2018 June 11 Monday
വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ നയിക്കുക.
ശ്രീബുദ്ധന്‍

Editorial

സംസ്ഥാനം പനിമരണ ഭീതിയില്‍; നഴ്‌സുമാര്‍ സമരത്തിലേക്ക്


മുമ്പൊരിക്കലും കാണാത്ത വിധം സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് പകര്‍ച്ചപ്പനി വ്യാപിക്കുകയാണ്. നിത്യേന പനി ബാധിച്ചവര്‍ മരിച്ചുകൊണ്ടിരിക്കുന്നു. ഇന്നലെ പന്ത്രണ്ട് പേരാണ് മരണപ്പെട്ടത്. സംസ്ഥാനത്തൊട്ടാകെ ഈ വര്‍ഷം ഇന്നലെ വരെ 122 പേര്‍ പനിബാധിച്ചു മരിച്ചു. 118,73 പേരാണ് ഇന്നലെ മാത്രം ചികിത്സതേടി സംസ്ഥാനത്തെ വിവിധ ആശുപത്രികളെ സമീപിച്ചത്. ഇതില്‍ 7000 പേര്‍ക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കാണിത്. സര്‍ക്കാര്‍ ആശുപത്രികളിലെ പരിമിതമായ സൗകര്യവും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും മതിയായ ചികിത്സ കിട്ടാത്തതിനാലും എത്രയോ പേര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. ഒരു പക്ഷേ സര്‍ക്കാര്‍ ആശുപ്രതിക്രളെ ആശ്രയിക്കുന്ന അത്രത്തോളം പനി ബാധിതര്‍ സ്വകാര്യ ആശുപത്രികളേയും സമീപിക്കുന്നുണ്ടാവണം. മിക്ക സ്വകാര്യ ആശുപത്രികളും പനിബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
വരാന്തകളില്‍ പോലും കിടക്കാനിടമില്ലാത്തതിനാല്‍ വീട്ടില്‍ പോയി വിശ്രമിക്കാനാണ് സ്വകാര്യ ആശുപത്രികളില്‍ നിന്നുപോലും രോഗികള്‍ക്ക് കിട്ടുന്ന മറുപടി. ഭീതിതമായ ഇത്തരമൊരു അവസ്ഥയുടെ അടിസ്ഥാനത്തിലാവണം സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല പറഞ്ഞിട്ടുണ്ടാവുക. ഈയൊരു ദുരിതാവസ്ഥ സംസ്ഥാനത്ത് ചൂഴ്ന്ന് നില്‍ക്കുമ്പോഴാണ് സ്വകാര്യ ആശുപത്രികളിലെ മുഴുവന്‍ നഴ്‌സുമാരും പണിമുടക്ക് സമരത്തിന് തയ്യാറെടുക്കുന്നത്. ഇന്ന് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങുകയാണ്. ന്യായമായ സേവന വേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഇവര്‍ സമരത്തിനിറങ്ങുന്നത്. തൃശൂര്‍ ജില്ലയില്‍ ഇന്ന് തുടങ്ങുന്ന സമരം ഒത്തുതീര്‍പ്പാവുന്നില്ലെങ്കില്‍ ഈ മാസം 27ന് ശേഷം സംസ്ഥാനത്തെ 160ഓളം വരുന്ന സ്വകാര്യ ആശുപത്രികളിലെ മുഴുവന്‍ നഴ്‌സുമാരും പണിമുടക്ക് സമരത്തിനിറങ്ങും. ഇതു സംബന്ധിച്ച് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ആശുപ്രതി മാനേജ്‌മെന്റുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് നല്‍കാത്ത ആശുപത്രികള്‍ക്ക് ഇന്ന് നോട്ടീസ് നല്‍കി പൂര്‍ത്തിയാക്കാനാണ് സംഘടനയുടെ തീരുമാനം.
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വമ്പിച്ച ചൂഷണത്തിനാണ് വിധേയമായിക്കൊണ്ടിരിക്കുന്നതെന്നത് നിസ്തര്‍ക്കമാണ്. ദിവസം രണ്ടും മൂന്നും ഷിഫ്റ്റുകളില്‍ കഠിനമായി ജോലി ചെയ്താലും തുച്ഛമായ വേതനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കുള്ള അതേ യോഗ്യതയും പരിചയവും ഉള്ള നഴ്‌സുമാരോട് പോലും സ്വകാര്യ ആശുപ്രതികള്‍ കടുത്ത വിവേചനമാണ് കാണിക്കുന്നത്. ഡോക്ടര്‍മാരുടെ ചികിത്സയേക്കാള്‍ രോഗികള്‍ക്ക് സാന്ത്വനമാകുന്നത് പലപ്പോഴും നഴ്‌സുമാരുടെ ആത്മാര്‍ഥമായ പരിചരണമാണ്. വന്‍കിട ആശുപത്രികള്‍ നിലനില്‍ക്കുന്നത് തന്നെ അവിടങ്ങളിലെ ഡോക്ടര്‍മാരുടെ ചികിത്സയേക്കാള്‍ നഴ്‌സുമാരുടെ സേവന നിരതമായ പ്രവര്‍ത്തനങ്ങളാലാണ്. എന്നാല്‍, ജീവിതച്ചെലവ് നിര്‍വഹിക്കാനുതകുന്ന വേതനം പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. വിദേശ രാജ്യങ്ങളിലാണെങ്കില്‍ നഴ്‌സുമാര്‍ക്ക് ജോലി സാധ്യതയും കുറഞ്ഞുകൊണ്ടിരിക്കുന്നു. പല വിദേശ രാജ്യങ്ങളിലേയും ആശുപത്രികളില്‍ നിന്നു നഴ്‌സുമാരെ കൂട്ടത്തോടെ പിരിച്ച് വിട്ടുകൊണ്ടിരിക്കുന്നു. സേവന വേതന പരിഷ്‌കരണത്തിനായി നിരവധി സമരങ്ങള്‍ നഴ്‌സുമാരുടെ സംഘടന സംസ്ഥാനത്ത് നടത്തുകയുണ്ടായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് നഴ്‌സുമാരുടെ സംഘടനകളുമായി കരാറുണ്ടാക്കിയത്. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ കരാര്‍ പരിഗണിച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്‌കരണം കടലാസില്‍ ഒതുങ്ങുകയാണ്. ജോലി സമയം എട്ടുമണിക്കൂറാക്കുക, സംഘടന സ്വാതന്ത്ര്യം അനുവദിക്കുക, സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് നല്‍കുന്ന വേതനത്തിന് തുല്യമായ വേതനം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് ഇന്ന് തൃശൂര്‍ ജില്ലയിലും തീരുമാനമായില്ലെങ്കില്‍ 27ന് ശേഷം സംസ്ഥാനമൊട്ടാകെയും 160ലേറെ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരത്തിനിറങ്ങുന്നത്. പനിച്ചുമരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനത്തെ ഭയാനകമായ ഒരു അവസ്ഥയായിരിക്കും ഇതുവഴി കാത്തിരിക്കുക. അതിനിടവരുത്താതെ നഴ്‌സുമാരുമായി ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കി സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.