2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ ഇഴയുന്നു

 

മുക്കം: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമ (പോക്‌സോ) പ്രകാരമുള്ള കേസുകള്‍ ഗണ്യമായി വര്‍ധിക്കുമ്പോഴും സംസ്ഥാനത്ത് പോക്‌സോ പ്രത്യേക കോടതികള്‍ ഉള്ളത് മൂന്നിടത്ത് മാത്രം. നിലവില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ മാത്രമാണ് പോക്‌സോ കേസുകള്‍ വിചാരണ ചെയ്യാനുള്ള പ്രത്യേക കോടതികള്‍ സ്ഥാപിച്ചിട്ടുള്ളത്.
മറ്റു ജില്ലകളില്‍ ജില്ലാ സെഷന്‍സ് കോടതികളിലാണ് ഇത്തരം കേസുകളുടെ വിചാരണ നടക്കുന്നത്. കത്‌വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളിലെ നടപടിക്രമങ്ങള്‍ ശക്തമാക്കിയിരുന്നു. ഇതുപ്രകാരം പോക്‌സോ കേസുകളില്‍ മൂന്ന് മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഒരു വര്‍ഷത്തിനകം വിചാരണ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കുകയും വേണമെന്നാണ് ചട്ടം.
എന്നാല്‍ സ്‌പെഷല്‍ കോടതികളുടെ അഭാവം വിചാരണ വൈകിപ്പിക്കുകയും ഇരക്ക് നീതി ലഭിക്കാതിരിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതായും സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മുഴുവന്‍ ജില്ലാ തലങ്ങളിലും പോക്‌സോ കോടതികള്‍ സ്ഥാപിക്കണമെന്ന് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം തയാറാക്കിയ റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരുന്നു. പ്രത്യേക കോടതികളുള്ള മൂന്ന് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ വിചാരണ കൃത്യമായി നടക്കുന്നില്ലെന്നും ഇത് കേസ് ദുര്‍ബലപ്പെടാന്‍ കാരണമാകുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. 2017 ല്‍ സംസ്ഥാനത്ത് 2697 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ 2018 ജൂണ്‍ വരെ മാത്രം 1524 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2016 ല്‍ 2122, 2015 ല്‍ 1583, 2014 ല്‍ 1402, 2013 ല്‍ 1016 എന്നിങ്ങനെയായിരുന്നു മുന്‍വര്‍ഷങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഓരോ വര്‍ഷവും കേസുകള്‍ വര്‍ധിച്ചുവരികയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
പൊതുസമൂഹത്തിലും സ്‌കൂളുകള്‍ മുഖേനയും മറ്റും നിരന്തരമായി നല്‍കിയ ബോധവല്‍ക്കരണം മൂലമാണ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്ന് നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിചാരണ കോടതികളുടെ അഭാവം ഇരക്ക് നീതി കിട്ടുന്നത് വൈകിപ്പിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഇവര്‍ പറയുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News