2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

സഊദി എണ്ണ കപ്പലിനെ തകര്‍ക്കാന്‍ ശ്രമം; ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു

അബ്ദുസ്സലാം കൂടരഞ്ഞി

 

റിയാദ്: സഊദി ലക്ഷ്യമായെത്തിയ ബാലിസ്റ്റിക് മിസൈല്‍ ആകാശത്തു വെച്ച് തകര്‍ത്തതായി സഊദി സഖ്യസേന അറിയിച്ചു. വ്യാഴാഴ്ച്ച വൈകീട്ട് ആറു മണിയോടെയാണ് അതിര്‍ത്തി പ്രദേശമായ നജ്‌റാന്‍ ആകാശത്തു വെച്ച് സഊദി വ്യോമ പ്രതിരോധ സേന മിസൈല്‍ വേധ സംവിധാനം ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതെന്നു സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി മാധ്യമങ്ങളൊട് വ്യക്തമാക്കി. യമനിലെ കേന്ദ്രത്തില്‍ നിന്നും വ്യാഴാഴ്ച്ച വൈകീട്ട് 5:30 ഓടെയാണ് മിസൈല്‍ വിക്ഷേപിച്ചത്. എന്നാല്‍, സഊദി വ്യോമ പ്രതിരോധ സേന പാട്രിയാറ്റ് മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് അദേഹം പറഞ്ഞു.

സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യമനിലെ വിമത വിഭാഗമായ ഹൂതികള്‍ക്ക് ഇറാന്‍ സഹായം ലഭിക്കുന്നുണ്ടെന്നും യു എസ് സമാധാന കരാര്‍ 2216, 2231 എന്നിവ ലംഘിച്ചുവെന്നും അദേഹം ആരോപിച്ചു. ഈ ആഴ്ച്ച ഇത് രണ്ടാം തവണയാണ് ഹൂതി മിസൈല്‍ ആക്രമണം.

അതേ സമയം, ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ സഊദി എണ്ണക്കപ്പലിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണ ശ്രമം പരാജയപെടുത്തിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറിന് ശനിയാഴ്ച അല്‍ ഹുദൈദ തുറമുഖത്തിന് സമീപം വെച്ച് സഊദി എണ്ണക്കപ്പലുകള്‍ക്ക് നേരെയാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. മൂന്ന് ബോട്ടുകളാണ് എണ്ണടാങ്കറിന് നേരെ ആക്രമണത്തില്‍ പങ്കെടുത്തത്. ഇതില്‍ സ്‌ഫോടക വസ്തുക്കളാല്‍ നിറച്ച ആദ്യ ബോട്ട് സഖ്യ സേന തകര്‍ത്തതായും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.