2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സഊദിവൽക്കരണം മക്കയിലെ ഹോട്ടലുകളിലേക്കും 

റിയാദ്: സ്വദേശികൾക്ക് കൂടുതൽ തൊഴിലുകൾ നൽകാനായി നടപ്പിലാക്കിയ ഊർജ്ജിത സഊദി വൽക്കരണ പട്ടികയിലേക്ക് മക്കയിലെ ഹോട്ടൽ മേഖലയും ഉൾപ്പെടുത്താൻ നീക്കം. ടൂറിസം, ദേശീയ പൈതൃക വകുപ്പ് മക്ക ശാഖാ മേധാവി ഡോ. ഹിശാം ബിൻ മുഹമ്മദ് മദനിയാണ് മക്കയിലെ ഹോട്ടലുകളിൽ സഊദി വൽക്കരണം നടപ്പാക്കാൻ പദ്ധതിയുണ്ടെന്ന് വെളിപ്പെടുത്തിയത്. ഹോട്ടൽ മേഖലകളിലെ വിവിധ വകുപ്പുകളിൽ സമഗ്ര വികസനം നടപ്പാക്കാൻ പദ്ധതി തയ്യാറാക്കുന്നതോടൊപ്പം സഊദികളെ തൊഴിൽ രംഗത്ത് നിയമിക്കണമെന്ന കർശന ഉപാധികളും വരുന്നതോടെ ഈ മേഖലയിൽ നിന്നും വിദേശികൾ മാറി നിൽക്കേണ്ടി വരും. 
 
 മക്കയിൽ ടൂറിസം, ദേശീയ പൈതൃക വകുപ്പ് ലൈസൻസുള്ള 1,435 ടൂറിസം സ്ഥാപനങ്ങളാണുള്ളത്. കൂടാതെ ടൂറിസം, ദേശീയ പൈതൃക വകുപ്പ് ലൈസൻസുള്ള 1,303 ഹോട്ടലുകളും 132 റെസിഡൻഷ്യൽ യൂണിറ്റുകളുമുണ്ട്. മക്കയിൽ ഹോട്ടലുകളും ട്രാവൽസുകളും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളും അടക്കം ആകെ 2,870 സ്ഥാപനങ്ങൾ ലൈസൻസോടെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ടൂർ ഗൈഡ് മേഖലയിൽ പ്രവർത്തിക്കുന്നതിന് മുതവ്വിഫുമാരുടെ മക്കളെ റിക്രൂട്ട് ചെയ്യുന്നതിന് അറബ് രാജ്യങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുമായി സഹകരിച്ച് നടപ്പാക്കുന്നതിന്റെ ഫലമായി ടൂർ ഗൈഡുമാരായി പ്രവർത്തിക്കുന്നതിൽ 400 ലേറെ സഊദി യുവതീയുവാക്കൾക്ക് പരിശീലനം നൽകിക്കഴിഞ്ഞു. 
 
 മക്കയിൽ 100 ലേറെ ചരിത്ര, പൈതൃക, പുരാവസ്തു, വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. ഇവ വികസിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ടൂറിസം, ദേശീയ പൈതൃക വകുപ്പ് ഏകോപനം നടത്തിവരികയാണ്. കൂടാതെ, മുഴുവൻ ചരിത്ര, പൈതൃക, പുരാവസ്തു, വിനോദ സഞ്ചാര കേന്ദ്രങ്ങളും ടൂറിസം, ദേശീയ പൈതൃക വകുപ്പിന്റെ അംഗീകാരമുള്ള കേന്ദ്രങ്ങളുടെ പട്ടികയിൽ രജിസ്റ്റർ ചെയ്യുന്നതോടെ ടൂറിസം മേഖല കൂടുതൽ വ്യാപിക്കുമെന്നും തീര്ഥാടകരിൽ നല്ലൊരുക്കി ശതമാനം വിഭാഗത്തെയും ഇവിടേക്ക് ആകർഷിക്കാൻ കഴിയുമെന്നും കണക്കു കൂട്ടുന്നു. അടുത്തിടെ  മക്കയിൽ ടൂർ ഗൈഡുമാരായി പ്രവർത്തിക്കുന്നതിന് രണ്ടു സഊദി വനിതകൾക്കും ലൈസൻസ് നൽകിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.