2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

സഊദിയില്‍ സ്വകാര്യ മേഖല തൊഴില്‍ വിസ കാലാവധി രണ്ടു വര്‍ഷമായി ഉയര്‍ത്തി

റിയാദ്: സഊദിയില്‍ തൊഴില്‍ വിസ കാലാവധി രണ്ടു വര്‍ഷമായി ഉയര്‍ത്തി. നിലവില്‍ ഒരു വര്‍ഷത്തേക്ക് നല്‍കിയിരുന്ന വിസയാണ് ഒരു വര്‍ഷത്തില്‍നിന്ന് രണ്ടു വര്‍ഷമായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ദീര്‍ഘിപ്പിച്ചത്. നേരത്തെ, സഊദിവല്‍ക്കരണവുമായി ബന്ധപ്പെട്ടു ഒരു വര്‍ഷമാക്കി കുറച്ച വിസ കാലാവധി രണ്ട് വര്‍ഷമാക്കുന്നത് സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് അവരുടെ വിസ, റിക്രൂട്ടിങ് നടപടികള്‍ക്ക് ആശ്വാസം ലഭിക്കാനാണെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

യാതൊരു ഫീസും നല്‍കാതെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനാണ് മന്ത്രാലയം സൗകര്യം ഒരുക്കിയത്. വിസ കരസ്ഥമാക്കുന്ന കമ്പനികള്‍ക്ക് രണ്ട് വര്‍ഷത്തിനകം റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാക്കിയാല്‍ മതി. സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്തും പ്രതിബന്ധങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമാണ് വിസാ കാലാവധി രണ്ടു വര്‍ഷമായി നീട്ടാന്‍ തീരുമാനിച്ചതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

വിസ ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പൂര്‍ണമാണെങ്കില്‍, നേരത്തെ ലഭിച്ച ഒരു വര്‍ഷ കാലാവധിയുള്ള വിസകള്‍ റദ്ദാക്കി രണ്ടു വര്‍ഷ കാലാവധിയുള്ള പുതിയ വിസകള്‍ നേടുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

എന്നാല്‍, സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കലും കാലാവധി നീട്ടി നല്‍കുന്നതിന്റെ ലക്ഷ്യമാണ്. മന്ത്രാലയം അനുവദിച്ച വിസയില്‍ കൂടുതല്‍ സാവകാശമെടുത്ത് ആവശ്യമെങ്കില്‍ മാത്രം വിദേശ റിക്രൂട്ടിങ് നടത്താനും അനുയോജ്യരായ സ്വദേശികളെ കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.