2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സത്യസന്ധതയില്‍ പത്തരമാറ്റിന്‍ തിളക്കവുമായി ‘അമീന’

വെണ്ണിയോട്: സത്യസന്ധതയില്‍ പത്തരമാറ്റിന്റെ തിളക്കത്തില്‍ വെണ്ണിയോട് തുരുത്തിയില്‍ അഞ്ചല്‍ ഗഫൂറിന്റെയും സൗദയുടെ മകള്‍ അമീന.
പ്രളയത്തില്‍ കോട്ടത്തറക്ക് ആശ്വാസവുമായി വന്ന സുമനസുകളില്‍ ഒരാളുടെ നഷ്ടപ്പെട്ട പണം തിരികെ നലകിയാണ് അമീന കോട്ടത്തറക്കാരുടെ അഭിമാനമായത്. സംഭവമിങ്ങനെ. പ്രളയക്കെടുതിയുടെ രൂക്ഷത ഏറ്റവും കൂടുതല്‍ അനുഭവിച്ച കോട്ടത്തറ പഞ്ചായത്തുകാര്‍ക്ക് കഴിഞ്ഞ ദിവസം സന്തോഷത്തിന്റെ ദിവസമായിരുന്നു. പ്രദേശത്തെ ജീവിതം വഴിമുട്ടിയ ഇരുപത്തഞ്ചോളം കുടുംബങ്ങളില്‍ ജീവിതോപാധികളായ ആട് മാടുകളുമായി അഴിയൂരില്‍ നിന്നും ഒരു പറ്റം മനുഷ്യ സ്‌നേഹികള്‍ വന്ന ദിനമായിരുന്നു ഇന്നലെ. പക്ഷേ അഴിയൂര്‍ നിവാസികള്‍ കോട്ടത്തറയോട് യാത്ര പറഞ്ഞത് ഏറെ വ്യസനത്തോടെയായിരുന്നു. കാരണം വന്ന സംഘത്തിലെ റിയാസിന്റെ 45,000രൂപ വെണ്ണിയോട് സാധനങ്ങള്‍ ഇറക്കി വെക്കുന്നതിനിടയില്‍ എവിടെയോ നഷ്ടപ്പെട്ടിരുന്നു. അവരും വെണ്ണിയോട്ടെ സംഘാടകരും സുമനസുകളുമൊക്കെ കുറേ നേരം തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമായി. പരിപാടിക്കിടെ പണം നഷ്ടപ്പെട്ടതിനെ കുറിച്ച് മൈക്കിലൂടെ അറിയിക്കുകയും ചെയ്തു. എങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെയാണ് വൈകുന്നേരം കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി അമീന സ്‌കൂള്‍ വിട്ട് വെണ്ണിയോട് ബസില്‍ വന്നിറങ്ങിയത്. വീട്ടിലേക്ക് നടന്നു പോകുംവഴി കോട്ടത്തറ ഹോമിയോ ആശുപത്രിക്കു മുന്നില്‍ കാലില്‍ തടഞ്ഞ കടലാസ് മുന്നോട്ട് ആഞ്ഞു തട്ടിയെങ്കിലും സംശയം തോന്നിയ അമീന കടലാസ് പൊതിയെടുത്തു നോക്കിയപ്പോള്‍ രൂപയുടെ കെട്ട്.
ആദ്യം അത്ഭുതപ്പെട്ടെങ്കിലും സത്യസന്ധത ഹൃദയത്തിന്റെ ആഴങ്ങളില്‍ കുടിയേറിയതിനാല്‍ അതുമെടുത്ത് വീട്ടില്‍ ചെന്ന് ഉമ്മയോട് വിവരം പറയുകയും ഉപ്പയെ ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്തു. കാശ് നഷ്ടപ്പെട്ട വിവരമറിയുന്ന പിതാവ് ഉടനെ അഴിയൂര്‍ നിവാസികളെ അറിയിക്കുകയും മകളെയും കൂട്ടി അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബിന് തുക കൈമാറുകയും ചെയ്തു. അമീനയുടെ സത്യസന്ധതയില്‍ മാതാവിനും പിതാവിനുമൊപ്പം വെണ്ണിയോട് നിവാസികളും അഭിമാനത്തിലാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.