2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

സംരക്ഷണമില്ലാതെ നെയ്യാറിലെ മാനുകള്‍

നെയ്യാര്‍ :   വേലി ചാടുന്ന മാനുകള്‍ . ചാടി എത്തുന്നത് ഏറെയും വേട്ടക്കാരുടെ അടുത്ത്. പിന്നെ കുറെ എണ്ണം കാട്ടില്‍. നെയ്യാറില്‍ ആരംഭിച്ച മാന്‍ പാര്‍ക്കിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. സഞ്ചാരികള്‍ക്ക് വേണ്ടി ഏറെ കൊട്ടി ഘോഷിക്കലോടെ തുടങ്ങിയ മാന്‍  പാര്‍ക്ക് അടച്ചു പൂട്ടാവുന്ന വക്കില്‍.           ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി 1994 ലാണ് നെയ്യാറില്‍ മാന്‍ പാര്‍ക്ക് തുടങ്ങുന്നത്. വനഭൂമിയില്‍ പ്രത്യേക സ്ഥം അളന്നു തിട്ടപ്പെടുത്തി കമ്പി വേലി സ്ഥാപിച്ച് തിരുവനന്തപുരം, ത്യശൂര്‍ മൃഗശാല എന്നിവിടങ്ങളില്‍ നിന്നും മാനുകളെ കൊണ്ടു വന്നാണ് സ്ഥാപിച്ചത്.  

സഞ്ചാരികളുടെ പ്രിയപ്പെട്ട  സങ്കേതമായി മാറി നെയ്യാറിനോട് തൊട്ടുരുമ്മി കിടക്കുന്ന മാന്‍ പാര്‍ക്ക്.  വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി ഇവിടേയ്ക്ക് ബസ് സര്‍വിസും നടത്തിയിരുന്നു വനം വകുപ്പ്. അതിനിടെ മാനുകള്‍ പ്രസവിച്ച് എണം കൂടി. ഇതോടെ മാനുകളെ ഉള്‍കൊള്ളാന്‍ കഴിയാത്ത നിലയായി.
അതിനിടെ സൂ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണങ്ങള്‍ പാര്‍ക്കിന് ഇടിത്തീയായി മാറി. അതോറിറ്റിയുടെ ചട്ടങ്ങള്‍ക്ക് അനുസ്യതമായി പാര്‍ക്ക് നവീകരിക്കേണ്ട നിലയിലായി വനം വകുപ്പ്.

എണം കുറയ്ക്കാന്‍ പൂര്‍ണ വന്ധ്യകരണം നടപ്പിലാക്കി വനം വകുപ്പ്. അതോടെ പ്രസവം നിന്നു. മാന്‍ പാര്‍ക്കിലേക്കുള്ള ഫണ്ട് വനം വകുപ്പ് കുറച്ചു. അതോടെ ഏതാണ്ട് നാശത്തിന്റെ വക്കിലായി മാറി.
അറ്റകുറ്റ പണികള്‍ നടത്താതിനെ തുടര്‍ന്ന്  നെയ്യാര്‍ അണക്കെട്ടിന്റെ ഒരു തുരുത്തില്‍ സ്ഥാപിച്ച പാര്‍ക്കിന്റെ  കമ്പിവേലി തകര്‍ന്നു. സമയത്തിന് ഭക്ഷണം കിട്ടാതെ മാനുകള്‍ ഗതികെട്ട നിലയിലുമായി.

തുടര്‍ന്നാണ്  മാനുകള്‍ കമ്പിവേലി വഴി  പുറത്തേയ്ക്ക് ചാടാന്‍ തുടങ്ങിയത്.  ഇതിനിടെ  ചില മാന്‍ സ്‌നേഹികള്‍  തകര്‍ന്നു കിടന്ന വേലി പൂര്‍ണമായും ഇല്ലാതാക്കിയതോടെ  അവരുടെ തടവുചാടല്‍ എളുപ്പമായി. തടവുചാടുന്ന മാനുകള്‍ വേട്ടക്കാര്‍ ഇരയാക്കും.
അവര്‍ ഇറച്ചിയാക്കി വില്‍ക്കും. ചിലത് നെയ്യാര്‍ കാട്ടിലേക്ക് കയറും. ഒരിക്കലും തിരിച്ചുവരാത്ത പോക്കാണ് മാനുകള്‍ നടത്തുന്നത്.
ഇതിനകത്ത് എത്ര മാനുകള്‍ ഉണ്ടെന്ന വിവരം വനം വകുപ്പിന് അറിയില്ല. പേരിന് മാത്രം നടത്തുന്ന  പരിചരണവും കാവലും.
അതിനിടെ  വിവിധ മൃഗശാലകളിലുള്ള വിവിധയിനം മാനുകളെ ഇവിടേയ്ക്ക് കൊണ്ടുവരാനാനും പാര്‍ക്ക് നവീകരിക്കാനും ശ്രമം നടത്തിയിരുന്നു.  മൃശാലകളില്‍ എണം പെരുകിയ മാനുകളെ പുനരധിവസിപ്പിക്കാനും കൂടിയുള്ളതാണ് ഈ പദ്ധതി.

 മാനുകളെ സഞ്ചാരികള്‍ക്ക് കണ്‍കുളിര്‍ക്കെ കാണാനായി വിന്യസിക്കാനും പരിപാടിയിട്ടിരുന്നു. മാന്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന തുരുത്തില്‍ നാടന്‍ ഭക്ഷണശാല ഒരുക്കാനുള്ള ആലോചനയും നടത്തി.  വ്യത്തിയുള്ള ഭക്ഷണം നല്‍കുന്നതോടൊപ്പം മാനുകളെ കാണാനുള്ള സൗകര്യം കൂടിയാകുമ്പോള്‍ സഞ്ചാരികള്‍ ധാരാളമായി എത്തുമെന്ന് കണക്കുകൂട്ടിയിരുന്നു.
ഇപ്പോള്‍  അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന  ഒന്നാണ് മാന്‍പാര്‍ക്ക് . അതാണ് വനം വകുപ്പിന്റെ ലക്ഷ്യവും. അതോടെ തകരുന്നത് നെയ്യാറിലെ ഒരു ടൂറിസം പദ്ധതിയാണ്        


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.