
ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്
ആലപ്പുഴ: ഡിസംബര്‍ ഏഴുമുതല്‍ ഒന്പതുവരെ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വേദികളില്‍ 450 അധ്യാപകരെ നിയോഗിച്ചു. ഒരേസമയം അഞ്ച് അധ്യാപകരാകും വിവിധ ജോലികള്‍ക്കായി വേദിയില്‍ ഉണ്ടാകുക. മൂന്ന് ഷിഫ്റ്റുകളിലായി സ്റ്റേജ് കോര്‍ഡിനേറ്റര്‍, സ്റ്റേജ് മാനേജര്‍, അനൗണ്സര്, ടൈംകീപ്പര്‍ എന്നീ നിലകളിലായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുക. ഊട്ടുപുരയിലേക്ക് ആവശ്യമായ വെള്ളം ഉള്‍പ്പെടെ കലോത്സവത്തിനാവശ്യമായിവരുന്ന മുഴുവന്‍ ജലവും ആലപ്പുഴ മുന്‍സിപ്പാലിറ്റി എത്തിക്കും. ഇതിനായി കൂറ്റന്‍ ടാങ്കറുകളും തയാറായികഴിഞ്ഞു. ദിനംപ്രതി 25,000 ലിറ്റര്‍ വെള്ളമാണ് ആവശ്യമായിവരിക.
കാര്‍മല്‍ പോളിടെക്നിക് കോളജ് ഉള്‍പ്പെടെ പന്ത്രണ്ട് സ്കൂളുകളിലായിട്ടാണ് മത്സരത്തിനെത്തുന്നവര്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനും തിരിച്ച് മത്സരവേദികളിലേക്ക് കൊണ്ടുപോകാനും വാഹനങ്ങള്‍ ഏര്‍പ്പെടുത്തി. മത്സരാര്‍ഥികള്‍ വന്നിറങ്ങുന്ന ആലപ്പുഴ റെയില്വേസ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് വിവിധ സ്കൂളുകളുടെ 15 ബസുകള്‍ സര്‍വിസ് നടത്തും.
പതിവുപോലെ മൂന്ന് നേരവും ഭക്ഷണവും നല്‍കും.കെ.എസ്.ടി.എയുടെ നേതൃത്വത്തിലാണ് ഇത്തവണ ഭക്ഷണം ഒരുക്കുന്നത്. മൂന്നുദിവസവും പായസം ഉള്‍പ്പെടെ അഞ്ചുതരം വിഭവങ്ങളുമായാണ് സദ്യ വിളമ്പുക. അവസാനദിവസം അമ്പലപ്പുഴ പാല്പായസം നല്‍കാനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍. ഇ.എം.എസ് സ്റ്റേഡിയത്തിലാണ് പാചകപ്പുരയും ഭക്ഷണം കഴിക്കാനുള്ള പന്തലും ഒരുങ്ങിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ കലോത്സവങ്ങള്‍ക്ക് ഭക്ഷണം തയാറാക്കിയിരുന്ന പഴയിടം മോഹനന് നമ്പൂതിരിയാണ് ഇത്തവണയും പാചകപ്പുരയുടെ മേല്‍നോട്ടം വഹിക്കുന്നത്. ചെലവുചുരുക്കി നടത്തുന്ന കലോത്സവത്തിന് സൗജന്യമായാണ് അദ്ദേഹം ഭക്ഷണം തയാറാക്കുന്നത്. മുഖ്യവേദികളിലൊന്നായ ലിയോതേര്‍ട്ടീന്ത് ഹൈസ്കൂളിലെ പന്തല്‍ നിര്‍മാണവും പുരോഗമിക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ പന്തല്‍ നിര്‍മിച്ചുനല്‍കിയിരുന്ന ഉമര്‍ മുഴുവന്‍ വേദികളിലേക്കും സൗജന്യമായി കര്ട്ടണ് നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. കൗമാരകലാമേളയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിലാണ് മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തിലുള്ള സംഘാടകസമിതി.