2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സംസ്ഥാനത്താകെ 82,60,619 അപേക്ഷകര്‍; പുതിയ റേഷന്‍കാര്‍ഡുകളുടെ വിതരണം താളംതെറ്റി

പാലക്കാട്: സംസ്ഥാനത്തെ പുതിയ റേഷന്‍കാര്‍ഡുകളുടെ വിതരണം താളം തെറ്റി. പുതിയ കാര്‍ഡിനായുള്ള അപേക്ഷാഫോം വിതരണവും തെറ്റുതിരുത്തല്‍ നടപടികളുമൊക്കെ പൂര്‍ത്തിയാക്കിയിട്ടും അപേക്ഷാഫോറം നല്‍കി മൂന്നുദിവസത്തിനകം നല്‍കുമെന്ന് പറഞ്ഞ പുതിയ കാര്‍ഡിന്റെ വിതരണം വൈകിക്കുന്നത് ചിലകേന്ദ്രങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. 2008ല്‍ വിതരണം ചെയ്യേണ്ട അഞ്ച് വര്‍ഷത്തേക്കുള്ള കാര്‍ഡ് 2010ന്റെ പകുതിയിലാണ് നല്‍കിയതെന്നിരിക്കെ 2013ല്‍ നല്‍കേണ്ട പുതിയ കാര്‍ഡിന്റെ നടപടികള്‍ തുടങ്ങിയതാകട്ടെ 2015ല്‍.

സാധാരണ ഗതിയില്‍ റേഷന്‍കാര്‍ഡിന്റെ കാലാവധി തീരുന്ന വര്‍ഷത്തിലെ ജൂണ്‍ മാസം മുതല്‍ പുതിയ കാര്‍ഡിനായുള്ള അപേക്ഷകള്‍ നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കാര്‍ഡിന്റെ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഉപഭോക്താക്കള്‍ക്ക് പുതിയ റേഷന്‍കാര്‍ഡ് സ്വപ്നം മാത്രമാണിപ്പോള്‍. ഇത്തവണത്തെ റേഷന്‍കാര്‍ഡിനായുള്ള അപേക്ഷാഫോറം തന്നെ ഉപഭോക്താക്കളെ ഏറെ വട്ടം കറക്കിയിരുന്നു. പതിവിനു വിപരീതമായി ഈ വര്‍ഷം മുതല്‍ പുതിയ കാര്‍ഡിന്റെ ഉടമസ്ഥന്‍ ഗൃഹനാഥന്‍ ഗൃഹനാഥയായതും പ്രയോറിറ്റി നോണ്‍ പ്രയോറിറ്റി കാറ്റഗറിയിലേക്ക് കാര്‍ഡുകള്‍ തിരിച്ചതുമെല്ലാം ഉപഭോക്താക്കളില്‍ ഏറെ ആശങ്ക പടര്‍ത്തിയിരുന്നു.

2015ന്റെ തുടക്കത്തില്‍ ഫോറം നല്‍കിതുടങ്ങിയ റേഷന്‍കാര്‍ഡുകളുടെ വിതരണം ഒന്നരവര്‍ഷമായിട്ടും പൂര്‍ത്തിയാക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് തയാറാകുന്നുമില്ല. സംസ്ഥാനത്തൊട്ടാകെ 82,60,619 റേഷന്‍കാര്‍ഡുകളാണ് പുതിയ അപേക്ഷകള്‍ പ്രകാരം നല്‍കേണ്ടത്. ജില്ലയില്‍ മാത്രം ഏഴുലക്ഷത്തോളം കാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അപേക്ഷഫോറം നല്‍കിയപ്പോള്‍ 2015 ജൂണ്‍ ഒന്നുമുതല്‍ പുതിയ റേഷന്‍കാര്‍ഡുകള്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് പൂരിപ്പിച്ച ഫോമുകള്‍ ലഭിക്കാന്‍ വന്ന കാലതാമസം മൂലം ഇത് സെപ്റ്റംബറിലേക്കും പിന്നീട് ഡിസംബറിലേക്കും മാറ്റുകയായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ മൂന്ന് തവണത്തെ അവധികളിലും പുതിയ കാര്‍ഡുകള്‍ കിട്ടാതായപ്പോള്‍ നിയമസഭാ ഇലക്ഷന്‍ മുന്നില്‍ കണ്ട് ഈ വര്‍ഷം ഏപ്രിലില്‍ നല്‍കുമെന്നു പറഞ്ഞതും ജലരേഖയായി മാറി.

എന്നാല്‍ ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ നല്‍കാന്‍ വൈകുന്നത് ഉടമസ്ഥര്‍ ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറുമൊക്കെ പുതിയ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന ന്യായവാദത്തിലാണ് അധികൃതര്‍. എന്നാല്‍ അപേക്ഷാഫോമുകളില്‍ തന്നെ ഇത്തരം വിവരങ്ങളൊക്കെ നല്‍കിയിരുന്നില്ലെങ്കിലും തെറ്റുതിരുത്തല്‍ നടപടികള്‍ ഓണ്‍ലൈന്‍ വഴിയാക്കിയതുമൂലം അപേക്ഷാകേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് കഫേകളിലും കയറിയിറങ്ങേണ്ട ഗതികേടിലായിരുന്നു ഉപഭോക്താക്കള്‍. എന്നാല്‍ ഇത്തവണത്തെ കാര്‍ഡിന്റെ ഉടമസ്ഥയായ കാര്‍ഡുടമയുടെ ഭാര്യയോ കാര്‍ഡിലെ മുതിര്‍ന്ന വനിതയോ ആയതിനാല്‍ നിരവധി പ്രായമായ സ്ത്രീകള്‍ക്ക് ഇത് ഏറെ ദുരിതം തീര്‍ത്തിരുന്നു. ഇതിനു പുറമെ കാര്‍ഡിന്റെ ഉടമസ്ഥക്കായുള്ള ഫോട്ടോ എടുക്കാനുള്ള ക്യാംപുകള്‍ക്ക് വ്യാപാരികള്‍ സ്വന്തം കയ്യില്‍നിന്നും പണം മുടക്കേണ്ട സ്ഥിതിയിലായിരുന്നു.

