2018 May 17 Thursday
അവനവന് ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും സത്യവിശ്വാസിയാവില്ല.
മുഹമ്മദ് നബി (സ)

സംസം ജലത്തിന്റെ ഗുണമേന്മ കാത്തുസൂക്ഷിക്കണം : സല്‍മാന്‍ രാജാവ്

നിസാര്‍ കലയത്ത്

ജിദ്ദ : തീര്‍ഥജലമായ സംസം വെള്ളത്തില്‍ വല്ലതും കൂട്ടിച്ചേര്‍ക്കുന്നുണ്ടോയെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഫോണില്‍ ബന്ധപ്പെട്ട് തന്നോട് ആരാഞ്ഞതായി ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് വെളിപ്പെടുത്തി.

സംസം വെള്ളത്തിന്റെ രുചിയില്‍ വ്യത്യാസമുള്ളതായി തോന്നുന്നു. സംസം വെള്ളത്തില്‍ നിങ്ങള്‍ വല്ലതും കൂട്ടിച്ചേര്‍ക്കുന്നുണ്ടോ? സംസം വെള്ളത്തിന്റെ ഗുണമേന്മ കാത്തുസൂക്ഷിക്കണം എന്നാണ് രാജാവ് ഫോണില്‍ ബന്ധപ്പെട്ട് പറഞ്ഞത്. ഇരു ഹറമുകളുടെയും പരിചരണവും തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതുമായും ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും രാജാവ് അതീവ ശ്രദ്ധാലുവാണ്.

സംസം വിതരണം വലിയ തോതില്‍ വികസിപ്പിക്കുന്നതിന് പദ്ധതിയുണ്ട്. വ്യത്യസ്ത വലിപ്പങ്ങളിലുള്ള സംസം ബോട്ടിലുകള്‍ പുറത്തിറക്കുകയും സൂചനാ നിരക്കില്‍ എല്ലാവര്‍ക്കും സംസം വെള്ളം എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യും.

കരിഞ്ചന്തയില്‍ സംസം വില്‍ക്കുന്ന പ്രവണതയും സംസം വെള്ളത്തില്‍ കൃത്രിമങ്ങള്‍ കാണിക്കുന്ന പ്രവണതയും അവസാനിപ്പിക്കുന്നതിനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇരു ഹറമുകളുടെയും സുരക്ഷക്ക് കോട്ടം തട്ടിക്കുന്ന ഒരു തരത്തിലുള്ള പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല. പ്രകടനങ്ങളും മാര്‍ച്ചുകളും വിലക്കും. ഹറമുകളില്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിനും അനുവദിക്കില്ല.

രാഷ്ട്രീയ കക്ഷികളില്‍പെട്ടവരും തീവ്രവാദ ഗ്രൂപ്പുകളില്‍പെട്ടവരും ഹറംകാര്യ വകുപ്പ് ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ ഇല്ലെന്നു ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.