
റിയാദ്: സഊദിയില്‍ 12 മേഖലകളില്‍ ആദ്യഘട്ട സ്വദേശിവല്‍ക്കരണം നടപ്പായി. ഇതോടെ ഈ മേഖലകളിലെ കൂടുതല്‍ കടകളും അടഞ്ഞുകിടക്കുകയാണ്. വസ്ത്രങ്ങള്‍, വാഹന ഷോറൂമുകള്‍, ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍ എന്നിങ്ങനെ നാല് മേഖലകളിലായി മുപ്പതോളം ഇനങ്ങളിലാണ് ഇന്നലെ മുതല്‍ സഊദിവല്‍ക്കരണം നടപ്പാക്കിയത്. കഴിഞ്ഞ ജനുവരി 28ന് തൊഴില്‍മന്ത്രിയാണ് സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചത്.
സഊദിവല്‍ക്കരണം പാലിക്കാത്ത കടകള്‍ക്ക് പിഴ ഈടാക്കുകയും നിയമം ലംഘിച്ച് ജോലിചെയ്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് ജീവനക്കാരുള്ള സ്ഥാപനത്തിന് ക്ലീനിങ്, ലോഡിങ് ജോലിക്കായി ഒരു വിദേശിയെ ജോലിക്കുവയ്ക്കാം. അഞ്ചിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ 20 ശതമാനത്തിലധികം ക്ലീനിങ്, ലോഡിങ് തൊഴിലാളികളെ അനുവദിക്കില്ല. ഒരു സ്വദേശി സ്റ്റാഫിന്റെയെങ്കിലും സാന്നിധ്യമില്ലാതെ ഔട്ട്ലെറ്റുകള് തുറക്കാന്‍ പാടില്ല.