഉള്ള ഒരാള്‍ക്ക് മാത്രം കിടക്കാന്‍ സംവിധാനമുള്ളതായിരുന്നു ഒളിത്താവളം. സദ്ദാമിനെ പിടികൂടിയ വിവരം പുഞ്ചിരിക്കുന്ന മുഖത്തോടെ അമേരിക്കന്‍ സ്ഥാനപതി പോള്‍ ബെര്‍മറാണ് ലോകത്തെ അറിയിച്ചത്. ഞങ്ങള്‍ക്ക് അയാളെ പിടിച്ചു എന്നായിരുന്നു ബെര്‍മറിന്റെ വാക്കുകള്‍. ഇടതൂര്‍ന്ന താടിയും നീണ്ടമുടിയുമായുള്ള സദ്ദാമിന്റെ വിഡിയോയും ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു. ഡോക്ടര്‍ സദ്ദാമിന്റെ വായ തുറന്ന് പരിശോധിക്കുന്നതായിരുന്നു ആദ്യ ചിത്രം. സദ്ദാമിന് ശേഷം ഇറാഖ് അസ്ഥിരതപ്പെടുന്നതാണ് പിന്നീട് കണ്ടത്. ഐ.എസിന്റെ ഉദയവും ഇറാഖ് -സിറിയ മേഖലകളിലായി ഐ.എസ് ശക്തിപ്പെടുകയും ചെയ്തു. ഐ.എസിനെ തകര്‍ക്കാന്‍ അമേരിക്കയും സഖ്യകക്ഷികളും വര്‍ഷങ്ങളായി നടത്തുന്ന ശ്രമം ഇനിയും ലക്ഷ്യം കണ്ടിട്ടുമില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.