2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

സഊദിയില്‍ കാറിടിച്ചു മരിച്ച മലയാളി നഴ്‌സിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ കൈമാറി

പണം ലഭിച്ചത് അപകടം നടന്നു ആറു വര്‍ഷത്തിനു ശേഷം

റിയാദ്: റോഡ് മുറിച്ചു കടക്കുമ്പോള്‍ കാറിടിച്ചു മരിച്ച മലയാളി നഴ്‌സിന്റെ കുടുംബത്തിന് ആറു വര്‍ഷത്തിന് ശേഷം നഷ്ടപരിഹാരം ലഭിച്ചു. റിയാദിന് സമീപം അല്‍ഖര്‍ജില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ച് മരിച്ച ചങ്ങനാശേരി, മടപ്പള്ളി, മാമൂട് സ്വദേശിനി ജൂഡിയുടെ പിതാവ് മാത്യുവിനാണ് 10 ലക്ഷത്തോളം രൂപ ലഭിച്ചത്. കേസ് നടത്തിപ്പിന് ശേഷം ലഭിച്ച പണം ഇന്ത്യന്‍ എംബസി കോട്ടയം കളക്റ്ററിലേക്ക് അയക്കുകയും കളക്ടറേറ്റില്‍ നിന്നും കുടുംബം സ്വീകരിക്കുകയും ചെയ്തു. റിയാദ് കോടതി രണ്ടു വര്‍ഷം മുന്‍പ് നഷ്ടപരിഹാരമായി 56,250 വിധിച്ചെങ്കിലും നിരവധി വാതിലുകള്‍ മുട്ടിയ ശേഷമാണ് കുടുംബത്തിന്റെ കൈകളില്‍ ഒടുവില്‍ പണം എത്തിയത്.

2012 ഒക്ടോബര്‍ 26നായിരുന്നു അപകടം. അല്‍ ഖര്‍ജിലെ അല്‍മദാര്‍ ഡന്റല്‍ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്‌സായിരുന്ന 22 വയസുകാരിയായ ജൂഡി മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ ക്ലിനിക്കിന് എതിര്‍വശത്തുള്ള ബഖാലയില്‍ പോയി തിരിച്ചുവരുമ്പോഴാണ് അപകടം ഉണ്ടായത്. 14 കാരനായ സഊദി ബാലന്‍ ഓടിച്ച കാര്‍ ഇടിച്ചുതെറിപ്പിച്ചതിനെ തുടര്‍ന്നു യുവതി തല്‍ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം പിന്നീട് നാട്ടിലെത്തിസംസ്‌കരിക്കുകയും ചെയ്തിരുന്നു. ശമ്പളവും സര്‍വീസാനുകൂല്യവുമുള്‍പ്പടെയുള്ള തുക ഉടനെ തന്നെ തൊഴിലുടമ നാട്ടില്‍ അയച്ചുകൊടുത്തിരുന്നു.
അപകടത്തെ തുടര്‍ന്ന് സ്വദേശി ബാലനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്‌തെങ്കിലും കേസ് നടപടികള്‍ കോടതിയില്‍ തുടര്‍ന്നു. 2014 ലാണ് നഷ്ടപരിഹാരം സംബന്ധിച്ച വിധിപ്രഖ്യാപനമുണ്ടായത്.

56,250 സഊദി റിയാലാണ് കോടതി വിധിച്ചത് . ഇതിനു തത്തുല്യമായ 10,34,000 രൂപയാണ് ഇപ്പോള്‍ കുടുംബത്തിന് കിട്ടിയത്. ജൂഡിയുടെ മരണത്തോടെ അച്ഛനും അമ്മയും നിരാലംബരായി. ഇവര്‍ ഒരു വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഏക സഹോദരി വിവാഹം കഴിച്ച് മാറി താമസിക്കുകയാണ്. മകളുടെ മരണത്തോടെ വരുമാനം നിലച്ച മാതാപിതാക്കള്‍ വളരെ പ്രയാസപ്പെട്ടാണ് കഴിഞ്ഞുകൂടിയത്. ഇതിനിടയില്‍ അമ്മ അര്‍ബുദ രോഗം ബാധിച്ച് മരിക്കുകയും ചെയ്തതോടെ പിതാവ് മാത്യു ഒറ്റക്ക് വാടക വീട്ടിലാണ് താമസം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.