2017 July 27 Thursday
അവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

സതി, വായനയുടെ ചിറകില്‍ പാറിപ്പറക്കുന്ന വിസ്മയം…

  • ഇന്ന് വായനാദിനം

 

വിനയന്‍ പിലിക്കോട്

ചെറുവത്തൂര്‍ (കാസര്‍കോട്): മുറിക്കുള്ളിലെ ജനാലയ്ക്കരികിലിരുന്നു സതി ഇന്നൊരു പുസ്തകം കൂടി വായനയ്ക്കായി തുറക്കുകയാണ്. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖമെന്ന നോവല്‍. വായനയുടെ വഴിയിലെ 2824ാമത് പുസ്തമാണത്. ശാരീരിക അവശതകളെ വായനയെന്ന മരുന്നുകൊണ്ട് തോല്‍പ്പിച്ച കൊടക്കാട് പൊള്ളപ്പൊയിലിലെ എം. വി സതിയെന്ന 39 കാരി ഇതുവരെ വായിച്ചു തീര്‍ത്തത് 2823 പുസ്തകങ്ങള്‍!.
ഇരുന്നിടത്തുനിന്ന് ഒന്നെഴുന്നേല്‍ക്കാന്‍പോലുമാകില്ലെങ്കിലും വായനയുടെ ചിറകില്‍ പാറിപ്പറക്കുന്ന വിസ്മയമാണ് സതി. പുസ്തകങ്ങളെയും വായനയേയും സ്‌നേഹിക്കുന്ന എല്ലാവരും അറിയേണ്ട പാഠപുസ്തകം. ‘സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ടൈപ്പ് 2’ എന്ന രോഗമാണ് സതിയെ ജന്മനാ ബാധിച്ചത്. അരയ്ക്ക് താഴെ ചലന ശേഷിയില്ല.
കവിയും വിഷചികിത്സകനും അധ്യാപകനുമായിരുന്ന അച്ഛന്‍ സിവിക് കൊടക്കാട്, മകളെയുമെടുത്ത് ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. യാത്ര വിഷമമായതിനാല്‍ നാലാം ക്ലാസുവരെ മാത്രമേ സ്‌കൂളില്‍ പോകാന്‍ സാധിച്ചുള്ളൂ. പക്ഷേ, വീട്ടില്‍ തളര്‍ന്നിരിക്കാതെ സതി പുസ്തകങ്ങളെ കൂട്ടുകാരാക്കി. വീടിന് സമീപത്തെ ബാലകൈരളി വായന ശാലയില്‍നിന്ന് അച്ഛന്‍ കൊണ്ടുനല്‍കുന്ന പുസ്തകങ്ങളിലൂടെയായിരുന്നു തുടക്കം. കുട്ടിക്കഥകളും കവിതകളും നോവലുകളുമായി വായനയുടെ ലോകത്തേക്ക് കടന്നുവന്നു. സതി വായിച്ചു കഴിഞ്ഞ പുസ്തകങ്ങളുടെ എണ്ണത്തില്‍ ഒരു പിഴവുമില്ല.
വെറുതെ വായിച്ചു പുസ്തകങ്ങള്‍ മടക്കിവയ്ക്കുന്ന ശീലവും സതിക്കില്ല. ഓരോന്നും വായിക്കുമ്പോഴും കുറിപ്പുകളെഴുതും. എല്ലാം ചിട്ടയോടെ നോട്ടുപുസ്തകങ്ങളാക്കി അടുക്കി വച്ചിട്ടുണ്ട്.
2013 വരെ മൂന്നാംതരത്തിലെ മലയാളം പാഠപുസ്തകത്തില്‍ സതിയുമായുള്ള അഭിമുഖം പഠിക്കാനുണ്ടായിരുന്നു. പാഠഭാഗം പഠിച്ച കുട്ടികള്‍ അയച്ച കത്തുകളുടെ എണ്ണം പതിനായിരത്തിലധികമുണ്ട്. 14 ജില്ലയിലെയും കത്തുകള്‍ വേര്‍തിരിച്ച് ബൈന്‍ഡ് ചെയ്ത് വച്ചിട്ടുണ്ട്. പ്രമുഖ എഴുത്തുകാരുടെ കത്തുകളും നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്.
വായനയുടെ ലോകത്ത്‌നിന്ന് എഴുത്തിന്റെ വഴികളിലേക്കും സതി കടന്നു ചെന്നു. ‘ഗുളിക വരച്ച ചിത്രങ്ങള്‍’ എന്ന പേരില്‍ 14 കഥകളുടെ സമാഹാരം പുറത്തിറക്കി. വായനയേയും പുസ്തകങ്ങളെയും ചങ്ങാതിമാരാക്കി കൊടുത്ത അച്ഛന്‍ സിവിക് കൊടക്കാട് മൂന്നുവര്‍ഷം മുന്‍പ് മരിച്ചു. അമ്മയും സഹോദരങ്ങളുമാണ് ഇപ്പോള്‍ കൂട്ടിന്. വായന നല്‍കിയ ഊര്‍ജമാണ് തന്നെ കരുത്തോടെ മുന്നോട്ട് നയിക്കുന്നതെന്ന് സതി പറയും. എല്ലാവരെയും വായിക്കാനായി പ്രേരിപ്പിക്കും. നവമാധ്യമങ്ങളിലൂടെയും സതി തന്റെ വായനാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.