2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

Editorial

സംസ്ഥാനത്തെ മുക്കിക്കൊല്ലുന്ന പ്രളയം


സംസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമുഖത്തിലൂടെയാണ് കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നത്. പ്രളയം അതിന്റെ എല്ലാ രൗദ്രഭാവങ്ങളോടെയും കേരളത്തെ അപ്പാടെ മുക്കിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളും ഇത് പോലെ പ്രളയബാധിതമായ ഒരു കാലം മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല, കണ്ണൂര്‍ മുതല്‍ ഇടുക്കി വരെയുള്ള ജനങ്ങള്‍ ഭയചകിതരായാണ് കഴിയുന്നത്.
ഇടമുറിയാതെ പെയ്യുന്ന മഴ. അതും പണ്ട് പെയ്തതിനേക്കാള്‍ സാന്ദ്രതയേറിയതും പുഴകളെല്ലാം നിറഞ്ഞ് കവിഞ്ഞൊഴുകുന്നു, മലകളും കുന്നുകളും നെടുകെ പിളര്‍ന്നു ഉരുള്‍പൊട്ടലുകള്‍ വ്യാപകമായി കൊണ്ടിരിക്കുന്നു, വീടുകള്‍ തകരുന്നു, ആളുകള്‍ മരിച്ചു കൊണ്ടിരിക്കുന്നു, ഭീതിജനകമാണ് സംസ്ഥാനത്തിന്റെ അവസ്ഥ.
പല സ്ഥലങ്ങളിലും ഒറ്റപ്പെട്ട് പോയ ജനങ്ങള്‍ സഹായിക്കണേ എന്ന് കരഞ്ഞുകൊണ്ടു ദൃശ്യ മാധ്യമങ്ങളിലൂടെയും വിഡിയോ വഴിയും അഭ്യര്‍ഥിച്ചുകൊണ്ടിരിക്കുന്നു. പതിനായിരത്തോളം പേരാണ് പത്തനംതിട്ടയില്‍ മാത്രമായി കുടുങ്ങിക്കിടക്കുന്നത്. വീടുകളുടെയും കെട്ടിടങ്ങളുടെയും ടെറസുകളില്‍ അഭയം പ്രാപിച്ചവരും പ്രളയഭീഷ ണിയാല്‍ സഹായം അഭ്യര്‍ഥിച്ച് കൊണ്ടിരിക്കുന്നു.
മഴവെള്ളപ്പാച്ചിലില്‍ വീടുകള്‍ തകര്‍ന്നു. ഉരുള്‍പൊട്ടലുകളാലും മണ്ണിടിഞ്ഞും ഇന്നലെ മാത്രം 30ലധികം പേരാണ് മരണപ്പെട്ടിരിക്കുന്നത്. വീടുകളില്‍ തന്നെ തങ്ങിയവരില്‍ പലരുടെയും ഒന്നാം നിലവെള്ളത്തില്‍ മുങ്ങിയപ്പോള്‍ അവര്‍ മുകളിലെ ടെറസുകളില്‍ അഭയം തേടിയെങ്കിലും പ്രളയം അങ്ങോട്ടുമെത്തി കൊണ്ടിരിക്കുന്നു. വൃദ്ധരും കൊച്ചു കുഞ്ഞുങ്ങളും പല വീടുകളിലും ഒറ്റപ്പെട്ടു പോയിരിക്കുന്നു. എവിടെയും ഉയര്‍ന്ന് കേള്‍ക്കുന്നത് സഹായിക്കണേ എന്ന അര്‍ഥനകളാണ്. എവിടേക്കാണ് പോകേണ്ടതെന്നറിയാതെ രക്ഷാപ്രവര്‍ത്തകരും ദുരന്തനിവാരണ സേനയും സൈന്യവും പകച്ച് നില്‍ക്കുന്നു.
വെള്ളം കയറാത്തതെന്ന പരസ്യങ്ങളോടെ പണിത ഫ്‌ളാറ്റുകളില്‍ കോടികള്‍ മുടക്കി താമസമാക്കിയവര്‍ കൊച്ചിയില്‍ വെള്ളം നിറഞ്ഞ് ഫ്‌ളാററുകളില്‍ കുടുങ്ങിപ്പോയിരിക്കുന്നു.
ഡാമുകളെല്ലാം തുറന്ന് വിട്ട അവസ്ഥയിലും പുഴകളെല്ലാം നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുമ്പോഴും മുല്ലപ്പെരിയാര്‍ ഡാം തുറന്ന് വെള്ളം ഒഴുക്കിക്കളയുവാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ സന്നദ്ധമായില്ല എന്ന യാഥാര്‍ഥ്യം നമ്മെ വേദനിപ്പിക്കുന്നതായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ നേരിട്ട് വിളിച്ച് അഭ്യര്‍ഥിച്ചിട്ടു പോലും ഫലമുണ്ടായില്ല. ഒടുവില്‍ പ്രധാനമന്ത്രി ഇടപെട്ടതിനെ തുടര്‍ന്നാണു തമിഴ്‌നാട് സര്‍ക്കാര്‍ 142 അടിയെത്തിയപ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇത് കൂടുതല്‍ ദുരിതത്തിന് ഇടയാക്കുകയും ചെയ്തു. 