2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

സംഹാരപ്പെരിയാര്‍

  • ഇടുക്കിയില്‍ അസാധാരണ സാഹചര്യം
  • 53,501 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍
  • 'ഓപ്പറേഷന്‍ മദദ്'മായി നാവികസേന
  • ചെറുതോണി പാലം വെള്ളത്തില്‍ മുങ്ങി

തൊടുപുഴ: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇടുക്കി പദ്ധതിയുടെ ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും ചരിത്രത്തിലാദ്യമായി തുറന്നു. ഇന്നലെ ഉച്ചക്ക് 1.45നാണ് അതീവ ജാഗ്രതാ നിര്‍ദേശത്തിന് ശേഷം അഞ്ചാമത്തെ ഷട്ടറും തുറന്നത്. 1976ല്‍ കമ്മിഷന്‍ ചെയ്ത ഇടുക്കി പദ്ധതിയുടെ അഞ്ച് ഷട്ടറുകളും ആദ്യമായിട്ടാണ് തുറക്കുന്നത്. 1992ല്‍ അണക്കെട്ടിന്റെ 5 ഷട്ടറുകളും തുറന്നിട്ടുണ്ടെങ്കിലും ഒരേസമയത്ത് മൂന്ന് ഷട്ടറുകളാണ് തുറന്നിരുന്നത്. 1981ല്‍ മൂന്ന് ഷട്ടറുകള്‍ മാത്രമാണ് തുറന്നത്.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മൂന്നുദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് ജലനിരപ്പ് ഇന്നലെ രാവിലെ ആറോടെ 2401 അടി പിന്നിട്ടത്. ഏഴ് മണിയോടെ രണ്ടും നാലും ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. ബുധനാഴ്ച്ച ട്രയല്‍ റണ്ണിനായി തുറന്ന മൂന്നാം നമ്പര്‍ ഷട്ടര്‍ 10 സെന്റീമീറ്റര്‍ താഴ്ത്തി 40 സെന്റീമീറ്ററാക്കിയതിന് ശേഷമായിരുന്നു രണ്ട് ഷട്ടറുകള്‍ തുറന്നത്
ഇതോടെ സെക്കന്‍ഡില്‍ 120 ലക്ഷം ലിറ്റര്‍ വെള്ളം ഒരേസമയത്ത് ഒഴുക്കിക്കളഞ്ഞു. 12 മണി വരെ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു രണ്ട് ഷട്ടറുകള്‍ തുറക്കാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചിരുന്നത്. എന്നാല്‍, ഡാമിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ച് ജലനിരപ്പ് ഉച്ചക്ക് 11 ഓടെ 2401.48 അടിയെത്തിയതോടെ ഷട്ടറുകള്‍ ഒരു മീറ്ററായി ഉയര്‍ത്തി സെക്കന്‍ഡില്‍ 300 ലക്ഷം ലിറ്ററായി വെള്ളം ഒഴുക്കിക്കളയുന്നത് വര്‍ധിപ്പിച്ചെങ്കിലും ജലനിരപ്പ് വര്‍ധിച്ചുകൊണ്ടിരുന്നു. ഇതോടെ ഒരു മണിക്ക് നാലാമത്തെ ഷട്ടറും തുറക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. നാലാമത്തെ ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 5 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കിവിട്ടിട്ടും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരുന്ന സാഹചര്യത്തിലാണ് അഞ്ചാമത്തെ ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. 1.45 ന് ഒരു സെന്റീമീറ്റര്‍ ഉയരത്തില്‍ ഒന്നാമത്തെ ഷട്ടറാണ് അഞ്ചാമതായി തുറന്നത്. ഇതോടെ 6 ലക്ഷം ലിറ്റര്‍ വെള്ളം സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകി. വൈകിട്ട് അഞ്ചോടെ ജലനിരപ്പ് 2401.76 അടിയിലെത്തിയത്തോടെ മൂന്നു ഷട്ടറുകള്‍ 1.8 മീറ്ററായും രണ്ടു ഷട്ടറുകള്‍ ഒരു മീറ്ററായും ഉയര്‍ത്തി സെക്കന്‍ഡില്‍ 7.5 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കുകയാണ്.

