2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സഊദിയില്‍ വിദേശികള്‍ക്ക് തിരിച്ചടിയായി ആദായ നികുതി ഏര്‍പ്പെടുത്താന്‍ നീക്കം

ദമ്മാം: സഊദിയില്‍ വിദേശികള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്താന്‍ നീക്കം. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികള്‍ക്ക് തിരിച്ചടിയായി ആദായ നികുതി ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശികള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള സംവിധാനം രൂപം നല്‍കുന്നതിനായി ധനമന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്. ഇതിനായി 15 കോടി റിയാല്‍ നീക്കിവച്ചിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് മൂല്യ വര്‍ധിതനികുതി, സെലക്ടീവ് നികുതി തുടങ്ങിയവ ഏര്‍പ്പെടുത്തുന്നതിന് നേരത്തെ തന്നെ ധാരണയായിരുന്നു. ജി.സി.സി യില്‍ മൊത്തത്തില്‍ അടുത്ത വര്‍ഷത്തില്‍ നടപ്പാക്കാനാണ് പദ്ധതി. ഇതിനായി 24 കോടി റിയാല്‍ സഊദി നീക്കിവച്ചിട്ടുണ്ട്. ഒരു കോടിയോളം വിദേശികള്‍ ഉള്ളതായി കണക്കാക്കുന്ന രാജ്യത്ത് ആദായ നികുതി ഏര്‍പ്പെടുത്തുന്നതോടെ കൂടുതല്‍ വരുമാനം ഖജനാവിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
എണ്ണ വിപണി കൂപ്പുകുത്തുകയും വില കുത്തനെ കുറഞ്ഞത് തുടരുകയും ചെയ്യുന്നതിനാല്‍ സഊദി സാമ്പത്തികരംഗം വളരെ പ്രയാസത്തോടെയാണ് കടന്നു പോകുന്നത്. ഇത് മറികടക്കാനായി പല വഴികളും സഊദി ഭരണകൂടം തേടുന്നുണ്ട്. സഊദിയില്‍ വിദേശികളുടെ നാട്ടിലെക്ക് അയയ്ക്കുന്ന പണത്തിന്റെ ഒഴുക്കും ഓരോ വര്‍ഷവും കുത്തനെ കൂടുന്നതും രാജ്യത്തിന്റെ സാമ്പത്തികനില തകരാന്‍ ഇടയാക്കുന്നതായാണ് കണ്ടെത്തല്‍. ഇത് പരമാവധി തടയാനാണ് ആദായ നികുതി ഏര്‍പ്പെടുത്താന്‍ ധനകാര്യ മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.