2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

സഊദിയില്‍ കൂടുതല്‍ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കെതിരെ വിചാരണ

റിയാദ്: സഊദിയില്‍ ബ്രദര്‍ഹുഡിന്റെ കൂടുതല്‍ പ്രവര്‍ത്തകര്‍ക്കെതിരെ വിചാരണ. പ്രത്യേക കോടതിയിലാണ് വിചാരണ തുടരുന്നത്. കഴിഞ്ഞ ദിവസം മുതിര്‍ന്ന ബ്രദര്‍ഹുഡ് നേതാവിനെതിരെയുള്ള കേസുകളില്‍ വിചാരണ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള വിചാരണ ആരംഭിച്ചത്.

മാധ്യമ പ്രവര്‍ത്തകരുടെയും മനുഷ്യാവകാശ കമ്മീഷന്‍ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് വിചാരണ നടക്കുന്നതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ, കഴിഞ്ഞ ദിവസം കൂടുതല്‍ പേരെ വിചാരണക്കായി കോടതിയിലെത്തിച്ചു. സഊദിയില്‍ ഭരണമാറ്റം ആവശ്യപ്പെടല്‍,അസ്ഥിരതെക്കും കലാപത്തിനും തുടര്‍ച്ചയായ ശ്രമംനടത്തല്‍, ഖത്തറിലെ ഈദ് അല്‍താനി ഫൗണ്ടേഷനുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍, ഭീകരരെ വിട്ടയക്കണമെന്ന് ആവശ്യപ്പെടല്‍, ഭീകര സംഘടനയായി പ്രഖ്യാപിച്ച മുസ്‌ലിം ബ്രദര്‍ഹുഡില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കല്‍, സഊദി അറേബ്യക്കും ഭരണാധികാരികള്‍ക്കുമെതിരായ ബ്രദര്‍ഹുഡ് അജണ്ടകള്‍ നടപ്പാക്കുന്നതിന് രാജ്യത്തിനകത്തും വിദേശത്തും മീറ്റിംഗുകളും സമ്മേളനങ്ങളും സംഘടിപ്പിക്കല്‍, സഊദിയടക്കമുള്ള അറബ് രാജ്യങ്ങളില്‍ ഭരണമാറ്റം ലക്ഷ്യമിട്ട് ജനകീയ വിപ്ലവങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് സംഘടിപ്പിച്ച ഫോറത്തിന് സാമ്പത്തിക സഹായം നല്‍കല്‍, ഭരണാധികാരികള്‍ക്കെതിരെ പൊതുസമൂഹത്തെ ഇളക്കിവിടല്‍, അറബ് രാജ്യങ്ങളില്‍ ഖിലാഫത്ത് ഭരണം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടല്‍, സാമൂഹിക മാധ്യമങ്ങളില്‍ ഭീകരവാദം പ്രചരിപ്പിക്കല്‍ എന്നിവയടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് വിവിധ പ്രതികള്‍ക്കെതിരെ ഉന്നയിക്കപ്പെട്ടത്.

രാജ്യത്തെ നിയമം അനുശാസിക്കുന്ന തരത്തിലുള്ള കനത്ത ശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

നേരത്തെ,മുസ്‌ലിം ബ്രദര്‍ഹുഡിന്റെ അന്ത്രാഷ്!ട്ര പണ്ഡിത സഭ ഇന്റര്‍നാഷണല്‍ യൂനിയന്‍ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ജനറലിനെതിരെ നടന്ന വിചാരണയില്‍ വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.