മിനിറ്റുകള്‍ക്കകം ചെറുതോണി ടൗണിലെ പാലവും പുഴയോട് ചേര്‍ന്നുള്ള ബസ്സ്റ്റാന്റും വെള്ളത്തിനടിയിലായി. ചെറുതോണി പുഴയുടെയും പെരിയാറിന്റെയും തീരത്തുള്ള തടിയമ്പാട്, കരിമ്പന്‍ പ്രദേശങ്ങളിലെ താഴ്ന്നപ്രദേശങ്ങളിലും ചപ്പാത്തുകളിലും വെള്ളം കയറി. പെരിയാറിന്റെ ഇരുകരകളിലെയും 100 മീറ്ററിനുള്ളിലുള്ളവരെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. വൈകിട്ട് മൂന്നോടെ ചെറുതോണി ടൗണിലെയും പെരിയാറിന്റെ തീരത്ത് നൂറുമീറ്ററിലുള്ള വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിക്കുകയും ചെയ്തു. കൂടാതെ ചെറുതോണി വഴി കട്ടപ്പനക്കുള്ള ഗതാഗതം തിരിച്ചുവിടുകയും ചെയ്തു. നീരൊഴുക്ക് കുറഞ്ഞ് ജലനിരപ്പ് 2400 അടിയില്‍ താഴെയെത്തുമ്പോള്‍ മാത്രമായിരിക്കും ഷട്ടറുകള്‍ താഴ്ത്തുന്നതിനെക്കുറിച്ച് തീരുമാനമുണ്ടാകുകയുള്ളൂ.

എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ുരന്ത നിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ ചൊവ്വാഴ്ച വരെയും ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ച വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്നുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം, ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കണം, പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കണം.
മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകേയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കണം, മരങ്ങള്‍ക്കു താഴെ വാഹനം പാര്‍ക്ക് ചെയ്യരുത് തുടങ്ങി വിവിധ ജാഗ്രതാ നിര്‍ദേശങ്ങളും ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.

രാജ്‌നാഥ് സിങ് നാളെ കേരളത്തില്‍

ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതി വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നാളെ സംസ്ഥാനത്തെത്തും. ഉച്ചയ്ക്ക് 12ഓടെ എറണാകുളത്ത് എത്തുന്ന കേന്ദ്രമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗം പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തും. കാലാവസ്ഥ അനുകൂലമെങ്കില്‍ ദുരിതാശ്വാസ ക്യാപുക ള്‍ സന്ദര്‍ശിക്കും..
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നതിന് മുന്‍പുതന്നെ കേന്ദ്രം സഹായം നല്‍കിയതായും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സന്തോഷവാനാണെന്നും കണ്ണന്താനം പറഞ്ഞു.
പ്രധാനമന്ത്രി മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഏതുവിധത്തിലുള്ള സഹായങ്ങളും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്നും മോദി അറിയിച്ചു.

മരണം 29

തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 29 പേര്‍ മരിച്ചു. നാലു പേരെ കാണാതായിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലു വരെയുള്ള കണക്കനുസരിച്ച് 25 പേര്‍ മണ്ണിടിച്ചിലിലും നാലുപേര്‍ മുങ്ങിയുമാണ് മരിച്ചത്.
പാലക്കാട്ടും എറണാകുളത്തുമാണ് രണ്ടു പേര്‍ വീതം മുങ്ങിമരിച്ചത്. മലപ്പുറത്ത് ആറും ഇടുക്കിയില്‍ 12ഉം കോഴിക്കോട്ട് ഒന്നും കണ്ണൂരില്‍ രണ്ടും വയനാട്ടില്‍ നാലും പേര്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു. ഇടുക്കിയില്‍ രണ്ടും മലപ്പുറത്തും പാലക്കാട്ടും ഓരോരുത്തരെയും കാണാതായിട്ടുണ്ട്. 21 പേര്‍ക്ക് പരുക്കേറ്റു.
സംസ്ഥാനത്ത് ആരംഭിച്ച 439 ദുരിതാശ്വാസ ക്യാംപുകളിലായി 12,240 കുടുംബങ്ങളിലെ 53,501 പേര്‍ കഴിയുന്നു. കനത്ത മഴയില്‍ സംസ്ഥാനത്ത് 71 വീടുകള്‍ ഭാഗികമായും 29 എണ്ണം പൂര്‍ണമായും നശിച്ചുവെന്നാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.