2018 April 19 Thursday
യാ അല്ലാഹ്! നിന്റെ നെയ്ത്തുശാലയില്‍ പുണ്യ പട്ടുനൂല്‍കൊണ്ട് ആര്‍ക്കാണ് നീ ലോല ലോലമായോരീ നിസ്‌കാരക്കുപ്പായം ചമയ്ക്കുന്നത്; എനിക്കോ, തമ്പുരാനേ…?
- കമലാ സുരയ്യ

സംസ്ഥാനങ്ങളിലൂടെ…………….

ജമ്മുകശ്മിര്‍

ഹിസ്ബുല്‍ മുജാഹിദീന്‍ ബന്ധം: നാലുപേരെ
അറസ്റ്റു ചെയ്തു

ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹിദീനുമായി ബന്ധമുള്ള നാലുപേരെ ജമ്മുകശ്മിര്‍ പൊലിസ് അറസ്റ്റു ചെയ്തു. ഷോപ്പിയാര്‍ ജില്ലയില്‍ നിന്നാണ് പൊലിസ് കോണ്‍സ്റ്റബിളുള്‍പ്പെടെ നാലുപേരെ പിടികൂടിയത്. ചിത്രഗാമിലെ ബാങ്ക് ഉദ്യോഗസ്ഥനായ ആമിര്‍ മൊഹ്ദീന്‍, ചക്കൂരയിലെ പൊലിസ് കോണ്‍സ്റ്റബിള്‍ തൗസീഫ് അഹമ്മദ്, ബഷാറത്തദ് യുസുഫ്, ഇഫ്ത്തികാര്‍ രാതര്‍ എന്നിവരെയാണ് പിടികൂടിയത്.

 

 

ഡല്‍ഹി

കുട്ടിയുടെ
കൊലപാതകം: പ്രതിക്ക്
ജീവപര്യന്തം തടവ്

ന്യൂഡല്‍ഹി: മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്.
ബീഹാര്‍ സ്വദേശി വികാസിനെയാണ് ഡല്‍ഹി അഡിഷനല്‍ സെഷന്‍ കോടതി ജഡ്ജി ജീവപര്യന്ത്യം തടവിനു ശിക്ഷിച്ചത്. അയല്‍വാസിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി 5000 രൂപയാണ് പ്രതി കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടത്. എന്നാല്‍ മോചനദ്രവ്യത്തിനായി കാത്തുനില്‍ക്കാതെ പ്രതി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ പ്രതിക്കെതിരേ വ്യക്തമായ തെളിവുണ്ടെന്നും മൃതദേഹം കണ്ടെത്തിയപ്പോള്‍ കുട്ടിയുടെ കൂടെയുണ്ടായിരുന്ന കളിപ്പാട്ടവും ലഭിച്ചെന്ന് കോടതി പറഞ്ഞു. കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരിയുമായി പ്രതി സ്‌നേഹത്തിലായിരുന്നുവെന്നു പിതാവ് എതിര്‍ത്തതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും വികാസ് കോടതിയില്‍ പറഞ്ഞു. 2012 ജൂണ്‍ 14നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയെ കാണുന്നില്ലെന്നു പറഞ്ഞ് പിതാവ് പൊലിസില്‍ പരാതിപ്പെട്ടതിന്റെ അടുത്തദിവസം തന്നെ മോചനദ്രവ്യം ആവശ്യപ്പെട്ട് അജ്ഞാത കോള്‍ വന്നിരുന്നു. ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നാണ് പ്രതിയെ പൊലിസ് കണ്ടെത്തിയത്.

ചത്തീസ്ഗഡ്

ഡെങ്കിപ്പനിയും
കുഷ്ടരോഗവും
വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
ചണ്ഡിഗ്ര: സംസ്ഥാനത്ത് ഡെങ്കി, കുഷ്ടരോഗ ബാധിതര്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2016ല്‍ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ നടത്തിയ സര്‍വേയിലാണ് പുതിയ കണ്ടെത്തലുകള്‍. 16 സംസ്ഥാനങ്ങളില്‍നിന്നുള്ള വിവരങ്ങളാണ് സര്‍വേക്കായി ഉപയോഗിച്ചത്.

 

പഞ്ചാബ്

ചര്‍ച്ചിന്റെ മുന്‍പില്‍
പാസ്റ്ററെ
വെടിവച്ചുകൊന്നു
ലുധിയാന: ക്രിസ്ത്യന്‍ പള്ളിയുടെ മുന്‍പില്‍ പാസ്റ്ററെ രണ്ടംഗ അജ്ഞാത സംഘം വെടിവച്ചുകൊന്നു. സലേം തബ്രി എന്ന പ്രദേശത്തെ സുല്‍ത്താന്‍ മസീഹ് എന്ന പാസ്റ്ററെയാണ് മോട്ടോര്‍ സൈക്കിളിലെത്തിയ സംഘം കൊന്നതെന്ന് പൊലിസ് പറഞ്ഞു.
മൊബൈല്‍ ഫോണിലൂടെ സംസാരിക്കുന്നതിനിടെയാണ് അക്രമികള്‍ ഇയാളെ വെടിവച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 30 വര്‍ഷമായി സലേ തബ്രയില്‍ പാസ്റ്ററായി ജോലി ചെയ്തു വരികയായിരുന്നു സുല്‍ത്താന്‍ മസീഹ്. ആക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായില്ല. ഇവര്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലിസ്.

