
ഹക്കീം കല്‍മണ്ഡപം
പാലക്കാട്: മലമ്പുഴയില്‍ നിര്‍മിക്കാനുദ്ദേശിച്ച ആനിമല്‍ സയന്‍സ് മ്യൂസിയം കടലാസിലൊതുങ്ങി. മലമ്പുഴ ഉദ്യാനത്തിന്റെ ഒന്നര കിലോമീറ്റര്‍ ദൂരത്തായി മന്തക്കാടിനുസമീപത്താണ് സംസ്ഥാനത്തെതന്നെ ആദ്യത്തെ ആനിമല്‍ സയന്‍സ് മ്യൂസിയം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
മൃഗങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവ് പൊതുജനങ്ങള്‍ക്ക് പകരുകയെന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലന കേന്ദ്രത്തിനു സമീപത്തുള്ള 1.6 ഏക്കര്‍ സ്ഥലത്താണ് ആനിമല്‍ സയന്‍സ് മ്യൂസിയം നിര്‍മിക്കാനുദ്ദേശിച്ചത്. മൃഗസംരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു കോടിയോളം രൂപ ചെലവില്‍ നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞവര്‍ഷം നടത്തിയിരുന്നു. മ്യൂസിയം നിര്‍മാണത്തിനായി കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തുകയും 30 ലക്ഷം രൂപ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുകയും ചെയ്തിരുന്നെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല. സംസ്ഥാനത്ത് കന്നുകാലി സമ്പത്ത് ഏറ്റവും കൂടുതലുള്ള ജില്ലയെന്ന ഖ്യാതി പാലക്കാടിനുള്ളതിനാലാണ് ആനിമല്‍ മ്യൂസിയം പാലക്കാട് തന്നെയൊരുക്കാന്‍ തീരുമാനിച്ചത്. ആനകളെക്കുറിച്ചുള്ള അറിവ് നല്കുന്ന എലിഫന്റ് ഗാലറി, വംശനാശം സംഭവിച്ച പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രങ്ങള്‍, വിവരണങ്ങള്‍ എന്നിവയും മ്യൂസിയത്തിലുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്.
മ്യൂസിയത്തിനകത്ത് പ്രദര്‍ശന ഹാള്‍, ലൈബ്രറി, ഗാലറി, തിയേറ്റര്‍, പ്രൊജക്റ്റര്‍, പ്ലാനറ്റേറിയം, ഓഫിസ്, കാന്റീന്, സന്ദര്‍ശകര്‍ക്കുള്ള വിശ്രമമുറി എന്നിവ രണ്ടു നിലകളിലായി സജ്ജീകരിക്കാനായിരുന്നു പദ്ധതി.