2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സംസ്ഥാനാതിര്‍ത്തി കടന്നെത്തിയത് രണ്ടുലക്ഷം

കോഴിക്കോട്: പ്രളയ ദുരന്തത്തില്‍ കേരളത്തിന് കൈത്താങ്ങുമായി മറുനാട്ടില്‍ നിന്നുള്ള മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ സഹായവും. തമിഴ്‌നാട്ടിലെ ഈറോഡ് സെങ്കുന്താര്‍ എന്‍ജിനീയറിങ് കോളജില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് രണ്ടു ലക്ഷം രൂപയുടെ സഹായവുമായി കുറ്റ്യാടിയിലെ വിഭവസമാഹരണ കേന്ദ്രത്തിലെത്തിയത്. മൂന്ന് കോളജുകള്‍ നടത്തുന്ന സെങ്കുന്താര്‍ കോളജ് ട്രസ്റ്റാണ് സംസ്ഥാനത്തിന് രണ്ടു ലക്ഷം രൂപയുടെ സഹായം നല്‍കിയത്.
കോളജിന്റെ സഹായവുമായി മെഡിക്കല്‍ ഇലക്ട്രോണിക്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥികളായ അരൂര്‍ സ്വദേശിനി അപര്‍ണ, എടച്ചേരി സ്വദേശിനി നുസൈറ, പുറമേരി സ്വദേശിനി ദേവിക എന്നിവരാണ് കുറ്റ്യാടിയിലെ വിഭവസമാഹരണ കേന്ദ്രത്തിലെത്തിയത്.
ദുരിതത്തിലായ കേരളത്തെ സഹായിക്കാനായി മലയാളി വിദ്യാര്‍ഥികള്‍ കോളജ് മാനേജ്‌മെന്റിന് അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മാനേജ്‌മെന്റ് തുക അനുവദിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
കുറ്റ്യാടിയില്‍ വിഭവസമാഹരണം നടക്കുന്നതറിഞ്ഞ് തുക കൈമാറാനായി ചൊവ്വാഴ്ച രാവിലെയാണ് വിദ്യാര്‍ഥികള്‍ ഈറോഡില്‍ നിന്ന് നാട്ടിലെത്തിയത്.
മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ വിദ്യാര്‍ഥികളില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.