2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

സഈദിയില്‍ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍; ശമ്പളം വൈകിയാല്‍ ഇനി മുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് മറ്റാം

നിസാര്‍ കലയത്ത്

ജിദ്ദ: പരിഷ്‌ക്കരിച്ച തൊഴില്‍ നിയമപ്രകാരം നിലവിലെ സ്‌പോണ്‍സറുടെ സമ്മതമില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധിക്കുന്ന വ്യവസ്ഥ നിലവില്‍വന്നു. തൊഴില്‍ തര്‍ക്കങ്ങളില്‍ സ്‌പോണ്‍സര്‍ രണ്ടു സിറ്റിങ്ങുകളില്‍ കോടതിയില്‍ ഹാജരായില്ലെങ്കില്‍ തൊഴിലാളിക്ക് സ്‌പോണ്‍സറുടെ സമ്മതമില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാവുന്നതാണ്. തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ ശമ്പളം ലഭിക്കാതിരുന്നാലും സ്‌പോണ്‍സര്‍ഷിപ്പ് മാറാം. പുതിയ ഉത്തരവ് തൊഴില്‍ മന്ത്രിയാണ് അംഗീകാരം നല്‍കിയത്.

തൊഴില്‍ മന്ത്രിക്കോ, തൊഴില്‍ മന്ത്രി ചുമതലപ്പെടുത്തുവര്‍ക്കോ തൊഴിലുടമയുടെ അനുമതി കുടാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ സാധിക്കുന്നതാണ് പുതിയ തൊഴില്‍ വ്യവസ്ഥ. തൊഴിലുടമയുടെ ദീര്‍ഘ യാത്ര, ജയില്‍ വാസം, മരണം എന്നിവ മൂലം മൂന്ന് മാസത്തിലധികം സ്ഥാപനത്തിലെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ പരാജയപ്പെടുകയും, പകരം സ്ഥാപനത്തിന്റെ ഉത്തരവാദിത്വം മറ്റൊരാളില്‍ ഏല്‍പ്പിക്കപ്പെടാതിരിക്കുകയും ചെയ്താലും തൊഴിലാളിക്ക് സ്‌പോണ്‍സര്‍ഷിപ്പ് ഇനി മുതല്‍ മാറാന്‍ സാധിക്കും.

സഊദി സ്ത്രീയെ വിവാഹം കഴിച്ചാലും തൊഴിലുടമയുടെ ഭാഗത്തു നിന്നു തൊഴില്‍ കരാര്‍ ലംഘനം സംഭവിച്ചാലും സ്‌പോണ്‍സര്‍ഷിപ്പ് മാറാം. ആശ്രിത വിസയില്‍ നിന്നു സ്ഥാപനത്തിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറിയവര്‍ക്കും, തൊഴിലുടമയുടെ ബിനാമി ബിസിനസുകളെക്കുറിച്ച് തെളിവുകള്‍ സഹിതം അധികാരികളെ അറിയിക്കുന്നവര്‍ക്കും, വ്യത്യസ്ത സ്‌പോണ്‍സര്‍മാരുടെ കീഴില്‍ ജോലി ചെയ്യുന്ന ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാനായും സമ്മതമില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാം. ശമ്പളം നല്‍കാതിരിക്കാനും വൈകാനും തൊഴിലാളി കാരണമാകരുതെന്ന നിബന്ധയും തൊഴില്‍ മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ട്.

തൊഴില്‍പരമായ സംശയങ്ങളും തര്‍ക്കങ്ങളും തീര്‍പ്പു കല്‍പ്പിക്കുന്നതിനായി രാജ്യത്തെ ലേബര്‍ ഓഫിസുകളില്‍ തൊഴില്‍ മന്ത്രിയുമായി നേരിട്ട് സംസാരിക്കുന്നതിനായി വീഡിയോ കോണ്‍ഫറന്‍സ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.