എന്നാല്‍ ഇത്തരം ക്യാംപുകള്‍ക്കുള്ള ചിലവുകള്‍ക്ക് രണ്ടുഘട്ടങ്ങളിലായി 500 രൂപ വീതം 1000 രൂപ നല്‍കുമെന്നാണ് പറഞ്ഞിരുന്നെങ്കിലും മിക്ക റേഷന്‍കടക്കാര്‍ക്കും ഇത് ലഭിച്ചില്ലെന്നാണ് പറയുന്നത്. ഇത്തവണ റേഷന്‍കാര്‍ഡ് പുതുക്കലിന്റെ ചുമതല സംസ്ഥാനത്തെ സി-ഡിറ്റിനാണെന്നതിനാല്‍ കുടുംബശ്രീകള്‍ വഴിയും മറ്റ് ഏജന്‍സികള്‍ വഴിയുമൊക്കെയായിട്ടാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. 2008ല്‍ വിതരണം ചെയ്യേണ്ട കാര്‍ഡ് 2010ലായതിനാല്‍ മിക്ക കടക്കാരും 2008ലെ പേജ് 2013ലും 2009ലെ പേജ് 2014ലും ഉപയോഗിച്ചിരുന്നു.

എന്നാല്‍ ഇതും കഴിഞ്ഞതോടെ പുതിയ കാര്‍ഡിന്റെ നടപടികള്‍ ആരംഭിക്കാന്‍ വൈകിയതുമൂലം 2014ന്റെ 6 മാസങ്ങളും 2015, 2016 വര്‍ഷങ്ങള്‍ ഉള്‍പ്പെടുത്തിയ രണ്ട് പേജുകള്‍ റേഷന്‍കാര്‍ഡുകളില്‍ ഉപഭോക്താക്കള്‍ക്കായി പിന്‍ ചെയ്തുനല്‍കിയിരുന്നു. എന്നാല്‍ നേരത്തെ റേഷന്‍കാര്‍ഡുകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നതും ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തില്‍ വരുന്നതോടെ റേഷന്‍കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാകുമെന്നുള്ള പ്രഖ്യാപനങ്ങളൊക്കെ ഇപ്പോള്‍ പുതിയ കാര്‍ഡുകളുടെ വിതരണത്തിനു തടസ്സമായിരിക്കുകയാണ്.

റേഷന്‍കടകള്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവുകളിലുള്ള ന്യൂനതകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലുകള്‍ അവ്യക്തതയും ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതുമെല്ലാം സംബന്ധിച്ച് പരിധികള്‍ ഉയരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്നു മതിയായ പരിശോധനകളില്ലെന്നാണ് പറയപ്പെടുന്നത്. നിലവില്‍ എ.പി.എല്‍, ബി.പി.എല്‍, അന്നപൂര്‍ണ, അന്നോദയ, അന്നയോജന (എ.എ.വൈ)എന്നീ കാറ്റഗറികളിലാണുള്ളതെന്നിരിക്കെ ഇതില്‍ എ.പി.എല്‍ വിഭാഗത്തില്‍ സബ്‌സിഡിയും നോണ്‍ സബ്‌സിഡിയും ഉള്‍പ്പെടും. ഇതില്‍ സബ്‌സിഡി ഉപഭോക്താക്കള്‍ രണ്ട് രൂപയുടെ അരിയുടെ ഉപഭോക്താക്കളാണ്.

മാസം തോറും എ.പി.എല്‍ കാര്‍ഡുകള്‍ക്ക് ഒന്‍പത് കിലോ അരിയാണ് നല്‍കേണ്ടതെന്നിരിക്കെ മിക്ക കടക്കാരും അരിവിതരണത്തിന്റെ ന്യൂനത പറഞ്ഞ് ഏഴ് കിലോയാണ് നല്‍കുന്നത്. മാത്രമല്ല 25 കിലോ നല്‍കേണ്ട ബി.പി.എല്‍ എ.എ.വൈ ഉപഭോക്താക്കള്‍ക്ക് ആഴ്ചകളിലായി അഞ്ച് കിലോ അരി വീതമാണ് നല്‍കുന്നത്. എന്നാല്‍ 2015നു മുന്‍പ് അപേക്ഷ നല്‍കിയവര്‍ക്ക് 2008- 2012 കാലാവധിയിലുള്ള കാര്‍ഡുകളാണ് നല്‍കിയിട്ടുള്ളത്. ഇതുമൂലം ഇവര്‍ പുതിയ കാര്‍ഡിനായുള്ള നെട്ടോട്ടത്തിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.