2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സഊദിയുടെ ചരിത്രത്തില്‍ ഇടം തേടുന്ന പ്രഖ്യാപനങ്ങള്‍ തിങ്കളാഴ്ച: കാതോര്‍ത്ത് പ്രവാസികള്‍

അബ്ദുസ്സലാം കൂടരഞ്ഞി

ദമ്മാം: സഊദിയുടെ ചരിത്രത്തിന്റെ ഭാഗമാകുന്ന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് വിദേശികള്‍. നിത്വാഖാത്തിന് ശേഷം പ്രവാസികളുടെ ഭാവി തീരുമാനിക്കമെന്ന് കരുതപ്പെടുന്ന പ്രഖ്യാപനങ്ങളാണ് ഈ മാസം 25ന് നടക്കുന്നത്. സഊദിയുടെ സാമ്പത്തിക വ്യവസ്ഥയെയും അതുവഴി പ്രവാസികളുടെ തൊഴിലിനെയും ബാധിച്ചേക്കാവുന്ന സാമ്പത്തിക നയങ്ങളിലെ പൊളിച്ചെഴുത്ത്, റസിഡന്‍സി അനുവദിക്കുന്ന ഗ്രീന്‍കാര്‍ഡ് പ്രഖ്യാപനം എന്നിവയാണ് തിങ്കളാഴ്ച നടക്കുക.
എണ്ണ മേഖലയില്‍ നിന്നുള്ള വരുമാനം പാടേ നിലച്ച സ്ഥിതിക്ക് സഊദി അറേബ്യയുടെ സാമ്പത്തിക നയങ്ങളില്‍ വന്‍ പൊളിച്ചെഴുത്ത് നടത്തിയുള്ള പ്രഖ്യാപനം ഈ മാസം 25ന് ഉണ്ടാകുമെന്ന് രണ്ടാം കിരീടവകാശിയും സാമ്പത്തികരംഗം നേതൃത്വം നല്‍കുന്നയാളുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് വെളിപ്പെടുത്തിയത്. എണ്ണയെ ആശ്രയിക്കാതെയുള്ള സാമ്പത്തിക നയം എങ്ങനെയായിരിക്കണമെന്ന സമഗ്ര പദ്ധതികളാണ് തയാറാക്കുന്നത്.

രാജ്യത്തിന്റെ വികസനം ,സാമ്പത്തിക ഭദ്രത തുടങ്ങിയ സര്‍വമേഖലകളെയും ബന്ധിപ്പിച്ചുള്ള പ്രഖ്യാപനമായിരിക്കും നടത്തുക. നികുതി പരിഷ്‌കാരം, ചിലവുചുരുക്കല്‍, ആസ്തി വില്‍പന, സാമ്പത്തിക സ്രോതസുകളുടെ വിനിയോഗം, കാര്യക്ഷമത വര്‍ധനവ് എന്നിവയായിരിക്കും സാമ്പത്തിക പരിഷ്‌കാരത്തില്‍ ഉള്‍പ്പെടുക.

രാജ്യത്തിന്റെ വരുമാന സ്രോതസായ എണ്ണ മേഖല കൈകാര്യം ചെയ്യുന്ന സഊദി അരാംകോയെ ഷെയറുകള്‍ വിറ്റ് ഊര്‍ജ്ജ വ്യവസായ സമുച്ചയമാക്കി മാറ്റുന്ന പ്രഖ്യാപനമായിരിക്കും പ്രധാനം .കൂടാതെ എണ്ണ വിപണി ഒഴിവാക്കുംമ്പോള്‍ ആ കാലത്തെപദ്ധതികള്‍ക്കായി പബ്ലിക് ഇന്‍വെസ്റ്റ് മെന്റ് ഫണ്ട് രൂപീകരണവും പ്രഖ്യാപിച്ചേക്കും. പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ പ്രവാസികളെ ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്ന കണക്കു കൂട്ടലിലാണ് പ്രവാസികള്‍. നികുതി പരിഷ്‌കാരം വരികയാണെങ്കില്‍ പ്രവാസികള്‍ക്ക് ഇത് സാരമായി ബാധിച്ചേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

