2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

സഊദിയില്‍ നിന്നെത്തിച്ച മൃതദേഹം മാറി; കിട്ടിയത് ശ്രീലങ്കന്‍ യുവതിയുടേത്

കോന്നി: വിദേശത്ത് മരിച്ച യുവാവിന്റെ മൃതദേഹത്തിന് പകരം വീട്ടിലെത്തിയത് ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹം. പത്തനംതിട്ട കോന്നി കുമ്മണ്ണൂരിലാണ് സംഭവം. ഈട്ടിമൂട്ടില്‍ അബ്ദുല്‍ റസാഖ് -ഫാസിമബീവി ദമ്പതികളുടെ മകന്‍ റഫീഖ് റഫാഖ് (27) സഊദിയില്‍ വച്ച് കഴിഞ്ഞ മാസം 27ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കഴിഞ്ഞ ദിവസം നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം പിതാവ് ഉള്‍പ്പെടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു. പിറ്റേന്ന് രാവിലെ ഖബറടക്കാനായി പള്ളിയില്‍ വച്ച് പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. പൊലിസ് പരിശോധനയില്‍ മൃതദേഹം 45കാരിയായ ശ്രീലങ്കന്‍ യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം എത്തിച്ച പെട്ടിക്ക് മുകളില്‍ ബണ്ഡാര മനേകി ബാലേഗി എന്ന് രേഖപ്പെടുത്തിയിരുന്നു. 35ാം നമ്പര്‍ പെട്ടിയിലായിരുന്നു റഫീഖിന്റെ മൃതദേഹമെന്നും നാട്ടിലെത്തിയത് 32ാം നമ്പര്‍ പെട്ടിയാണെന്നും ബന്ധുക്കള്‍ പറഞ്ഞു. സഊദിയിലെ അബഹായിലെ അസീര്‍ ആശുപത്രിയിലാണ് മൃതദേഹം എംബാം ചെയ്ത് പെട്ടിയിലടച്ച് കേരളത്തിലേക്ക് അയച്ചത്. പെട്ടിയിലടച്ചപ്പോള്‍ മൃതദേഹം മാറിപ്പോയതോ അല്ലെങ്കില്‍ കേരളത്തിലേക്കയച്ചപ്പോള്‍ പെട്ടി മാറിപ്പോയതോ ആകാമെന്നാണ് പൊലിസ് നിഗമനം.
കഴിഞ്ഞ മാസം 27ന് രാത്രി അബഹയിലെ താമസ മുറിയില്‍ റഫീഖിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. റഫീഖിന്റെ ഭാര്യ: സുറുമി മോള്‍. മകന്‍: റേഹാന്‍.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.