2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സഊദി നിലപാട് മയപ്പെടുത്തുന്നു; ഹൂത്തികള്‍ തങ്ങളുടെ അയല്‍ക്കാരാണെന്ന് സഊദി വിദേശകാര്യ മന്ത്രി

അബ്ദുസ്സലാം കൂടരഞ്ഞി

ദമ്മാം: യമനിലെ വിമത വിഭാഗമായ ഹൂത്തികള്‍ തങ്ങളുടെ അയല്‍ക്കാരാണെന്ന് സഊദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന മന്ത്രി ഇവിടത്തെ സ്വകാര്യ പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഹൂത്തികളുമായുള്ള തങ്ങളുടെ ഇപ്പോഴത്തെ സമീപനം വ്യക്തമാക്കിയത്. ഹൂത്തികളോട് സഊദി അറേബ്യ ഇതുവരെ സ്വീകരിച്ച കടുത്ത നിലപാടുകള്‍ അയയുന്നതായാണ് നിരീക്ഷകര്‍ ഇതിനെ കാണുന്നത്.

യമനിലെ തങ്ങളുടെ ശത്രുക്കള്‍ വിമത വിഭാഗമായ ഹൂത്തികള്‍ അല്ലെന്നും അല്‍ ഖൈ്വദയും ഐ.എസുമാണ് തങ്ങളുടെ മുഖ്യശത്രുവെന്നും അദ്ദേഹം പറഞ്ഞു. ഹൂത്തികളും യമനികളും തങ്ങളുടെ അയല്‍ക്കാരാണ്. അല്‍ ഖൈ്വദയും ഐ.എസും രണ്ടു തീവ്രവാദ ഗ്രൂപ്പുകളാണ്. അവരെ തുരത്തലാണ് ലക്ഷ്യം. ഫ്രാന്‍സിലെ ലി ഫിഗാരോ പത്രത്തോട് അദ്ദേഹം പറഞ്ഞു. യമനില്‍ സഊദി അറേബ്യ നിലവിലെ അവസ്ഥയില്‍ നിന്നും മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നതായി മന്ത്രിയുടെ വാക്കുകളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തില്‍ നടക്കുന്ന യമന്‍ സമാധാന ചര്‍ച്ച വിജയം കാണുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ഞങ്ങള്‍ ഹൂത്തികളുമായി അംഗീകരിച്ചാലും ഇല്ലെങ്കിലും യമന്‍ രാജ്യത്തിന്റെ സാമൂഹ്യവളര്‍ച്ചയുടെ ഭാഗമാണവരെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു.

യമനിലെ വിമത വിഭാഗമായ ഹൂത്തികള്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഒരു വര്‍ഷത്തിലധികമായി യുദ്ധം ചെയ്തുവരികയാണ്. യമന്റെ ഒട്ടുമിക്ക ഭാഗങ്ങളും ഔദ്യോഗിക ഗവണ്‍മെന്റിന്റെ കീഴിലാണെങ്കിലും ഹൂത്തികള്‍ ഇപ്പോഴും പലയിടത്തും പ്രശ്‌നക്കാരാണെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ ആരോപണം. സഊദിയുടെ പുതിയ നിലപാട് ഹൂത്തികളുമായുള്ള മനംമാറ്റത്തിന്റെ ഭാഗമായാണ് വിലയിരുത്തല്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.