2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിലെ തബൂക്കില്‍ 90,000 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള മനുഷ്യന്റെ എല്ലുകള്‍ കണ്ടെത്തി

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദിയിലെ തബൂക്കില്‍ ഖനനത്തിനിടയില്‍ വളരെ പുരാതനമായ മനുഷ്യന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷണ സംഘം സഊദി പുരാവസ്തു ശാസ്ത്രജ്ഞരുമായി യോജിച്ചു തബൂക്കിലെ നാഫൂദ് മരഭൂമിയിലെ തയ്മയില്‍ നടത്തുന്ന ഖനന ഗവേഷണത്തിനിടെയാണ് 90,000 വര്‍ഷങ്ങള്‍ക്കു  മുന്‍പ് ജീവിച്ചതെന്നു കരുതുന്ന ആദിമ മനുഷ്യന്റെ എല്ലുകള്‍ കണ്ടെടുത്തത്.

മനുഷ്യ വാസചരിത്രത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന അതി പുരാതന നഗരിയായ ഇവിടെ നടത്തിയ  ഘനത്തിനിടയില്‍ ആദിമ മനുഷ്യന്റെ കൈ വിരലിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഏകദേശം  90,000 വര്‍ഷങ്ങള്‍ക്കു  മുന്‍പ് ഇവിടെ വസിച്ചിരുന്ന മനുഷ്യരിലേക്ക് വെളിച്ചം വീശുന്ന തെളിവുകളാണ് കണ്ടെത്തിയതെന്ന് സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് (എസ് സി ടി എന്‍ എച് ) ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

 ഫ്രാന്‍സിലെ ആര്‍ട്‌സ്  അക്കാദമിയായ  ഡെസ് ബ്യോക്‌സ് ആര്‍ട്‌സില്‍ പ്രഭാഷണം നടത്തവേ ഇത് സംബന്ധിച്ചു സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് പ്രിന്‍സ് സുല്‍താന്‍ ബിന്‍ സല്‍മാനാണ് ആദ്യം വെളിപ്പെടുത്തിയത്.

ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, സഊദിയിലെ കിംഗ് സഊദ് യൂണിവേഴ്‌സിറ്റി , ഹായില്‍ യൂണിവേഴ്‌സിറ്റി,  കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, സഊദി ജിയോളജിക്കല്‍ സര്‍വ്വേ ,  സഊദി അരാംകോ എന്നിവയുടെ സംയുക്ത സംഘമാണ് ഖനനത്തിന് നേതൃത്വം നല്‍കുന്നത് .

ആദിമ മനുഷ്യന്റെ  പഠനത്തിന് സഹായകരമാകുന്ന ഏറ്റവും വലിയ തെളിവുകളാണിതെന്നും സഊദി ഗവേഷകര്‍ക്ക് ലഭിച്ച പ്രധാനപ്പെട്ട ഒരു തെളിവാണിതെന്നും സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ്  വ്യക്തമാക്കി.

 സഊദിയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഖനനം നടത്തി പഠനം നടത്തുന്ന സഊദി ബ്രിട്ടീഷ് സംയുക്ത സംരംഭത്തിന്റെ ഭാഗമാണ് ഈ പ്രോജക്ട് .ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചു പുരാവസ്തുശാസ്ത്ര സംബന്ധിയായ ഖനനം നടത്തി പഠനം നടത്തുന്നതിന് 2012 ലാണ് സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ്  തുടക്കം കുറിച്ചത്.

ആദിമ മനുഷ്യരുടെയും മറ്റു ജീവികളുടെയും വംശ നാശവും  രീതികളും മനസ്സിലാക്കുന്നതിനുള്ള പഠനം 2017 വരെ അഞ്ചു വര്‍ഷത്തേക്ക്  നടത്താനായിരുന്നു  സംയുക്ത തീരുമാനം.
 
ഗവേഷണം തുടങ്ങിയത് മുതല്‍ നേരത്തെ 300,000 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്നെന്നു കരുതുന്ന ആനകളുടേതടക്കമുള്ള ഫോസ്സിലുകളും ആദ്യ കാല ഭീമാകാരങ്ങളായ ജീവികളുടെയും സസ്തനി കളുടെയും ഫോസ്സിലുകളും മറ്റു അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.

ഫോസിലുകള്‍ കണ്ടെത്തിയ നാഫൂദ് മരുഭൂമിയിലും അറേബ്യന്‍ മരുഭൂമിയിലും മനുഷ്യന് ഊഹിക്കാന്‍ കഴിയാത്ത അത്രയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജീവികള്‍ ഉണ്ടായതായാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. മാത്രമല്ല അന്നത്തെ ജീവികള്‍ പലതും ഭീമാകാരമായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. നാഫൂദ് മരുഭൂമിയില്‍ നേരത്തെ കണ്ടെത്തിയ ആനയുടെ ഫോസില്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ആനയുടെ കാല്‍  അസ്ഥി കണ്ടെത്തിയ സ്ഥലത്തു നിന്നും ഏറെ  മീറ്ററുകള്‍  അകലെയാണ് ദംഷ്ഠകള്‍ കണ്ടെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.