 

പശ്ചിമബംഗാള്‍

ജഡ്ജി നിയമനം
വൈകിക്കുന്നതിനെതിരേ
ഹൈക്കോടതിയുടെ വിമര്‍ശം
കൊല്‍ക്കത്ത: ജഡ്ജി നിയമനം വൈകിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിമര്‍ശം.
ആവശ്യമായ ജഡ്ജിമാരില്ലാത്തതിനാല്‍ കഴിഞ്ഞ മാസം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സാധ്യമാവാത്തതിനെ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. നീതിന്യായ വ്യവസ്ഥ തകരാതിരിക്കാനും അര്‍ഹമായവര്‍ക്ക് നീതി നിഷേധമില്ലാതിരിക്കാനും ജഡ്ജിമാരുടെ ഒഴിവുള്ള സീറ്റുകളിലേക്ക് ഉടന്‍ നിയമനം നടത്തണമെന്നും കോടതി പറഞ്ഞു. പകുതി അംഗങ്ങളെ പങ്കെടുപ്പിച്ച് പാര്‍ലമെന്റ് സംവിധാനത്തെ മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കുമോയെന്ന് ഡിവിഷന്‍ ബെഞ്ച് ജഡ്ജി ദീപാങ്കര്‍ ദത്ത, ഡിപി ഡെ എന്നിവര്‍ ചോദിച്ചു.

മധ്യപ്രദേശ്

സര്‍ക്കാര്‍ ആശുപത്രികളില്‍
ഇനി ജ്യോതിഷികളും കൈനോട്ടക്കാരും
ബോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിമുതല്‍ പരിശോധനക്കായി ഡോക്ടര്‍മാരുടേത് മാത്രമല്ല ജ്യോതിഷികളുടെയും കൈനോട്ടക്കാരുടെയും സേവനം ലഭിക്കും. ജ്യോതിഷികളെ നല്‍കുന്ന പദ്ധതിക്ക് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
സെപ്തംബറോടെ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കും. സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹാരാഷി സംസ്‌കൃത് പതഞ്ജലി സന്‍സ്‌കൃത് സന്‍സ്താന്‍ എന്ന സ്ഥാപനമാണ് യോഗ്യരായവരെനിയമിക്കുക.
ആഴ്ചയില്‍ രണ്ടു മുതല്‍ നാലുമണിക്കൂര്‍വരെയാണ് ഇവരുടെ സേവനം ആശുപത്രികളില്‍ ലഭ്യമാവുക. ജ്യോതിഷികള്‍, വാസ്തു വദഗ്ധര്‍, ഹസ്തരേഖാ വിദഗ്ധര്‍, വേദാചാര്യര്‍ എന്നിവരാണ് പരിശോധനയ്ക്കായി ഉണ്ടാവുക.
മുതിര്‍ന്ന് ഡോക്ടര്‍മാര്‍ക്കൊപ്പം സഹായിക്കാനായി ജൂനിയര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവുന്നതുപോലെ ജ്യോതിഷികളെ സഹായിക്കാനും സഹായികളുണ്ടാവും. സര്‍ക്കാര്‍ ആശുപത്രികളിലെ ചികത്സയ്ക്ക് മേല്‍നോട്ടം വഹിക്കാനായി ജ്യോതിഷം, വാസ്തു ശാസ്ത്രം, പൂജാ കര്‍മങ്ങള്‍ എന്നിവകളില്‍ പ്രവീണ്യം നേടിയവരാണുണ്ടാവുക.
സര്‍ക്കാര്‍ ആശുപത്രികളില്‍ ജോതിഷികളടക്കമുള്ളവരെ ചികത്സയ്ക്കായി ഉള്‍പ്പെടുത്തുന്നതിലൂടെ ഇന്ത്യയുടെ പാഴയ സംസ്‌കൃതി സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് മധ്യപ്രദേശ് മഹാരാഷി സംസ്‌കൃതി പതഞ്ജലി സന്‍സ്‌കൃത് സന്‍സ്താന്‍ ഡയരകട്ര്‍ പി.ആര്‍ തിവാരി പറഞ്ഞു. എന്നാല്‍ ജോതിഷികളെ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരേ നിരവധി പേര്‍ രംഗത്തുവന്നു.
സാധാരണക്കാരായ ജനങ്ങളില്‍ ആര്‍.എസ്.എസിന്റെ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഇന്ദോറിലെ എം.വൈ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ ആനന്ദ് റായി പറഞ്ഞു.
നിയമസഭയില്‍ ഇത്തരത്തിലുള്ള നിയമം പാസാക്കാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജ്യോതിഷികളെ പരിശോധനക്കായി നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കര്‍ പുതിയ പദ്ധതിയുമായി മുന്നോട്ടുപോവുകയാണെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും മെഡിക്കല്‍ സയന്‍സില്‍ ജ്യോതിഷത്തിനു യാതൊരു സ്ഥാനവുമില്ലെന്നും മധ്യപ്രദേശ് മെഡിക്കല്‍ അസോസിയേഷന്‍ ഡയരകടര്‍ ഡോ. ലളിത് ശ്രീവാസ്തവ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.