2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

സഊദിയില്‍ ആദ്യ വനിത കാര്‍ട്ട് റേസ് അരങ്ങേറി

റിയാദ്: വനിതകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ച സഊദിയില്‍ ആദ്യമായി വനിതാ ഗോ കാര്‍ട്ട് റേസ് മത്സരം അരങ്ങേറി. ജിദ്ദയില്‍ നടന്ന മത്സരത്തില്‍ നിരവധി യുവതികളാണ് അണിനിരന്നത്. ശനിയാഴ്ച്ച നടന്ന ഫൈനല്‍ മത്സരത്തില്‍ കിംഗ് ഫൈസല്‍ സര്‍വ്വകലാശാല മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി അംജദ് അല്‍ ഉംറി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2500 ഡോളര്‍ മൂല്യമുള്ള സമ്മാനമാണ് വിജയികള്‍ക്ക് വിതരണം ചെയ്തത്. സഊദി ഓട്ടോമൊബൈല്‍, മോട്ടോര്‍സൈക്കിള്‍ ഫെഡറേഷന്റെ സഹകരണത്തോടെ സഊദി സ്‌പോര്‍ട്‌സ് ജനറല്‍ അതോറിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്.

രാജ്യത്ത് സ്ത്രീകള്‍ക്ക് പരസ്യമായി അനുവദിച്ച ഈ മത്സരം ഏറെ ആവേശകരമായിരുന്നെന്ന് സഊദി മോട്ടോര്‍ ഫെഡറേഷനിലെ ആദ്യ വനിത ബോര്‍ഡ് മെമ്പര്‍ അസീല്‍ അല്‍ ഹമദ് പ്രതികരിച്ചു. നിരവധി വനിതകളാണ് ഈ രംഗത്തേക്ക് കടന്നു വരുന്നതെന്നും ഇവര്‍ പറഞ്ഞു. നേരത്തെ ജൂലൈയില്‍ മത്സരത്തിന്റെ ആദ്യ രണ്ടു റൗണ്ടുകള്‍ അരങ്ങേറിയിരുന്നു. അതില്‍ വിജയികളായവരാണ് ഫൈനലില്‍ മാറ്റുരച്ചത്.

വനിതകള്‍ക്ക് നിരത്തുകളില്‍ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതടക്കമുള്ള നിരവധി പരിഷ്‌കാരങ്ങളാണ് നിലവിലെ സഊദി ഭരണകൂടം നടപ്പിലാക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലാണ് ഭരണ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.