2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

സഊദിയില്‍ ബിനാമി ബിസിനസ്: മൂന്ന് മലയാളികള്‍ക്ക് തടവും പിഴയും നാടുകടത്തലും

റിയാദ്: സഊദിയില്‍ സ്വന്തം നിലക്ക് ബിസിനസ്സ് നടത്തിയ മൂന്ന് മലയാളികളെ ക്രിമിനല്‍ കോടതി ശിക്ഷിച്ചു. ബിസിനസ് നടത്തുന്നതിനുള്ള അനുമതി ലഭിക്കാതെ സ്വന്തം നിലക്ക് സ്ഥാപനം നടത്തിയ കേസിലാണ് ഇവരെ സകാക ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. ഭക്ഷ്യവസ്തുക്കളുടെ മൊത്ത, ചില്ലറ വ്യാപാര മേഖലയില്‍ സ്വന്തം നിലക്ക് സ്ഥാപനം നടത്തിയ കുഞ്ഞിപാറമ്മാട്ട് നാസിര്‍, യൂനുസ് കാരാടന്‍ ഇബ്രാഹിം, അസീസ് പാവേരി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കുഞ്ഞി പാറമ്മാട്ട് നാസിറിന് ആറു മാസം തടവും മറ്റു രണ്ടു പേര്‍ക്ക് നാലു മാസം വീതം തടവുമാണ് കോടതി വിധിച്ചത്.

ശിക്ഷാ കാലാവധിക്ക് ശേഷം ആജീവനാന്ത വിലക്കോടെ ഇവരെ നാട് കടത്താനും ഉത്തരവുണ്ട്. ഇവര്‍ക്ക് സ്ഥാപനം നടത്താന്‍ സഹായം ചെയ്തു കൊടുത്ത സഊദി പൗരന്‍ സഹീര്‍ ബിന്‍ ദഹ്‌ലാന്‍ ബിന്‍ നാസിര്‍ അല്‍ശറാരിക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ഇനി സ്ഥാപനങ്ങള്‍ തുടങ്ങുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
നിയമ ലംഘകര്‍ക്ക് കോടതി മൂന്നു ലക്ഷം റിയാല്‍ പിഴ ചുമത്തുകയും സ്ഥാപനം അടപ്പിക്കുന്നതിനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും വിധിച്ചു. നിയമ ലംഘകരുടെ പേരുവിവരങ്ങളും അവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും കുറ്റക്കാരുടെ സ്വന്തം ചെലവില്‍ പ്രാദേശിക പത്രത്തില്‍ പരസ്യം ചെയ്യാനും കോടതി ഉത്തരവുണ്ട്.

സ്ഥാപനം ഇന്ത്യക്കാര്‍ നടത്തുന്നതായി സംശയിക്കുന്നതായി ഒരു സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്നാണ് വാണിജ്യ മന്ത്രാലയം അന്വേഷണം തുടങ്ങിയത്. പരിശോധനയില്‍ സ്ഥാപനം ഇന്ത്യക്കാര്‍ സ്വന്തം നിലക്ക് നടത്തുന്നതാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഭീമമായ തുക ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും വഴി നിയമ ലംഘകര്‍ സ്വദേശത്തേക്ക് അയച്ചതിന്റെ രേഖകളും അഞ്ചു ലക്ഷത്തിലേറെ റിയാലും കണ്ടെടുത്തിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News