136 അടിയിലെത്തിയപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നുവെങ്കില്‍ ഇടുക്കിയിലെ ഡാമില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയില്ലായിരുന്നു.
ചെറുതോണി ഡാം വെള്ളത്തിന്റെ നീരൊഴുക്കിന്റെ അതിസമ്മര്‍ദം താങ്ങേണ്ടി വരില്ലായിരുന്നു. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍ കുമളി ഗ്രാമപഞ്ചായത്തില്‍ സുര്‍ക്കി മിശ്രിതത്താല്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്നായിരുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ സുസ്ഥിരതയെക്കുറിച്ച് അന്ന് തന്നെ ടൈംസ് ഓഫ് ഇന്ത്യ ആശങ്കപ്പെട്ട് എഴുതിയിരുന്നു.
60 വര്‍ഷത്തെ ഗാരണ്ടിയുള്ള ഈ അണക്കെട്ടിന് പ്രായം 100 കഴിഞ്ഞിരിക്കുന്നു. 1895ല്‍ പണികഴിപ്പിച്ച മുല്ലപ്പെരിയാര്‍ ഡാം 999 വര്‍ഷത്തേക്കായിരുന്നു പാട്ടത്തിന് നല്‍കിയത്. 1960ല്‍ കരാര്‍ അവസാനിച്ചതായി രുന്നു. 1970 മെയ് 29ന് അന്നത്തെ മുഖ്യമന്ത്രി സി. അച്ചുതമേനോന്‍ കരാര്‍ പുതുക്കിക്കൊടുക്കുകയായിരുന്നു. അതാണിപ്പോള്‍ ജലബോംബായി കേരളത്തിന്റെ ശിരസിന് മുകളില്‍ തൂങ്ങിക്കിടക്കുന്നത്. 1500ല്‍ അധികം ആളുകളെ ഇപ്പോള്‍ ഇവിടെ നിന്നും ഒഴിപ്പിച്ചിരിക്കുകയാണ്.
ചപ്പാത്ത് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങാന്‍ കാരണമായത് തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ യഥാസമയം ഉയര്‍ത്താന്‍ വിമുഖത കാണിച്ചതിനാലായിരുന്നു. ആലുവ അടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ കാരണവും തമിഴ്‌നാട് സര്‍ക്കാരിന്റെ പിടിപ്പുകേട് തന്നെ.
മഴ ഇപ്പോഴും കുറഞ്ഞിട്ടില്ല. മഴ കുറയുന്നില്ലെങ്കില്‍ നാം ഇത് വരെ കാണാത്ത ദുരന്തത്തിനായിരിക്കും സാക്ഷികളാകേണ്ടി വരികയെന്ന് മുഖ്യമന്ത്രി തന്റെ ഉത്കണ്ഠ തുറന്ന് പറഞ്ഞിരിക്കുകയാണ്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കുവാനേ ഈ സന്ദര്‍ഭത്തില്‍ കഴിയൂ.
സംസ്ഥാനം ഇന്ന് വരെ ദര്‍ശിക്കാത്ത വിധമുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുമാണ് സന്നദ്ധ സേനക്കൊപ്പം ജാതി മത കക്ഷിരാഷ്ട്രീയ ഭേദമന്യേ ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്തിരിക്കുന്നത്. എല്ലാ ദുരിതങ്ങളെയും നമ്മള്‍ ഒറ്റക്കെട്ടായി നേരിടുമെന്ന ശുഭപ്രതീക്ഷയാണ് ഓരോ മലയാളിക്കും ഇത് നല്‍കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.