2020 January 26 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

സംസ്ഥാനത്തു ഭൂഗര്‍ഭ ജലവിതാനം വന്‍തോതില്‍ കുറയുന്നു

പ്രതിവര്‍ഷം കുറയുന്നത് മൂന്നു മീറ്റര്‍വരെ

ഹക്കീം കല്‍മണ്ഡപം

പാലക്കാട്: സംസ്ഥാനത്തു ഭൂഗര്‍ഭ ജലത്തിന്റെ അളവു വന്‍തോതില്‍ കുറയുന്നതായി ശാസ്ത്രീയ പഠനങ്ങള്‍. പ്രതിവര്‍ഷം ലഭിക്കേണ്ട മഴയുടെ അളവിലെ കുറവും കുഴല്‍ക്കിണറുകളുടെ ഉപയോഗം വര്‍ധിക്കുന്നതുമാണ് ഭൂഗര്‍ഭജലം കുറയാനിടയാക്കുന്നത്.
99 സെന്റിമീറ്റര്‍ മഴയാണ് പ്രതിവര്‍ഷം സംസ്ഥാനത്തു ലഭിക്കേണ്ടതെന്നിരിക്കെ, മഴയുടെ ലഭ്യതയില്‍ 35 ശതമാനത്തോളം കുറവുണ്ടാകുന്നതു ജല ബാഷ്പീകരണത്തിന്റെ അളവ് 4ഃ2 എന്ന അനുപാതത്തിലേക്കുയര്‍ത്തുന്നുണ്ട്. ഭൂഗര്‍ഭ ജലവിതാനം പ്രതിവര്‍ഷം മൂന്നു മീറ്റര്‍വരെ താഴുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ താപനില ഉയര്‍ന്നതോടെ പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവ് മൂന്നു മീറ്റര്‍വരെ താഴ്ന്നപ്പോള്‍ മറ്റു ജില്ലകളില്‍ ഇത് ഒന്നിലേറെ മീറ്റര്‍ താഴ്ന്നിട്ടുണ്ട്.

പുതിയ കെട്ടിടങ്ങള്‍ക്കൊപ്പം മഴവെള്ള സംഭരണികള്‍, മഴക്കുഴികള്‍ പോലുള്ള ഭൂഗര്‍ഭജല പരിപോഷണ സംവിധാനങ്ങള്‍ വേണമെന്ന ഉത്തരവ് മുന്‍ ഇടതുസര്‍ക്കാരിന്റെ കാലത്തു കെട്ടിടനിര്‍മാണ നിയമത്തിന്റെ ഭാഗമാക്കിയിരുന്നെങ്കിലും കടുത്ത എതിര്‍പ്പുകള്‍ കാരണം പദ്ധതി നടപ്പാക്കുന്നതിനു മുന്‍പേ ഇല്ലാതായി.
ഗാര്‍ഹികാവശ്യങ്ങള്‍, വന്‍കിട തോട്ടങ്ങള്‍, ഫ്‌ളാറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവയ്ക്കു പുറമേ കുപ്പിവെള്ള കമ്പനികള്‍, കോളാക്കമ്പനികള്‍ എന്നിവ അനുവദിച്ചതിലുമധികം അളവില്‍ ജലചൂഷണം നടത്തുന്നതു ജലദൗര്‍ലഭ്യതയ്ക്കു കാരണമാകുന്നുണ്ട്. അളവിലെ കുറവിനു പുറമേ മിക്കയിടങ്ങളിലും വെള്ളത്തിനു രുചിവ്യത്യാസം ഉണ്ടാകുന്നതായും മണ്ണിന്റെ ഘടനയ്ക്കുവരെ മാറ്റങ്ങളുണ്ടാകുന്നതായും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുഴല്‍ക്കിണറുകളുള്ളത് പാലക്കാട്, എറണാകുളം ജില്ലകളിലാണ്. പാലക്കാട് ജില്ല കോയമ്പത്തൂരിനു സമാനമായി വീടുതോറും കുഴല്‍ക്കിണര്‍ എന്ന അവസ്ഥയിലേക്കെത്തിയിട്ടുമുണ്ട്.

സംസ്ഥാനത്തെ 23 ബ്ലോക്കുകള്‍ കടുത്ത വരള്‍ച്ചയിലാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ വാട്ടര്‍ ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മനേജ്‌മെന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.