2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

സഊദില്‍ മത്സ്യബന്ധന മേഖലയിലും സ്വദേശി വല്‍ക്കരണം നിര്‍ബന്ധമാക്കി

ഒക്‌ടോബര്‍ ഒന്ന് മുതല്‍ സ്വദേശിയെ കൂടാതെ ബോട്ടുകള്‍ കടലില്‍ ഇറക്കാന്‍ കഴിയില്ല

 

റിയാദ്: മത്സ്യമേഖലയില്‍ സഊദി വല്‍ക്കരണം ശക്തമാക്കുന്നതിന്റെ ആദ്യഘട്ടം പ്രഖ്യാപിച്ചു. സഊദി തൊഴില്‍ മന്ത്രാലയത്തിന് വേണ്ടി പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച നിര്‍ദേശം ബോട്ടുടമകള്‍ക്ക് നല്‍കിയതായും ഈ മാസം മുപ്പത് മുതല്‍ കടലില്‍ മീന്‍ പിടുത്തതിന് പോകുന്ന ബോട്ടുകളില്‍ ഒരു സഊദി തൊഴിലാളിയെങ്കിലും ഉണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട്.

ദേശീയ പരിവര്‍ത്തന പദ്ധതി ‘വിഷന്‍ 2030 ന്റെ ഭാഗമായി സഊദി യുവാക്കള്‍ക്ക് മത്സ്യബന്ധന മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. മീന്‍പിടിത്ത തൊഴില്‍ ചെയ്യാന്‍ താല്‍പര്യമുള്ള സ്വദേശി യുവാക്കളെ ജോലിക്കെടുക്കാന്‍ ബോട്ട് ഉടമകളോട് വിജ്ഞാപനം ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തിന്റെ കടലോര മേഖലകളില്‍ മീന്‍പിടുത്തവുമായി ബന്ധപ്പെട്ടു നിരവധി സ്വദേശി കുടുംബങ്ങള്‍ കഴിയുന്നുണ്ട്. എന്നാല്‍ വിദേശികള്‍ ഈ രംഗത്ത്എത്തിയതോടെ ഇവര്‍ ഉള്‍വലിയുകയായിരുന്നു. ഇവരെ വീണ്ടും തൊഴില്‍ മേഖലയിലേക്ക് അടുപ്പിക്കുകയാണ് മുഖ്യലക്ഷ്യം.

നിലവില്‍ പ്രഖ്യാപിച്ച കണക്കു പ്രകാരം ഒരു സഊദി ജീവനക്കാരനില്ലാത്ത ബോട്ടുകള്‍ക്ക് കടലില്‍ ഇറങ്ങാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍ വിലക്ക് വരും. മത്സ്യബന്ധന മേഖലയില്‍ മലയാളികളുള്‍പ്പെടെ ധാരാളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് ഇവിടെ മത്സ്യ ബന്ധന മേഖലയിലും അനുബന്ധ മേഖലകളിലും തൊഴിലെടുക്കുന്നത്. തമിഴ്‌നാട്ടുകാരായ മീന്‍ തൊഴിലാളികളും വ്യാപകമായി ഈ മേഖലയിലുണ്ട്. സഊദി വല്‍ക്കരണതോത് ഘട്ടം ഘട്ടമായി ഉയര്‍ത്തുന്നതോടെ ഈ മേഖലയിലും തൊഴില്‍ നഷ്ടമുണ്ടാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.