2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സംയോജനം വകുപ്പുകളുടെ നാശത്തിനിടയാക്കും

സമീര്‍ വി.പി

 

പ്രധാന വകുപ്പുകളായ പഞ്ചായത്ത്, നഗരകാര്യം, നഗരാസൂത്രണം, ഗ്രാമവികസനം, തദ്ദേശ സ്വയംഭരണ എന്‍ജിനിയറിങ് സര്‍വീസ്, മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസ് എന്നീ വകുപ്പുകള്‍ സംയോജിപ്പിച്ചു ‘തദ്ദേശ സ്വയംഭരണ പൊതു സര്‍വീസ്’ എന്നൊരു ഏകീകൃത വകുപ്പാക്കി മാറ്റുന്നതിനുള്ള നീക്കവുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. കൂടിയാലോചനയോ ഗൃഹപാഠമോ കൂടാതെയുള്ള സര്‍ക്കാരിന്റെ അമിതാവേശം ഈ വകുപ്പുകളുടെ സമൂലനാശത്തിന് ഇടയാക്കും. തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് രൂപീകരണവുമായി ബന്ധപ്പെട്ടു കേരള എല്‍.എസ്.ജി.ഐ കമ്മീഷന് രൂപം നല്‍കിയിരുന്നു. വകുപ്പുകളുടെ ഏകീകരണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ രൂപം നല്‍കിയ കരട് ചട്ടങ്ങള്‍ പുറത്തുവന്നതോടെ ജീവനക്കാര്‍ കടുത്ത ആശങ്കയിലാണ്.
വ്യത്യസ്ത ശമ്പള സ്‌കെയിലുകള്‍ നിലവിലുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാരെ ഒന്നിച്ച് ചേര്‍ക്കുന്നത് കോടതി വ്യവഹാരങ്ങള്‍ക്ക് ഇടയാക്കും. 1994ല്‍ പഞ്ചായത്ത് വകുപ്പും പഞ്ചായത്ത് കോമണ്‍ സര്‍വീസും ഏകീകരിച്ചതിന്റെ ഭാഗമായുള്ള സീനിയോറിറ്റി തര്‍ക്കങ്ങള്‍ ഇപ്പോഴും നീതിപീഠത്തിന് മുന്നിലാണ്. എല്‍.എസ്.ജി.ഡി എന്‍ജിനിയറിങ് വിങും മുനിസിപ്പല്‍ കോമണ്‍സര്‍വീസിലെ ഓവര്‍സിയര്‍മാരെയും തമ്മില്‍ ഏകീകരിച്ചപ്പോഴും സമാനമായി സീനിയോറിറ്റിയും പ്രമോഷനുകളും തടയപ്പെടുന്ന സാഹചര്യം ഉണ്ടായി.
വകുപ്പ് സംയോജനവുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ ആദ്യം എല്ലാ വകുപ്പുകളേയും സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍, സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ഈ ആവശ്യം ധനവകുപ്പ് തള്ളിയിരിക്കുകയാണ്. മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ജീവനക്കാരെ സ്‌റ്റേറ്റ് സര്‍വീസിലും സബോര്‍ഡിനേറ്റ് സര്‍വീസിലും ഉള്‍പ്പെടുത്തേണ്ടതാണ്.
വകുപ്പ് സംയോജനം പ്രാബല്യത്തിലാകുന്നതോടെ അഞ്ച് വകുപ്പുകള്‍ക്കും ട്രഷറിയില്‍ നിന്നു ശമ്പളം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്ത് ജീവനക്കാര്‍ക്ക് പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും, മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ജീവനക്കാര്‍ക്ക് മുനിസിപ്പാലിറ്റിയുടെ ഫണ്ടില്‍ നിന്നുമാണ് ശമ്പളാനുകൂല്യവും പെന്‍ഷനും നല്‍കി വരുന്നത്. മറ്റ് വകുപ്പുകള്‍ക്ക് ശമ്പളമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നു ലഭിച്ച് വരുന്നു.
ഒരേ ഓഫിസില്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവരും ട്രഷറിയില്‍ നിന്നു ശമ്പളം വാങ്ങുന്നവരും തനത് ഫണ്ടില്‍ നിന്നു വാങ്ങുന്നവരും ജോലി ചെയ്യുന്നത് മൂലം ഒരിക്കലും തീരാത്ത സര്‍വീസ് പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തും.