രാജ്യത്തെ ജനസംഖ്യയുടെ ബഹുഭൂരിഭാഗം വരുന്ന പ്രവാസികളെ ലക്ഷ്യമിട്ട് യു.എസ് ഗ്രീന്‍ കാര്‍ഡ് സിസ്റ്റത്തിന് സമാനമായ പദ്ധതി പ്രഖ്യാപനവും തിങ്കളാഴ്ച നടന്നേക്കും.നേരത്തെ, കിരീടവകാശി പ്രഖ്യാപിച്ച ഗ്രീന്‍ കാര്‍ഡ് പദ്ധതി, വിശദാംശക്കള്‍ക്കായി കാത്തിരിക്കുകയാണെന്നും പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കുമെന്നും തൊഴില്‍ മന്ത്രി മുഫ് റജ് അല്‍ ഹഖബാനി ഇന്നലെ വ്യക്തമാക്കി.

വിദേശികള്‍ക്ക് അനുഗ്രഹമാകുമെന്ന് കരുതുന്ന ഗ്രീന്‍ കാര്‍ഡ് മോഡല്‍ പദ്ധതിക്ക് പുറമെ തൊഴിലുടമകള്‍ക്ക് അനുവദിച്ചതില്‍ കൂടുതല്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അവസരമുണ്ടാക്കുമെന്നുമാണ് കരുതുന്നത്. വന്‍ വരുമാന ലക്ഷ്യം മുന്നില്‍ കണ്ട് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന രണ്ട് പദ്ധതികളില്‍ കൂടി സര്‍ക്കാരിന് പ്രതിവര്‍ഷം രണ്ടായിരം കോടി ഡോളറിന്റെ അധിക വരുമാനമുണ്ടാക്കാമെന്നും നേരത്തെ നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കിയിരുന്നു .

രാജ്യത്ത് നിലവില്‍ ഒരു കോടിയിലേറെ വിദേശ തൊഴിലാളികളാണ് ഉള്ളത്. അമേരിക്ക നടപ്പിലാക്കുന്ന രീതിയിലുള ഗ്രീന്‍ കാര്‍സ് പദ്ധതി കൊണ്ടു വന്നാല്‍, പ്രവാസികള്‍ക്ക് സ്ഥിരതാമസം അനുവദിക്കുന്നതിലൂടെയും ഗ്രീന്‍ കാര്‍ഡ് പദ്ധതിയിലൂടെയും പ്രതിവര്‍ഷം ആയിരം കോടി ഡോളര്‍ വരുമാനവും അനുവദിച്ചതില്‍ കൂടുതല്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഏര്‍പെടുത്തുന്ന ഫീസിലൂടെ ആയിരം കോടി ഡോളറിന്റെ അധിക വരുമാനവും ഉണ്ടാക്കാമെന്നാണ് സഊദി കണക്കുകൂട്ടുന്നത്.

ഇതോടെ 2020 ഓടെ നൂറ് ബില്യണ്‍ ഡോളര്‍ എന്ന നിലയിലേക്ക് എണ്ണേതര വരുമാനം ഉയര്‍ത്താനാകുമെന്നും സഊദി കണക്കുകൂട്ടുന്നു. മാത്രമല്ല ഭാവിയില്‍ രാജ്യത്തിന്റെ സാമ്പത്തിക നില ശക്തിയായി കൊണ്ടുപോകാന്‍ കഴിയുമെന്നും ഏതു സാമ്പത്തിക പ്രതിസന്ധിയിലും പിടിച്ചു നില്‍ക്കാന്‍ ഇതു സഹായകരമാകുമെന്നും സഊദി കണക്കു കൂട്ടുന്നത്. ഏതായാലും വിദേശികളെ ബാധിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ക്ക് സഊദി ഭരണാധികാരികള്‍ മുതിരാതിരിക്കട്ടെ എന്നാണ് പ്രവാസികളുടെ പ്രാര്‍ഥന.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.