2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

സഊദികളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് തുര്‍ക്കി

അങ്കാറ: സഊദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സഊദി പൗരന്മാരുടെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ട് തുര്‍ക്കി മാധ്യമം. ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റിലേക്ക് ജമാല്‍ കഷോഗി പ്രവേശിക്കുന്നതിന്റെയും അദ്ദേഹത്തെ കാണാതായതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്നവരുടെയും ദൃശ്യങ്ങളാണ് തുര്‍ക്കി മാധ്യമമായ ടി.ആര്‍.ടി വേള്‍ഡ് പുറത്തുവിട്ടത്.
ഇവര്‍ 15 പേരുണ്ടെന്നും സഊദി രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണെന്നും തുര്‍ക്കി പറഞ്ഞിരുന്നു. കൂടാതെ സഊദി പൗരന്മാര്‍ ഇസ്താംബൂള്‍ വിമാനത്താവളം വഴി രാജ്യം വിടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സഊദിയുടെ രണ്ട് ജെറ്റ് വിമാനങ്ങളിലാണ് ഇവര്‍ തുര്‍ക്കിയില്‍ എത്തിയത്. അതേ ദിവസം തന്നെയാണ് വിവാഹവുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ തയാറാക്കാനായി ജമാല്‍ കഷോഗി കോണ്‍സുലേറ്റിലെത്തിയതും.
കഷോഗിയുടെ തിരോധാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച 15 സഊദികള്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് തുര്‍ക്കി പത്രമായ സബാഹാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫോറന്‍സിക് വിദഗ്ധനും സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി 150 സുരക്ഷാ കാമറകള്‍ കേസ് അന്വേഷിക്കുന്ന സംഘം പരിശോധിച്ചു.
കഷോഗിയെ തട്ടിക്കൊണ്ടുപോയതാണെന്ന് തുര്‍ക്കിയിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി കോണ്‍സുലേറ്റില്‍ തിരച്ചില്‍ നടത്തുമെന്ന് തുര്‍ക്കി അറിയിച്ചിരുന്നു.അന്വേഷണത്തിനുള്ള മുഴുന്‍ സഹായങ്ങളും നല്‍കുമെന്നു സഊദി അറിയിച്ചിരുന്നു.
അതിനിടെ സംഭവത്തില്‍ സഊദിക്കെതിരേ ശക്തമായ വിമര്‍ശനവുമായി യു.കെ രംഗത്തെത്തി. കഷോഗിയുടെ തിരോധാനത്തില്‍ സഊദി അറേബ്യ അടിയന്തരമായി മറുപടി നല്‍കണമെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ജെര്‍മി ഹണ്ട് ആവശ്യപ്പെട്ടു. സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജൂബൈറിനെ ടെലിഫോണില്‍ വിളിച്ച് അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി. സുഹൃദ്ബന്ധം നിലനില്‍ക്കുന്നത് മൂല്യങ്ങള്‍ കൈമാറുന്നതിന് അനുസരിച്ചാണെന്ന് ജെര്‍മി ഹണ്ട് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനെ കാണാതായതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സുതാര്യമാവണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സഊദിയോട് ആവശ്യപ്പെട്ടു. ജമാലിന്റെ തിരോധാനത്തില്‍ സഹായിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടും ഭാര്യ മെലാനിയ ട്രംപിനോടും അദ്ദേഹത്തിന്റെ പ്രതിശ്രുത വധു ഹാറ്റിസ് സെക്കിസ് ആവശ്യപ്പെട്ടു. വാഷിങ്ടണ്‍ പോസ്റ്റിലെഴുതിയ കുറിപ്പിലൂടെയാണ് അവര്‍ സഹായം അഭ്യര്‍ഥിച്ചത്. തങ്ങള്‍ വിവാഹം കഴിക്കാനിരിക്കെയാണ് അദ്ദേഹത്തെ കാണാതായത്. മൂല്യങ്ങള്‍ പിന്തുടര്‍ന്ന് ധൈര്യത്തോടെ പോരാടുന്ന ചിന്തകനായിരുന്നു ജമാല്‍. അവനെ തട്ടിക്കൊണ്ടുപോവുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ എങ്ങനെ ജീവിക്കാനാകുമെന്ന് തനിക്ക് അറിയില്ലെന്ന് അവര്‍ കുറിപ്പില്‍ പറയുന്നുണ്ട്.
കഷോഗിയുടെ തിരോധാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ തുര്‍ക്കിയും സഊദി അറേബ്യയും അനുയോജ്യമായ അന്വേഷണം നടത്തണമെന്ന് യു.എന്‍ മനുഷ്യാവകാശ സംഘടന പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ മരിച്ചുവെന്ന വാര്‍ത്ത സത്യമാണെങ്കില്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനയുടെ വക്താവ് രവീനാ ശംദാസനി പറഞ്ഞു. സഊദി പൗരനായ കഷോഗി യു.എസിലാണ് താമസിക്കുന്നത്. സഊദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ അദ്ദേഹം വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയിരുന്നു. കഷാഗി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടുവെന്നാണ് തുര്‍ക്കിയുടെ അധികൃതരുടെ വാദം. എന്നാല്‍ ഇക്കാര്യം സഊദി നിഷേധിച്ചിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.