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പല്‍ സെക്രട്ടറി, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ തസ്തികയിലേക്ക് 50 ശതമാനം നേരിട്ട് നിയമനം നിര്‍ദേശിച്ചിരിക്കുന്നു. നേരിട്ട് നിയമനം അവസാനിപ്പിക്കുന്നതിനുള്ള കാരണങ്ങള്‍ നിരവധിയുണ്ടെന്നിരിക്കെ ഇനിയും നേരിട്ട് നിയമനം വേണമെന്ന നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ല. കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിലേക്ക് 10% പ്രമോഷന്‍ നീക്കി വയ്ക്കുന്നതോടെ വകുപ്പില്‍ നിന്നുള്ള പ്രമോഷന്‍ 60% വരികയും പ്രമോഷന്‍ പൂര്‍ണമായി ഇല്ലാതാവുകയും ചെയ്യും. വകുപ്പില്‍ കനത്ത സ്റ്റാഗ്‌നേഷന് ഇത് കാരണമാകും എന്നതില്‍ തര്‍ക്കമില്ല. കെ.എ.എസിലേക്ക് മാറ്റിവയ്‌ക്കേണ്ട സെക്കന്റ് ഗസറ്റഡ് തസ്തികകളുടെ 10% കരട് നിര്‍ദേശത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല.
മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഓഫിസ് അറ്റന്‍ഡര്‍മാര്‍ക്ക് അനുവദിച്ച പത്ത് ശതമാനം പ്രമോഷന്‍ പൂര്‍ണമായും അട്ടിമറിക്കപ്പെടും. കരട് നിര്‍ദേശ പ്രകാരം വിവിധ വകുപ്പുകളിലായി നിര്‍വചിക്കപ്പെട്ട 6597 ക്ലാര്‍ക്ക് തസ്തികകളുടെ 10% പ്രകാരം 659 തസ്തികകള്‍ പ്രമോഷന് ലഭ്യമാകേണ്ടതാണെങ്കിലും നിലവിലുള്ള കരട് നിര്‍ദേശ പ്രകാരം 241 തസ്തികകളിലേക്ക് മാത്രമേ പ്രമോഷന്‍ ലഭിക്കുകയുള്ളൂ.
ഏകീകരണത്തിന്റെ ഭാഗമായി ഓരോ ഓഫിസിലും ആറിലധികം ക്ലാര്‍ക്ക്മാര്‍ ഉണ്ടാവും. ഓരോ പഞ്ചായത്തിലും പുതിയ ജൂനിയര്‍ സൂപ്രണ്ട് തസ്തിക സൃഷ്ടിക്കേണ്ടി വരും.
ഇരുപതിനായിരത്തിനു മുകളില്‍ വരുന്ന ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്ന സമയത്ത് അവരുടെ ശമ്പളം, ചാര്‍ജ് അലവന്‍സുകള്‍, ട്രൈനിങ്ങിനു ചെലവാകുന്ന തുക എന്നിങ്ങനെ 600 കോടി രൂപയോളം ചെലവഴിക്കേണ്ടി വരും.
പഞ്ചായത്ത് സെക്രട്ടറി തസ്തിക ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ തസ്തികക്ക് സമാനമായാണ് നിലവിലുള്ളത്. കരട് നിര്‍ദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറിയെ രണ്ട് സ്ഥാനം താഴേക്ക് തരംതാഴ്ത്തിയിരിക്കുന്നു. ക്ലാര്‍ക്ക് തസ്തികക്ക് മുകളില്‍ ശമ്പള സ്‌കേലുള്ള വി.ഇ.ഒ മാരെ ഒരു സ്ഥാനം തരംതാഴ്ത്തിയിരിക്കുന്നു. സമാനമായി മറ്റ് ചില കാറ്റഗറികളേയും തരംതാഴ്ത്തിയത് പുനപ്പരിശോധിക്കേണ്ടതാണ്.
വകുപ്പ് ഏകീകരണത്തിന്റെ ഇരകളായി അറുപത് ശതമാനത്തിലധികം പഞ്ചായത്ത് ജീവനക്കാരാണ്. വകുപ്പിലെ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പോലും പരിഗണിക്കപ്പെട്ടിട്ടില്ല.അക്കൗണ്ടന്റ് അസിസ്റ്റന്റ് സെക്രട്ടറി തസ്തികകള്‍ 2009ലും 2011ലും എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നിലവില്‍ വന്നെങ്കിലും പഞ്ചായത്ത് സബോര്‍ഡിനേറ്റ് സ്‌പെഷ്യല്‍ റൂളില്‍ ഉള്‍പ്പെടാത്തതിനാല്‍ കരട് നിര്‍ദേശങ്ങളില്‍ ഈ വിഭാഗങ്ങളെ പരിഗണിച്ചിട്ടില്ല.
സ്‌പെഷ്യല്‍ സെക്രട്ടറിമാരുടെ സാഹചര്യവും വ്യത്യസ്തമല്ല. പഞ്ചായത്തുകളിലെ സാനിറ്ററി ഇന്‍സ്‌പെക്റ്റര്‍മാരെ സര്‍ക്കാര്‍ ഉത്തരവും ഹൈക്കോടതി ഉത്തരവും ഉണ്ടായിട്ടും മറ്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍മാര്‍ക്ക് സമാനമാക്കിയിട്ടില്ല.
സംയോജനം നടത്തുന്നത് കൊണ്ട് സര്‍ക്കാരിനോ ജനങ്ങള്‍ക്കോ ജീവനക്കാര്‍ക്കോ സമൂഹത്തിനോ എന്ത് പ്രയോജനം എന്നുള്ള വിവിധ കോണില്‍ നിന്നുവരുന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനും വകുപ്പ് സംയോജനത്തിന്റെ വക്താക്കള്‍ക്കും ബാധ്യതയുണ്ട്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.