2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

സഊദിയില്‍ സ്വദേശിവത്ക്കരണം ഇനിയും ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ശൂറാ കൗണ്‍സില്‍ അംഗം

നിസാര്‍ കലയത്ത്

ജിദ്ദ: സഊദിയില്‍ സ്വദേശിവത്ക്കരണ ശ്രമങ്ങള്‍ ഇനിയും ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ശൂറാ കൗണ്‍സില്‍ അംഗം ഡോ. സഈദ് ബിന്‍ ഖാസിം അല്‍ മാലികി അഭിപ്രായപ്പെട്ടു. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളിലെ തൊഴിലവസരങ്ങളില്‍ കൂടുതല്‍ സഊദി സാന്നിദ്ധ്യം ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനു ആവശ്യമായ ശക്തമായ നടപടിയെടുക്കണം. തൊഴിലില്ലായ്മ  ഒരു പരിധി വരെ നിര്‍മ്മാര്‍ജ്ജനം ചെയ്യാം. എല്ലാ കാലവും വിദേശികളെ ആശ്രയിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  നല്ല രീതിയില്‍ ജോലി ചെയ്യാന്‍ പ്രാപ്തരായ സ്വദേശി ബിരുദ ധാരികള്‍ രാജ്യത്തുണ്ട്. മാസ്റ്റര്‍, ഡോക്ടറേറ്റ് ബിരുദ ധാരികളായ സഊദികള്‍ വരെ തൊഴില്‍ രഹിതരായി രാജ്യത്തുണ്ട്. അവര്‍ക്ക് യൂണിവേഴ്‌സിറ്റികളില്‍ തന്നെ തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കണം. വിദേശ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കണ്ടീഷനുകള്‍ പുന പരിശോധിക്കണം. ആരോഗ്യ മന്ത്രാലയത്തിലും യൂണിവേഴ്‌സിറ്റികളിലും മാത്രം 60,000 വിദേശികളാണു ജോലി ചെയ്യുന്നത്. ഇതിനും പൊതു ഖജനാവില്‍ നിന്നാണു പണം ഉപയോഗിക്കുന്നത്- ഡോ. സഈദ് ബിന്‍ ഖാസിം പറഞ്ഞു.

നൂറ് ശതമാനം സ്വദേശിവല്‍ക്കരമാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് നേരിയ ഇളവ് വരുത്തി. ഇതുപ്രകാരം 70 ശതമാനം സ്വദേശിവല്‍ക്കരണമാണ് നടപ്പാക്കുക. എങ്കിലും ചെറുകിട സ്ഥാപനങ്ങളിലെ പ്രവാസികള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും. 10 ജീവനക്കാരുള്ള സ്ഥാപനത്തില്‍ ഏഴ് വിദേശികളെ വയ്ക്കണമെന്ന നിബന്ധനയില്‍ ആശങ്കയിലാണ് വിദേശികള്‍.
സെപ്റ്റംബര്‍ 11 മുതലുള്ള സ്വദേശിവല്‍ക്കരണം സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. കടകള്‍ പൂട്ടുകയാണെന്നും നാട്ടിലേക്ക് തിരിക്കുകയാണെന്നും ഒട്ടേറെ പ്രവാസികള്‍ പറയുന്നു. അതേസമയം പലരും കടകളിലെ സാധനങ്ങള്‍ വിറ്റഴിക്കുന്ന തിരക്കിലാണ് ഇപ്പോള്‍. വലിയ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് നിലവില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കും.

മൂന്ന് ഘട്ടങ്ങളായിട്ടാണ് പുതിയ സ്വദേശിവല്‍ക്കരണം സഊദി അറേബ്യ നടപ്പാക്കുന്നത്. ആദ്യത്തേത് സെപ്റ്റംബര്‍ 11ന്. രണ്ടാംഘട്ടം നവംബര്‍ ഒന്‍പതു മുതല്‍. മൂന്നാംഘട്ടം ജനുവരി ഒന്ന് മുതല്‍. മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന മേഖലയിലാണ് പുതിയ നടപടി.
വാഹന വില്‍പ്പന കേന്ദ്രങ്ങള്‍, വസ്ത്രക്കട, വീട്ടുപകരണങ്ങളുടെ കടകള്‍, പാത്രക്കടകള്‍ ഉള്‍പ്പെടുന്നതാണ് ആദ്യഘട്ടം. നവംബര്‍ ഒമ്പതുമുതല്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് കടകള്‍, വാച്ച്, കണ്ണട കടകള്‍. ജനുവരി മുതലുള്ള മൂന്നാംഘട്ടത്തില്‍ ബേക്കറി, സ്‌പെയര്‍ പാട്‌സ്, കാര്‍പ്പറ്റ്്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളിലും നടപ്പാക്കും


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.