2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

സഊദി രാജാവ് പ്രഖ്യാപിച്ച ലെവി ഇളവ് മൂന്നര ലക്ഷം സ്ഥാപനങ്ങള്‍ക്ക് ഗുണകരം

നിര്‍മ്മാണ മേഖലയില്‍ ഉണര്‍വ്വ്, ഓഹരി വിപണികളിലും ഉയര്‍ച്ച

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദിയില്‍ വിദേശ തൊഴിലാളിലേക്ക് ഏര്‍പ്പെടുത്തിയ ലെവി തിരിച്ചു നല്‍കാന്‍ പതിനൊന്നര ബില്യണ്‍ സഹായ ധനം പ്രഖ്യാപിച്ച രാജാവിന്റെ നടപടിയില്‍ നിര്‍മ്മാണ, പ്രാദേശിക വിപണികളില്‍ ഉണര്‍വ്വ്. ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദു അസീസ് രാജാവ് പ്രഖ്യാപിച്ച സഹായ ധനം രാജ്യത്തെ മൂന്നര ലക്ഷം സ്ഥാപനങ്ങള്‍ക്കാണ് ഗുണകരമാകുന്നത്. നിശ്ചിത ശതമാനം സ്വദേശിവത്കരണം പാലിച്ചവര്‍ക്കെല്ലാം സഹായ ആനുകൂല്യം ലഭിക്കും. ലെവി മൂല ഏറെ പ്രയാസത്തിലായിരുന്ന സ്ഥാപനങ്ങള്‍ക്ക് രാജാവിന്റെ സഹായ ധന പ്രഖ്യാപനം ഏറെ ആശ്വാസമാണ് നല്‍കുന്നത്. പ്രയാസം മൂലം ലെവി ഭാഗികമായി അടച്ചവര്‍ക്ക് അത്രയും സംഖ്യ തിരിച്ചു നല്‍കുകയും ബാക്കിവരുന്ന സംഖ്യ ഒഴിവാക്കുകയും ചെയ്യും. ലെവി അടയ്ക്കാത്ത, നിതാഖാത്തില്‍ മഞ്ഞ, ചുവപ്പ് ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് പൂര്‍ണമായും ഇളവ് ലഭിക്കും. നിബന്ധനകള്‍ പൂര്‍ത്തീകരിച്ച് അപേക്ഷിക്കുന്നവര്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള ‘ഹാഫിസ്’ സംവിധാനം വഴിയാണ് സംഖ്യ തിരിച്ചു നല്‍കുക.

അതേസമയം, സഊദി രാജാവിന്റെ അപ്രതീക്ഷിത പ്രഖ്യാപനം രാജ്യത്തെ ചെറുകിട, നിര്‍മ്മാണ, പ്രാദേശിക വിപണികളെ ഉണര്‍ത്തിയിട്ടുണ്ട്. പതിനൊന്നര ബില്യണ്‍ റിയാല്‍ സഹായ ധനം നല്‍കുമെന്ന വാര്‍ത്തയോട് മികച്ച പ്രതികരണമാണ് രാജ്യത്തെ സ്വകാര്യ ചെറുകിട, വന്‍കിട കമ്പനികള്‍ നടത്തിയത്. പ്രാദേശിക വിപണിയും ഏറെ ഉന്മേഷത്തോടെയാണ് കാണപ്പെട്ടത്. കൂടാതെ, രാജാവിന്റെ പ്രഖ്യാപനം ഓഹരി വിപണിയിലും വന്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഓഹരി വിപണി കുതിക്കാന്‍ തുടങ്ങിയതോടെ നിര്‍മാണ മേഖലയിലും നേട്ടമുണ്ടായി. കൂടുതല്‍ ജീവനക്കാരുള്ള വന്‍കിട കമ്പനികളും പ്രതീക്ഷയിലാണ്.

സഊദി ഓഹരി വിപണി കഴിഞ്ഞ മാസമുണ്ടാക്കിയ റെക്കോഡ് ഓഹരി നേട്ടം ഈ മാസം മറികടക്കുമെന്നാണ് സാമ്പത്തിക മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം ശരാശരി നിലയില്‍ നിന്ന ഓഹരി വിപണി രാജാവിന്റെ പ്രഖ്യാപനത്തോടെ 0.2 ശതമാനം നേട്ടമുണ്ടാക്കി. സഊദി ബ്രിട്ടീഷ് ബാങ്ക് 2.3 ശതമാനവും കിഴക്കന്‍ പ്രവിശ്യാ നിര്‍മാണ കമ്പനികള്‍ 1.8 മുതല്‍ 3.4 ശതമാനം വരെ ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.