2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

സഖ്യസേനാ ആക്രമണം: ചേരിതിരിഞ്ഞ് ലോകം

മോസ്‌കോ/തെഹ്‌റാന്‍: അമേരിക്കന്‍ സഖ്യസേന സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചും പിന്തുണച്ചും ലോകരാഷ്ട്രങ്ങള്‍. സിറിയയും സഖ്യരാജ്യങ്ങളും ആക്രമണത്തെ ശക്തമായി വിമര്‍ശിച്ചപ്പോള്‍ സഊദി അറേബ്യ, ഖത്തര്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ അടക്കം നിരവധി കക്ഷികളാണ് നടപടിയെ അഭിനന്ദിച്ചു രംഗത്തെത്തിയത്.
സിറിയയില്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തിയ ആക്രമണത്തിന്റെ അനന്തരഫലം ഈ രാജ്യങ്ങള്‍ നേരിട്ട് അനുഭവിക്കേണ്ടി വരുമെന്ന് ഇറാന്‍ പ്രതികരിച്ചു. ഒരു തെളിവുമില്ലാതെ നടത്തിയ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം അമേരിക്കയ്ക്കും ആക്രമണത്തില്‍ പങ്കെടുത്ത ബ്രിട്ടനും ഫ്രാന്‍സിനുമായിരിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിനു ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യയുടെ യു.എസ് അംബാസഡര്‍ അനറ്റോലി ആന്റനോവ് മുന്നറിയിപ്പു നല്‍കി. തിരിച്ചടിയുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അമേരിക്കയ്ക്കായിരിക്കുമെന്നും അനറ്റോലി പറഞ്ഞു. എന്നാല്‍, ഏതുതരത്തിലാണ് റഷ്യയും ഇറാനും യു.എസ് സഖ്യസേനയ്ക്കു തിരിച്ചടി നല്‍കുകയെന്ന കാര്യം വ്യക്തമല്ല. ഒരു യുദ്ധത്തിന്റെ നിഴലിലാണ് മേഖല നിലനില്‍ക്കുന്നത്.
ഫലസ്തീനിലെ ഹമാസും ലബനാനിലെ ഹിസ്ബുല്ലയും ആക്രമണത്തെ ശക്തമായി അപലപിച്ചു. ചൈനയാണ് നടപടിയെ വിമര്‍ശിച്ച സിറിയയുടെ സഖ്യകക്ഷിയല്ലാത്ത ഒരേയൊരു രാജ്യം. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം നടത്തിയിരിക്കുന്നതെന്നും ചൈന ആരോപിച്ചു. സിറിയയിലെ പ്രശ്‌നങ്ങള്‍ക്കു രാഷ്ട്രീയമായി പരിഹാരം കാണുകയാണു വേണ്ടതെന്നും സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യുങ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ജര്‍മനി, തുര്‍ക്കി, സഊദി അറേബ്യ, ഖത്തര്‍, സ്‌പെയിന്‍, ആസ്‌ത്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളെല്ലാം നടപടിയെ അഭിനന്ദിച്ചു. പരമാവധി ആളപായം ഒഴിവാക്കി തിരിച്ചടി നല്‍കാന്‍ സൈന്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനലും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂനിയനും നാറ്റോയും യു.എസ് സഖ്യസേനയ്ക്കു പിന്തുണ അറിയിച്ചിട്ടുണ്ട്.

