
റിയാദ്: സഊദിയിലെ തെക്കു പടിഞ്ഞാറന്‍ മേഖലയായ അസീറിലെ വിവിധ ജയിലുകളില്‍ മലയാളികള്‍ ഉള്‍പ്പെടെ അന്‍പത്തിരണ്ടു ഇന്ത്യക്കാര്‍ ഉള്ളതായി അധികൃതര്‍ അറിയിച്ചു. ഖമീസ് മുശൈത്ത്, അബഹ, അല്‍ നമാസ്, ബനീ ആമിര്‍, ഗനാ ബഹര്‍ എന്നിവിടങ്ങളിലെ ജയിലുകളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു കൊലക്കേസുകളില്‍ പിടിയിലായ മൂന്നു പേരും ഇതിലുള്‍പ്പെടും. വാഹനപാകടക്കേസ്, സാമ്പത്തിക ഇടപാടു കേസില്‍ ആറു പേരും, സദാചാര നിയമ ലംഘന കേസില്‍ മൂന്നു പേര്, ലഹരി നിര്‍മ്മാണ, കടത്ത് കേസില്‍ 40 പേര് എന്നിങ്ങനെയാണ് ഇന്ത്യക്കാര്‍ ജയിലുകളില്‍ കഴിയുന്നത്.
കന്യാകുമാരി സ്വദേശി കുത്തേറ്റു മരിച്ച കേസില്‍ രണ്ട് തമിഴ്നാട്ടുകാരും ബന്ധുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു യു.പി സ്വദേശിയുമാണ് കൊലപാതക കേസില്‍ വിധി കാത്ത് കഴിയുന്നത്.
കൊല്ലപ്പെട്ട യു.പി സ്വദേശിയുടെ ബന്ധുക്കള്‍ സഊദിയിലെത്തി കേസിന്റെ പുരോഗതി വിലയിരുത്തിയിരുന്നു. പ്രതിക്ക് മാപ്പ് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ കോണ്‍സുലേറ്റ് അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയിരുന്നെങ്കിലും ബന്ധുക്കള്‍ വഴങ്ങിയില്ല. കന്യാകുമാരി സ്വദേശികളുടെ കാര്യത്തിലും പ്രതികള്‍ക്ക് മാപ്പ് നല്കാന് ബന്ധുക്കള്‍ തയ്യാറായിട്ടില്ല.
കൊല്ലം സ്വദേശിയായ ബെഞ്ചമിന്‍ വാഹനാപകട കേസിലാണ് അഴിക്കുളില്‍ പെട്ടത്. ബഹ്റൈനിലെ കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്യുന്ന ബെഞ്ചമിന്‍ ചരക്കുമായി ഇവിടെയെത്തിയപ്പോഴാണ് പഴയ വാഹാനാപകട കേസില്‍ പിടിയിലായത്. നേരത്തെ സഊദിയില്‍ നടന്ന അപകടത്തില്‍ മരിച്ച സ്വദേശി പൗരനുള്ള നഷ്ട പരിഹാര തുക ഇന്‍ഷുറന്‍സ് കമ്പനി നല്‍കുമെന്ന ധാരണയില്‍ ബെഞ്ചമിന്‍ എക്സിറ്റ് ലഭിച്ച് നാട്ടില്‍ പോയി. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനി തുക നല്‍കാത്തതിനെ തുടര്‍ന്ന് കേസ് വീണ്ടും ബെഞ്ചമിന്റെ പേരിലാകുകയായിരുന്നു. പ്രേമചന്ദ്രന് എംപിയുടെ ആവശ്യപ്രകാരം എംബസി ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള മതിയായ രേഖകള്‍ ലഭ്യമാവാത്തതാണ് തടസ്സം. മരിച്ചവരുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തി പരിഹാരം കാണുന്നതിനും ശ്രമം തുടരുന്നുണ്ട്. വാഹനാപകട നഷ്ടപരിഹാര കേസിലാണ് പാലക്കാട് സ്വദേശി ഉദയന്‍ ജയിലില്‍ കഴിയുന്നത്.
വൈസ് കോണ്‍സുല്‍ സഞ്ജയ് ശര്‍മ്മക്കൊപ്പം കോണ്‍സുലേറ്റ് ഓഫീസര്‍ റിയാസ് ജീലാനി, സി.സി ഡബ്ലിയു അംഗങ്ങളായ ഇബ്രാഹിം പട്ടാമ്പി, ബിജു.കെ നായര്‍ എന്നിവരും ജയില്‍ സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു.