2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

സഊദി വിമാനത്താവളത്തില്‍ ആക്രമണം; ഇന്ത്യക്കാരിയുള്‍പ്പെടെ 26 പേര്‍ക്ക് പരുക്ക്

ജിദ്ദ: സഊദിയിലെ അബ്ഹ വിമാനത്താവളത്തിന് നേര്‍ക്ക് ഹൂതികളുടെ മിസൈല്‍ ആക്രമണം. ഇന്ത്യക്കാരിയുള്‍പ്പെടെ 26 പേര്‍ക്ക് പരുക്കേറ്റു. യമന്‍, സഊദി രാജ്യങ്ങളില്‍നിന്നുള്ള മൂന്ന് സ്ത്രീകളും രണ്ട് സഊദി കുട്ടികളും പരുക്കേറ്റവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഗുരുതരമായി പുരുക്കേറ്റ എട്ടുപേരെ ചികത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. നിസാര പരുക്കുകളേറ്റ 18 പേര്‍ക്ക് പ്രാഥമിക ചികിത്സകള്‍ നല്‍കി.
യമനില്‍നിന്നാണ് മിസൈല്‍ തൊടുത്തുവിട്ടത്. അസിര്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിലെ ആഗമന കേന്ദ്രത്തില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ വിമാനങ്ങള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. അല്‍പ സമയത്തിനകം വിമാന സര്‍വിസുകള്‍ പുനഃസ്ഥാപിച്ചു. ആക്രമണത്തിന് ഉപയോഗിച്ചത് ഏത് തരം മിസൈലാണെന്നത് പരിശോധിച്ചുവരികയാണെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ സുരക്ഷിതത്വം ഇല്ലാതാക്കാനാണ് ഹൂതികള്‍ ശ്രമിക്കുന്നതെന്ന് യു.എ.ഇ ആരോപിച്ചു. അബ്ഹ വിമാനത്താവളം ആക്രമിക്കാനായി ക്രൂയിസ് മിസൈലുകളാണ് ഉപയോഗിച്ചതെന്ന് ഹൂതി നേതൃത്വത്തിലുള്ള അല്‍ മസീറ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

വരും ദിവസങ്ങളില്‍ സഊദിയിലെ മുഴുവന്‍ വിമാനത്താവളങ്ങളിലും ആക്രമണം നടത്തുമെന്ന് ഹൂതി സൈനിക വക്താവ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. യമനില്‍ ഹൂതികളുടെ കേന്ദ്രമായ ഹജ്ജായില്‍ സഖ്യസേനയുടെ നേതൃത്വത്തില്‍ ആക്രമണം ശക്തമാക്കിയിരിക്കെയാണ് അബ്ഹയിലെ ആക്രമണമുണ്ടായിരിക്കുന്നത്.

സഖ്യസേനയുടെ ആക്രമണങ്ങള്‍ക്കെതിരേ വിമതര്‍ ഈയിടെ സഊദിയിലേക്കുള്ള ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. ഖമീസ് മുഷൈത്ത് ലക്ഷ്യമാക്കിയുള്ള ഹൂതികളുടെ രണ്ട് ഡ്രോണുകള്‍ സഊദി വ്യോമസേന തകര്‍ത്തിരുന്നു. കിങ് ഖാലിദ് വ്യോമതാവളത്തിലേക്കാണ് ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. സഊദിയിലെ രണ്ട് എണ്ണ പൈപ്പ് ലൈന്‍ സ്റ്റേഷനുകള്‍ക്ക് നേരെ ഹൂതികള്‍ കഴിഞ്ഞ മാസം ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് മാസമായി സഊദിക്കെതിരേയുള്ള ആക്രമണങ്ങള്‍ ഹൂതികള്‍ കടുപ്പിച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News