മിസൈല്‍ വര്‍ഷത്തിലേക്ക് ഞെട്ടിയുണര്‍ന്ന് ദമസ്‌കസ്

ദമസ്‌കസ്: രാവു പുലരും മുന്‍പെ ഉഗ്രസ്‌ഫോടനത്തിന്റെ ശബ്ദം കേട്ടാണ് സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെയും പരിസരത്തെ ഹോംസിലെയും ജനങ്ങള്‍ ഇന്നലെ ഞെട്ടിയുണര്‍ന്നത്. പുറത്തിറങ്ങി നോക്കുമ്പോള്‍ കാണുന്നത് ദമസ്‌കസിന്റെ ആകാശത്ത് മിസൈലുകള്‍ വര്‍ഷിക്കുന്നതാണ്. 45 മിനുറ്റ് നേരം നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ മിസൈല്‍ വര്‍ഷത്തിന്റെയും യുദ്ധവിമാനങ്ങളുടെയും ശബ്ദങ്ങളാല്‍ മുഖരിതമായിരുന്നു.
മിസൈലുകളുടെ ശബ്ദം കേട്ടു ഞെട്ടിയുണര്‍ന്ന താന്‍ ഇന്റര്‍നെറ്റ് തുറന്നപ്പോഴാണ് അമേരിക്കയുടെ ആക്രമണത്തെ കുറിച്ച് അറിഞ്ഞതെന്ന് ദമസ്‌കസിലെ സൗസാന്‍ അബു താബ്ലിഹ് പറഞ്ഞു. പുലര്‍ച്ചെ നാലു മണിക്ക് ഉഗ്രസ്‌ഫോടനത്തിന്റെ ശബ്ദം കേട്ടുണര്‍ന്ന താന്‍ ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ പരിശോധിച്ചാണു സംഭവത്തെ കുറിച്ച് അറിയുന്നതെന്ന് ഹോംസില്‍ ജീവിക്കുന്ന 49കാരിയായ റഹ്മ അബു ഹംറയും പറഞ്ഞു.
വീട്ടിലുള്ളവരെയെല്ലാം പിടിച്ചു പുറത്തിറക്കിയപ്പോള്‍ കാണാനായത് ആകാശത്ത് മിസൈലുകള്‍ അങ്ങോട്ടുമിങ്ങോട്ടും പ്രവഹിക്കുന്നതും ദമസ്‌കസിന്റെ കിഴക്ക്, വടക്കുഭാഗങ്ങള്‍ പുകയില്‍ മൂടുന്നതുമായിരുന്നെന്നും അവര്‍ പറഞ്ഞു.
ഈ സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സിറിയയ്‌ക്കെതിരേ സംയുക്ത ആക്രമണം പ്രഖ്യാപിച്ച് പകുതി കഴിഞ്ഞിരുന്നു. ആക്രമണത്തിന്റെ ഗതി മനസിലാക്കിയതോടെ ജനങ്ങള്‍ സിറിയന്‍ പതാകളുമായി തെരുവിലിറങ്ങി.
സിറിയന്‍ സൈന്യത്തിനു പിന്തുണയുമായി ദമസ്‌കസിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങളും നടന്നു. പലയിടത്തും സിറിയയുടെ സഖ്യരാജ്യങ്ങളായ റഷ്യയുടെയും ഇറാന്റെയും പതാകയേന്തിയും ജനങ്ങള്‍ തെരുവിലിറങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
വാഹനങ്ങളിലും കാല്‍നടയായും ജനങ്ങള്‍ ദമസ്‌കസിലെ ഉമയ്യദ് സ്‌ക്വയറിലും മറ്റും ഒത്തുചേരുകയും സിറിയന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തതായി ഏജന്‍സി ലേഖകര്‍ പറഞ്ഞു.

മിസൈലുകള്‍ വര്‍ഷിച്ചത് ഇങ്ങനെ

നാലു ഭാഗങ്ങളില്‍നിന്നായി നൂറിലേറെ തവണയാണ് യു.എസ് സഖ്യസേന സിറിയന്‍ കേന്ദ്രങ്ങള്‍ക്കുനേരെ മിസൈല്‍ വര്‍ഷിച്ചത്. ചെങ്കടല്‍, വടക്ക് അറേബ്യന്‍ ഉള്‍ക്കടല്‍, കിഴക്കന്‍ മധ്യധരണ്യാഴി എന്നിങ്ങനെ സമുദ്രങ്ങളില്‍നിന്നും ആകാശത്തുനിന്നുമായാണ് ആക്രമണം നടന്നത്. പെന്റഗണ്‍ പുറത്തുവിട്ട മിസൈലുകള്‍ വന്ന വഴി ഇങ്ങനെയാണ്:

1) ചെങ്കടലില്‍നിന്ന്
-യു.എസ്.എസ് മോന്റിറൈ കപ്പലില്‍നിന്ന് 30 തവണ തോമഹാക്ക് മിസൈലുകള്‍
-യു.എസ്.എസ് ലബൂണില്‍നിന്ന് ഏഴ് തവണ തോമഹാക്ക് മിസൈലുകള്‍
2)വടക്കന്‍ അറേബ്യന്‍
ഉള്‍ക്കടല്‍
-യു.എസ്.എസ് ഹിഗ്ഗിന്‍സ് കപ്പലില്‍നിന്ന് 33 തോമഹാക്ക് മിസൈലുകള്‍
3) കിഴക്കന്‍
മധ്യധരണ്യാഴിയില്‍
-യു.എസ്.എസ് ജോണ്‍ വാര്‍ണര്‍ കപ്പലില്‍നിന്ന് ആറ് തോമഹാക്ക് മിസൈലുകള്‍
-ഫ്രഞ്ച് യുദ്ധക്കപ്പലില്‍നിന്ന് മൂന്ന് മിസൈലുകള്‍

4) ആകാശത്തുനിന്ന്
-ബ്രിട്ടന്റെ ടൊര്‍ണാഡോ, ടൈഫൂണ്‍ ജെറ്റുകളില്‍നിന്ന് എട്ട് മിസൈലുകള്‍
-രണ്ട് ബി-1 ലാന്‍സെര്‍ ബോംബര്‍ വിമാനങ്ങളില്‍നിന്ന് 19 ആക്രമണങ്ങള്‍
-ഫ്രഞ്ച് യുദ്ധവിമാനങ്ങളില്‍നിന്ന് ഒന്‍പത് മിസൈലുകള്‍

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.